പോളോ പണ്ടേ ഈ സീൻ വിട്ടാതാ, E20 പെട്രോൾ അടിച്ച് പണികിട്ടിയാലും വാറണ്ടി തന്നിരിക്കുമെന്ന് ഫോക്‌സ്‌വാഗൺ
ഇന്ത്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ മോഡലുകൾക്ക് വലിയ സ്വീകാര്യതയാണ് എപ്പോഴുമുള്ളത്. ഒന്നാന്തരം നിർമാണ നിലവാരം, സേഫ്റ്റി, കാലത്തിനൊത്ത ഫീച്ചറുകൾ, കിടിലൻ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാമാണ് ഈ ജർമൻ കാറുകളുടെ പ്രധാന ഹൈലൈറ്റുകൾ. പോളോ, വെന്റോ പോലുള്ള മോഡലുകളാണ് ഫോക്‌സിക്ക് രാജ്യത്ത് വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. പ്രത്യേകിച്ച് പോളോ ഇവിടെ വൻ വിജയമായിരുന്നു. 2022-ൽ ഇത് നിർത്തലാക്കിയെങ്കിലും ഇന്നും നമ്മുടെ റോഡുകളിലെ നിറ സാന്നിധ്യമാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. നന്നായി മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കുന്ന ഇഷ്ടം പോലെ ഉടമകളും നമുക്കിടയിലുണ്ട്.
പണ്ട് ഡീസൽ എഞ്ചിനുകളും നിർമിച്ചിരുന്നുവെങ്കിലും ബിഎസ്-VI കാലഘട്ടത്തോടെ ഓയിൽ ബർണറുകളോട് കമ്പനി ഗുഡ്ബൈ പറഞ്ഞിരുന്നു. പിന്നീട് ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് കാറുകൾക്ക് തുടിപ്പേകാൻ എത്തിയത്. നിലവിൽ പെട്രോൾ എഞ്ചിനും എഥനോൾ കലർത്തിയ E20 പെട്രോളിന്റെ ഉപയോഗവുമാണ് രാജ്യത്തെ പ്രധാന ചർച്ചാ വിഷയം. ഇത്തരം ഇന്ധനം ഉപയോഗിച്ച് എഞ്ചിൻ പണി കിട്ടിയാൽ വാറണ്ടി നൽകുന്നതിൽ നിന്നും പല കമ്പനികളും പിൻമാറുകയും ചെയ്‌തിട്ടുണ്ട്.

അതിനാൽ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇതൊരു വലിയ തലവേദനയായി മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഫോക്‌സ്‌വാഗൺ ഇന്ത്യ ഇപ്പോൾ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ്. രാജ്യത്തെ ഐക്കണിക് ഹാച്ച്ബാക്കായി പേരെടുത്ത പോളോ പണ്ടേ E20 പെട്രോളിൽ ഓടാൻ യോഗ്യമാണെന്നാണ് കമ്പനി പറയുന്നത്. 2022 മോഡൽ പോളോ ഉപയോഗിക്കുന്ന ഉടമയുടെ ആശങ്കകൾക്ക് മറുപടിയായിട്ടാണ് ഫോക്‌സ്‌വാഗൺ ഇത്തരത്തിലൊരു വിശദീകരണം നൽകിയിരിക്കുന്നത്.
പോളോ E20 അനുയോജ്യമാണെന്നും അത് ഉപയോഗിക്കുന്നത് വാറണ്ടി അസാധുവാക്കില്ലെന്നും കാർ നിർമ്മാതാവ് പറഞ്ഞു. തെലങ്കാനയിൽ നിന്നുള്ള ക്ലൗഡ് ആൻഡ് ഡെവോപ്‌സ് എഞ്ചിനീയറായ വ്യക്തിയാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയെക്കുറിച്ച് പരാമർശിക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ തന്റെ '2022 പോളോ ടിഎസ്‌ഐ ഹൈലൈൻ പ്ലസ്' E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും അത് E10 അനുയോജ്യമാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യം ഉയർത്തിയത്.

ഇതോടൊപ്പം E20 പെട്രോളിന്റെ പതിവ് ഉപയോഗം എഞ്ചിനേയും ഈടുതലിനെയും ബാധിക്കുമോ എന്നും അത് വാറണ്ടി കവറേജിനെ ബാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കൃത്യമായ ചോദ്യവും അതിന് ലഭിച്ച പ്രതികരണവും കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും കാർടോക്ക് പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പോളോ മോഡൽ E20 പെട്രോളുമായി പൊരുത്തപ്പെടുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് ഫോക്‌സ്‌വാഗൺ മറുപടി നൽകിയിരിക്കുന്നത്.
നിങ്ങളുടെ ഫോക്‌സ്‌വാഗൺ പോളോ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുവെന്നും ഇന്ധനം ഉപയോഗിക്കുന്നത് വാറണ്ടി അസാധുവാക്കില്ലെന്നും പോസ്റ്റിന് മറുപടിയായി ജർമൻ വാഹന നിർമാതാക്കൾ പറഞ്ഞു. പക്ഷേ E20 പെട്രോളിന്റെ ഉപയോഗം എഞ്ചിന് എന്തെങ്കിലും ആഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

2023-ന് ശേഷം ഇന്ത്യയിൽ നിർമിച്ച മിക്ക ഫോക്‌സ്‌വാഗൺ വാഹനങ്ങളും E20 അനുയോജ്യമായവയാണ്. പുറത്തിറങ്ങുന്ന വെർട്ടിസ് സെഡാന്റെ യൂസർ മാനുവൽ പരിശോധിക്കുമ്പോഴും ഇക്കാര്യങ്ങൾ ബോധ്യപ്പെടും. എന്തായാലും പഴയ കാറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിനോട് വിയോജിപ്പും ആശങ്കയുമുണ്ട്. മൈലേജ് കുറയൽ, എഞ്ചിൻ പണി തുടങ്ങിയ പ്രശ്നത്തിലേക്ക് ഇതെല്ലാം നയിക്കുമെന്നാണ് വിധഗ്ദരുടെ അഭിപ്രായം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








