ടിയാഗോ ഇവിയുടെ വരെ ഫ്യൂസ് ഊരും, 250 കി.മീ. റേഞ്ചുള്ള ഫോക്‌സ്‌വാഗന്റെ കുഞ്ഞൻ ഇലക്‌ട്രിക് കാർ വരുന്നു
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ സെഗ്മെന്റിൽ ടാറ്റയും എംജിയും കട്ടയ്ക്ക് മത്സരിക്കുമ്പോൾ കൊതിയോടെ നോക്കിനിൽക്കുന്ന കൊലകൊമ്പൻമാരും ഗ്യാലറിയിലുണ്ട്. അതിൽ ഒരാളാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen). രാജ്യാന്തര തലത്തിൽ ഇവികളിലൂടെ വെന്നിക്കൊടി പാറിക്കുന്ന ബ്രാൻഡ് നമ്മുടെ രാജ്യത്തെ വൈദ്യുത വാഹന വിഭാഗത്തിലേക്ക് വന്നാൽ എന്താവും സ്ഥിതിയെന്ന് ഊഹിക്കാനാവുന്നതല്ലേയുള്ളൂ. പോളോയിലൂടെ വിപ്ലവം തീർത്ത ബ്രാൻഡ് നിലവിൽ ടൈഗൂൺ, വെർട്ടിസ്, ടിഗുവാൻ തുടങ്ങിയ മൂന്ന് കാറുകളിലൂടെയാണ് രാജ്യത്ത് പിടിച്ചുനിൽക്കുന്നത്. അധികം വൈകാതെ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഫോക്‌സ്‌വാഗൺ നിർബന്ധിതരായേക്കും.
അങ്ങനെയെങ്കിൽ അന്ന് അവതരിപ്പിക്കാൻ ആവനാഴിയിൽ എന്തെങ്കിലും ഇപ്പോഴേ കരുതിവെക്കേണ്ടതുണ്ടെന്ന് ഫോക്‌സ്‌വാഗണ് നന്നായി അറിയാം. ഇലക്ട്രിക് കാറുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിൽ ഫോക്‌സ്‌വാഗൺ ഒരു അഭിലാഷകരമായ ചുവടുവെപ്പ് നടത്തുകയാണിപ്പോൾ. അതിന്റെ ഭാഗമായി ഐഡി എവരിവൺ (ID. EVERY1) എന്നൊരു കൺസെപ്റ്റ് കാറിനെയും കമ്പനി അടുത്തിടെ പ്രദർശിപ്പിക്കുകയാണ്ടായി.

2027-ൽ 20,000 യൂറോ (18.95 ലക്ഷം രൂപ) പ്രാരംഭ വിലയിൽ വിപണിയിലെത്താൻ പോകുന്ന ഒരു കോംപാക്റ്റ് ഇവിക്കാണ് ഈ കൺസെപ്റ്റ് രൂപം നൽകിയിരിക്കുന്നത്. യൂറോപ്പിൽ കമ്പനിയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായിരിക്കും എവരിവൺ. ഫോക്‌സ്‌വാഗന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അർബൻ ഇവി കുടുംബത്തിലെ ID മോഡലുകൾക്കൊപ്പം വിലസാൻ പാകത്തിനാണ് ഈ കുഞ്ഞൻ ഇവിയെ പണികഴിപ്പിക്കുക. ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ പുതിയ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് (MEB) പ്ലാറ്റ്‌ഫോമിലാണ് എവരിവൺ നിർമിക്കുക.
ID 2 ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ആർക്കിടെക്ച്ചറായതിനാൽ തന്നെ നിർമാണ, വികസന പ്രവർത്തനങ്ങൾ എളുപ്പമായിരിക്കും. ഇന്റീരിയർ സ്‌പേസ് കാര്യക്ഷമതയ്ക്കാണ് ഈ പ്ലാറ്റ്‌ഫോം മുൻഗണന നൽകുന്നത്. അരങ്ങേറ്റം കുറിച്ചിരിക്കുന്ന കൺസെപ്റ്റ് കാറിലും ഇത് കാണാനാവും. 95 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എവരിവൺ ഇവിക്ക് തുടിപ്പേകാൻ എത്തുക.

