പോളോ റിട്ടേൺസ്? പുതിയ ഫോക്‌സ്‌വാഗൺ ഹാച്ച്ബാക്ക് വരുന്നു... ബുക്കിംഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം
ഫോക്‌സ്‌വാഗണിനെ ഇന്ത്യയിൽ ഹിറ്റാക്കിയത് പോളോയെന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ്. അഡാറ് പെർഫോമൻസും ഒന്നാന്തരം നിർമാണ നിലവാരവുമെല്ലാമായി കളംനിറഞ്ഞ വണ്ടിയുടെ പടിയിറക്കം ഏറെ വേദനകൾ നിറഞ്ഞതായിരുന്നു. തുലുമറ മാറ്റമോ മറ്റ് കാര്യമായ പരിഷ്ക്കാരങ്ങളോ നൽകാതെ ജർമൻ ബ്രാൻഡ് തന്നെയാണ് പോളോയെ ഇല്ലാതാക്കിയതെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിലും പോളോയ്ക്ക് ആവശ്യക്കാർ ഏറെയാണുള്ളത്. എങ്കിലും ഉയർന്ന മെയിന്റനെൻസ് കോസ്റ്റ് കാരണം എവിടെയോ ചീത്തപ്പേര് കേൾപ്പിക്കാനും ഇടയായിരുന്നു. എന്നിട്ടും ചിലരൊക്ക പോളോയെ അത്രയധികം സ്നേഹിച്ചിരുന്നു.
പോളോയ്ക്ക് പകരക്കാരനെ കമ്പനി കൊണ്ടുവന്നില്ലെങ്കിലും ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എത്തിയ ടൈഗൂണിനെയും വെർട്ടിസിനെയും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എങ്കിലും പുതുതലമുറ ആവർത്തനത്തിൽ പോളോയെ കാണാൻ ഇന്നും ആഗ്രഹിക്കുന്നവരാണ് ഫാൻസ്. അത്തരക്കാരെ തൃപ്ത്തിപ്പെടുത്താനായി പുത്തനൊരു ഹാച്ച്ബാക്ക് മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.

പക്ഷേ സാധാരണക്കാരന്റെ പോക്കറ്റിൽ ഒന്നും ഒതുങ്ങില്ലാത്തൊരു കാറാണ് കമ്പനി പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആ മോഡലിനായുള്ള ബുക്കിംഗ് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ പോവുകയാണെന്നും ജർമൻ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറച്ച് കാലമായി കേൾക്കുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന തട്ടുപൊളിപ്പൻ ഹാച്ച്ബാക്കാണ് ഇത്തവണ ഇന്ത്യയിലേക്ക് വരുന്നത്.
2025 മെയ് അഞ്ചിന് ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു. ഗോൾഫ് ജിടിഐ Mk 8.5 എന്നറിയപ്പെടുന്ന ഏറ്റവും പുതിയ മോഡൽ പരിമിതമായ എണ്ണത്തിൽ മാത്രമാവും ഇന്ത്യക്കാർക്ക് വാങ്ങാനാവുക. പൂർണമായും വിദേശത്ത് നിർമിച്ചാവും കാറിനെ വിപണനത്തിന് എത്തിക്കുകയെന്നതിനാൽ നല്ല വിലയായിരിക്കും കൊടുക്കേണ്ടി വരിക.

2025 ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകൾ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഓൺലൈനിലോ പരിമിതമായ കാലയളവിലേക്ക് ആരംഭിക്കും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് വാഹനങ്ങൾ അനുവദിക്കുക. തുടർന്ന് അടുത്ത മാസം ആദ്യം തന്നെ ഉപഭോക്തൃ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കാം. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹോട്ട്ഹാച്ചിന്റെ ഹൃദയം.
സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DSG) ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 265 bhp പവറിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനാവും. അതേസമയം ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിന്റെ ടോപ്പ് സ്പീഡ് 250 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് നിരവധി കോസ്മെറ്റിക്, ഇന്റീരിയർ മെച്ചപ്പെടുത്തലുകളുമായാണ് ഗോൾഫ് ജിടിഐ വരുന്നത്. ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുള്ള 3D എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, മുൻവാതിലുകളിൽ GTI ബാഡ്ജിംഗ്, ഫൈവ് സ്‌പോക്ക് അലോയ് വീലുകൾ, കോൺട്രാസ്റ്റ് റെഡ് ബ്രേക്ക് കാലിപ്പറുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയർ ഡിസൈനിലെ ചില ഹൈലൈറ്റുകൾ.
വോയ്‌സ് കമാൻഡുകൾക്കായി ചാറ്റ് GPT ഇന്റഗ്രേഷനുള്ള 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജിടിഐ സ്‌പെക്ക് ഇൻസ്ട്രുമെന്റ് കൺസോൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, പവർഡ്, വെന്റിലേറ്റഡ് സീറ്റുകൾ, സ്‌പോർട്ടി റെഡ് ഇൻസേർട്ടുകൾ തുടങ്ങിയവയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പെർഫോമൻസ് ഹാച്ച്ബാക്കിനകത്തെ പ്രധാന ഫീച്ചറുകൾ.

