എല്ലാവരും ഇവി വാങ്ങും, എക്‌സ്പോയിൽ സ്റ്റാറായി 210 കി.മീ. റേഞ്ചുള്ള 2-ഡോർ മിനി ഇലക്‌ട്രിക് എസ്‌യുവി
ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിക്കും (MG Motor) ടാറ്റയ്ക്കും (Tata Motors) വെല്ലുവിളിയാവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിയറ്റ്‌നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിച്ച് ഇന്ത്യക്കാരുടെ മനംകവരാണ് ബ്രാൻഡിന്റെ പദ്ധതി. ഇതിനോടകം രാജ്യത്ത് 16,000 കോടിയോളം രൂപയുടെ നിക്ഷേപം നടത്തി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി ആരംഭിക്കുകയും ചെയ്‌തിരുന്നു. നിർമാണ പ്ലാന്റിന് ഒരു വർഷം 1,50,000 വാഹനങ്ങൾ വരെ നിർമിക്കാനുള്ള ശേഷിയുണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്.
2017-ൽ പ്രവർത്തനം ആരംഭിച്ച വിയറ്റ്നാമീസ് ബ്രാൻഡ് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിലെ വൈദഗ്ധ്യം ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹനമേളയായ ഓട്ടോ എക്സ്പോയുടെ 2025 പതിപ്പിൽ വരാനിരിക്കുന്ന എല്ലാ ഇവികളെയും പ്രദർശിപ്പിച്ച് വിൻഫാസ്റ്റ് മനംകവരുകയാണ്. ഇതിൽ എല്ലാവരുടേയും കണ്ണെത്തുന്നത് ബ്രാൻഡ് നിരയിലെ ഏറ്റവും ചെറിയ മോഡലായ VF 3 ഇവിയിലേക്കാണ്.

നിലവിലെ സാഹചര്യത്തിൽ ശരിക്കും ഇന്ത്യൻ നിരത്തുകൾക്ക് പറ്റിയ വാഹനമാണ് VF3 ഇവി. കോമെറ്റിലൂടെ ആളുകളുടെ മനോഭാവമെല്ലാം മാറിയെന്ന് മനസിലായതോടെ കോംപാക്‌ട് ഇലക്ട്രിക് കാറുകൾക്ക് നല്ല സാധ്യതകളാണുള്ളത്. 3,190 mm നീളവും 1,679 mm വീതിയും 1,622 mm ഉയരവും 2,075 mm വീൽബേസുമുള്ള ഒരു കോംപാക്റ്റ് ടു-ഡോർ, 4 സീറ്റർ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമാണ് VF 3.
ചെറിയ വലിപ്പമായിരുന്നിട്ടും വിൻഫാസ്റ്റ് ഇതിനെ ഒരു മിനി എസ്‌യുവി എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്. ഒരു റെട്രോ-പ്രചോദിത ഡിസൈനുമായി പണികഴിപ്പിച്ചിരിക്കുന്ന VF 3 ഇവി നിരത്തുകൾക്ക് രസക്കാഴ്ച്ചയായിരിക്കും. ബോക്‌സി രൂപവും 191 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 16 ഇഞ്ച് എയറോഡൈനാമിക്കലി ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകളുമെല്ലാം മോഡലിന് നന്നായി ഇണങ്ങുന്നുണ്ടെന്ന് വേണം പറയാൻ.

എൽഇഡി ഹെഡ്‌ലാമ്പുകളും ചതുരാകൃതിയിലുള്ള ORVM-കളും ചേർന്ന് മുൻവശത്തിന് ഒരു പ്രത്യേക അഴകാണ് ലഭിക്കുന്നത്. ദീർഘചതുരാകൃതിയിലുള്ള ക്ലോസ്‌ഡ് ഗ്രില്ലും വീൽ ആർച്ചുകളുമെല്ലാം പരുക്കൻ രൂപമാണ് സമ്മാനിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകളോടെയാണ് VF 3 വരുന്നത്.
ഇന്റീരിയർ മിനിമലിസ്റ്റിക് ഡിസൈനാണ് പിന്തുടർന്നിരിക്കുന്നത്. ടൂ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇരുവശത്തും ലംബമായി അടുക്കിയിരിക്കുന്ന എസി വെന്റുകളും യെല്ലോ നിറത്തിലുള്ള ഹൈലൈറ്റുകൾ ഉപയോഗിച്ച് ആകർഷകമാക്കുന്നു. ക്രൂയിസ് കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. ബൂട്ട് സ്‌പെയ്‌സ് 285 ലിറ്ററായി വികസിപ്പിക്കുന്നതിന് റിയർ സീറ്റിന് സ്പ്ലിറ്റ് സെറ്റപ്പും ലഭിക്കും.

സേഫ്റ്റിയിലേക്ക് നോക്കിയാൽ ഒന്നിലധികം എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബുഷനുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും വിൻഫാസ്റ്റിന്റെ VF 3 മിനി എസ്‌യുവിയിലുണ്ടാവും. 18.64 kWh ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന മോഡലിന് റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന 32 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വാഹനത്തിന് 43.5 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5.3 സെക്കൻഡിനുള്ളിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും വിൻഫാസ്റ്റ് VF 3 ഇവിക്കാവും. സിറ്റി കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 210 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, വെറും 36 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 70 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








