ടാറ്റയുടെ ഫ്യൂസൂരാൻ വിൻഫാസ്റ്റ്, ഇന്ത്യക്കായി ആദ്യം പുറത്തിറക്കാൻ പോവുന്നത് രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾ
ഇന്ത്യയിലെ ഇലക്ട്രിക് വാഹന (EV) വിപണിയിലേക്ക് കടന്നുവരാനുള്ള തയാറെടുപ്പിലാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതുവരെ കാറുകളൊന്നും വിപണിയിൽ എത്തിയില്ലല്ലോയെന്ന് ആലോചിക്കുന്നവരായിരിക്കും മിക്കവരും. വൈദ്യുത വാഹനങ്ങൾ (Electric Vehicles) നിർമിക്കാനായി രാജ്യത്ത് 16,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിൻഫാസ്റ്റ് നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ വലിയ ഫാക്‌ടറിയുടെ ഉദ്ഘാടനവും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഏത് മോഡലായിരിക്കും ആദ്യം ഇന്ത്യയിലേക്ക് എത്തുക എന്നതിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇലക്ട്രിക് കാർ (Electric Car) സ്നേഹികൾ.
പുതിയ റിപ്പോർട്ടുകൾ പ്രകാരം വിൻഫാസ്റ്റ് ഇന്ത്യക്കായി ആദ്യം പുറത്തിറക്കാൻ പോവുന്ന കാർ VF5 ഇലക്ട്രിക് എസ്‌യുവിയായിരിക്കും എന്നൊരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്തായാലും വാർത്ത അടിസ്ഥാന രഹിതമാണെന്ന് കമ്പനി പ്രഖ്യാപിച്ചതോടൊപ്പം ഏതായാരിക്കും ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ കാറുകൾ എന്ന വ്യക്തമായ സ്ഥിരീകരണവും വിയറ്റ്നാമീസ് ബ്രാൻഡ് നൽകിയിട്ടുണ്ട്.

VF6, VF7 പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായിരിക്കും വിൻഫാസ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുക. തദ്ദേശീയമായി അസംബിൾ ചെയ്‌തായിരിക്കും VF 6, VF 7 എസ്‌യുവികൾ അവതരിപ്പിക്കുക. ഇതിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിറ്റാര, മഹീന്ദ്ര BE 6, ടാറ്റ കർവ് ഇവി എന്നിവയോട് മുട്ടാനാണ് VF 6 ഇവിയുമായി കമ്പനി ശ്രമിക്കുക.
പിന്നീടായിരിക്കും മെയ്‌ഡ് ഇൻ ഇന്ത്യ (Made-in-India) ഇലക്ട്രിക് കാറുകൾ (EV) ആഭ്യന്തര വിപണിയിൽ വിൻഫാസ്റ്റ് (VinFast) പുറത്തിറക്കുക. തമിഴ്‌നാട്ടിലെ സില്ലനാഥത്തിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിനുള്ളിലാണ് വിൻഫാസ്റ്റിന്റെ തൂത്തുക്കുടി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഭാവിയിൽ ഇവിടം കയറ്റുമതി നിർമാണത്തിനും ഉപയോഗപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തൂത്തുക്കുടി തുറമുഖത്തിന്റെ സാമീപ്യമാണ് വിൻഫാസ്റ്റിനെ ഈ സൗകര്യത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. പ്ലാന്റിന് 1.50 ലക്ഷം യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിർണായകമായ ഒരു ഘട്ടത്തിലാണ് വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രാജ്യം ഇലക്ട്രിക് വാഹന മേഖലയിൽ കടുത്ത മത്സരമാണ് നേരിടുന്നത്.
തദ്ദേശീയരും അല്ലാത്തവരുമായ നിരവധി നിർമാതാക്കൾ പുതിയ വൈദ്യുത കാറുകൾ പുറത്തിറക്കി പണംവാരുകയാണിപ്പോൾ. എന്നിരുന്നാലും ഇന്ത്യക്കായി ആദ്യം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന VF6, VF7 ഇവികൾ എത്രത്തോളം ഇംപാക്‌ട് നേടിയെടുക്കുമെന്നത് കണ്ടറിയണം. ടാറ്റ പഞ്ച് ഇവി പോലുള്ള വമ്പൻമാരോട് മത്സരിക്കാൻ കഴിവുള്ള ക്രോസ്ഓവർ ഇവിയായ VF5 ആയിരുന്നെങ്കിൽ വിൻഫാസ്റ്റിന് വിജയം സുനിശ്ചിതമായിരുന്നു.

സിംഗിൾ ചാർജിൽ 326 കിലോമീറ്റർ NEDC ശ്രേണി അവകാശപ്പെടുന്ന 37.23 kWh ബാറ്ററി പായ്ക്കുമായാണ് വിൻഫാസ്റ്റ് VF5 വരുന്നത്. വെറും 34 മിനിറ്റിനുള്ളിൽ 10-70 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 136 bhp പവറിൽ പരമാവധി 135 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന വാഹനത്തിന് 10.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണെന്നും വിൻഫാസ്റ്റ് അവകാശപ്പെടുന്നുണ്ട്.
VF5 ഇലക്ട്രിക് എസ്‌യുവിക്ക് ഒരു അവബോധജന്യമായ ക്യാബിൻ ഡിസൈനും നിരവധി സവിശേഷതകളും ലഭിക്കും. ഇന്റീരിയറിന് ഡാർക്ക് തീമാവും ഉപയോഗിക്കുക. കൂടാതെ ഫീച്ചർ ലിസ്റ്റിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പിഎം 2.5 എയർ പ്യൂരിഫയർ എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