ഫ്രണ്ട് ആക്സിൽ ഡിഫറൻഷ്യൽ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ ഗോൾഫ് ജിടിഐയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി വിപണിയിലെത്തുന്ന മോഡലിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില 50 ലക്ഷം രൂപയിൽ കൂടുതലായിരിക്കും. ഒരു ഹാച്ച്ബാക്കിന് ഇത്രയും വില മുടക്കേണ്ടതായി വരുമോയെന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ തെറ്റി.
ഇതൊരു സാധാരണ കാറല്ലെന്ന വിവരം മനസിൽ ഓർമിച്ചുകൊണ്ടേ വാഹനത്തെ കണ്ടാൽ സംഭവത്തിന് ഉത്തരമാവും. മുമ്പ് 2016-ൽ കമ്പനിപോളോ ജിടിഐ ഇത്തരത്തിൽ ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ വലിയ വിജയമായിരുന്നു. മോളിവുഡിലെ വണ്ടിഭ്രാന്തനായ മമ്മൂട്ടി വരെ ഇതിൽ ഒന്ന് സ്വന്തമാക്കിയിരുന്നു. ഇതേവിജയം ആവർത്തിക്കാൻ ഗോൾഫിനും സാധിക്കുമെന്നാണ് മൊത്തത്തിലുള്ള കണക്കുകൂട്ടൽ.
വില കൂടുതലായിരിക്കുമെങ്കിലും ആളുകൾക്കെല്ലാം ഫോക്‌സ്‌വാഗൺ കാറുകളോട് പ്രത്യേക ആരാധന തന്നെയാണുള്ളത്. അതിനാൽ രാജ്യത്തേക്ക് കൊണ്ടുവരുന്ന പരിമിതമായ അളവിലുള്ള യൂണിറ്റുകൾ ചൂടപ്പം പോലെ വിറ്റഴിക്കാനും ജർമൻ വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കുമെന്നുമാണ് അനുമാനം. ദൈനംദിന ഉപയോഗക്ഷമതയും ടർബോചാർജ്ഡ് ഡ്രൈവിംഗ് അനുഭവവും സമന്വയിപ്പിക്കുന്ന കാറാണിതെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
സമാനമായ രീതിയിൽ അടുത്തിടെ ടിഗുവാൻ R-ലൈൻ എസ്‌യുവിയും ഫോക്‌സ്‌വാഗൺ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 49 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയിരുന്നത്. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്‌തിരിക്കുന്ന ടിഗുവാൻ ജർമൻ വാഹന നിർമാതാക്കളുടെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സ്ഥാനംപിടിച്ചിരിക്കുന്നതും.
സ്റ്റാൻഡേർഡ് ടിഗുവാനുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി കോസ്മെറ്റിക് മാറ്റങ്ങളും ഇതിലുണ്ട് കേട്ടോ. R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും. കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്.
ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും. ടിഗുവാൻ R-ലൈൻ പുതുക്കിയ MQB ഇവോ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റർ, ടിവിഎസ് EVO പെട്രോൾ എഞ്ചിനാണ് ഈ പ്രീമിയം എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന വാഹനം 201 bhp പവറിൽ 320 Nm torque വരെ നൽകും.
ഓൾ വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിയിലുണ്ടെന്നതിനാൽ ഏത് സാഹചര്യത്തെ നേരിടാനും ആശാൻ പുലിയാണ്. വെഹിക്കിൾ ഡൈനാമിക്സ് മാനേജർ (VDM) സിസ്റ്റത്തോടുകൂടിയ ട്വിൻ-വാൽവ് വേരിയബിൾ ഡാംപറുകളും ഇതിലുണ്ട്. ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളുമായിട്ടാണ് ടിഗുവാൻ R-ലൈൻ മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