ഇത് സിംഗിൾ ചാർജിൽ കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് എങ്കിലും വാഗ്‌ദാനം ചെയ്യുകയും ചെയ്യും. അതേസമയം ഇവിയുടെ ടോപ്പ് സ്പീഡ് 130 കിലോമീറ്ററായിരിക്കുമെന്ന സൂചനയും ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു സൂചന നൽകിയിട്ടുണ്ട്. 3,880 മില്ലീമീറ്റർ നീളമുള്ള ഇത് ഫോക്‌സ്‌വാഗന്റെ മുൻ കോംപാക്റ്റ് മോഡലുകളായ അപ്പ്, പോളോ എന്നിവയോട് സമാന വലിപ്പമുള്ളതാവും.
ഇന്റീരിയറിലേക്ക് കയറിയാൽ ഫോക്‌സ്‌വാഗൺ ഐഡി എവരിവൺ (ID. EVERY1) ദൈനംദിന ഉപയോഗത്തിനായി നിർമിച്ച പ്രായോഗികവും എന്നാൽ ആധുനികവുമായ അകത്തളമായിരിക്കും പ്രദാനം ചെയ്യുക. ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗവും ഏറെയുണ്ടാവുമെന്ന് കണ്ടാലറിയാം. നാല് യാത്രക്കാർക്ക് വരെ ഇരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവിക്ക് 305 ലിറ്റർ ലഗേജ് കമ്പാർട്ടുമെന്റും ഉണ്ടായിരിക്കുമെന്നത് പ്രായോഗികത വർധിപ്പിക്കും.

കാറിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് അതിന്റെ വിപുലമായ സോഫ്റ്റ്‌വെയർ ആർക്കിടെക്ച്ചറാണ്. ഇത് വാഹനത്തിന്റെ ജീവിതകാലം മുഴുവൻ ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ഡിജിറ്റൽ അപ്‌ഗ്രേഡുകളും പ്രാപ്തമാക്കുമെന്നാണ് ഫോക്‌സ്‌വാഗൺ പറയുന്നത്. വളരെ വലിയൊരു പദ്ധതിയുടെ ഭാഗം മാത്രമാണ് ഈ ഇവി നിലവിൽ. നിർമാണ പ്രക്രിയകൾ എന്ന് ആരംഭിക്കുമെന്ന വിവരം പോലും ഇതുവരെ ഫോക്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2027 ഓടെ MEB പ്ലാറ്റ്‌ഫോമിൽ നിർമിച്ച നാല് ഇവികൾ ഉൾപ്പെടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. ആക്രമണാത്മകമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായി വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾക്കായി നിരവധി ഓപ്ഷനുകൾ നൽകിക്കൊണ്ട് മത്സരാധിഷ്ഠിത ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നു.

ആയതിനാൽ എവരിവൺ ഇവി പോലുള്ള മോഡലുകൾ ഇന്ത്യയിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച് പുറത്തിറക്കാൻ പദ്ധതിയിട്ടാൽ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കും. അങ്ങനെയെങ്കിൽ 10 ലക്ഷം ബജറ്റിൽ ഫോക്‌സ്‌വാഗൺ എവരിവൺ ഇവി നിരത്തിലെത്തുകയും ചെയ്തേക്കാം. അങ്ങനെയെങ്കിൽ ടാറ്റ ടിയാഗോ ഇവി, എംജി വിൻഡ്സർ ഇവി പോലുള്ളവയ്ക്ക് അതൊരു ഭീഷണിയാവുകയും ചെയ്യും.


Click it and Unblock the Notifications








