കാര്യം നിസാരമാണെങ്കിലും പിന്നിലിരിക്കുന്നവർ ഒന്ന് സൂക്ഷിച്ചോ, ഫോക്‌സ്‌വാഗന്റെ കാറുകൾ തിരിച്ചുവിളിച്ച് കമ്പനി
പോളോയും വെന്റോയും പടിയിറങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിയിൽ ഫോക്‌സ്‌വാഗണിന്റെ വിധി എഴുതിയവരാണ് പലരും. എന്നാൽ സ്കോഡയുടേയും ഫോക്‌സ്‌വാഗണിന്റെയും സംയുക്ത സംരംഭത്തിലൂടെ യാഥാർഥ്യമായ ടൈഗൂണും വെർട്ടിസും കമ്പനിയെ പഴയ ഫോമിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ പോളോയെക്കാളും ഡിമാന്റുള്ള മോഡലുകളായി ഇരുവരും മുന്നേറുകയാണിപ്പോൾ. അതിനിടയിൽ ചെറിയൊരു നിർമാണ തകരാർ സംഭവിച്ചിരിക്കുകയാണ് കാറുകൾക്ക്. ഇന്നലെ സ്കോഡയുടെ കാര്യത്തിൽ റിപ്പോർട്ട് ചെയ്‌തത് പോലെയുള്ള സീറ്റ് ബെൽറ്റ് പ്രശ്‌നമാണ് ഫോക്‌സിയുടെ രണ്ട് കാറുകളേയും ബാധിച്ചിരിക്കുന്നത്. 2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമിച്ച ടൈഗൂണിലും വെർട്ടിസുമാണ് തിരികെവിളിച്ചിരിക്കുന്നത്.
ഫോക്‌സ്‌വാഗണിന്റെ മൊത്തം 21,513 വാഹനങ്ങളെയാണ് തിരിച്ചുവിളിക്കുന്നത്. ക്വാളിറ്റി കൺട്രോൾ പ്രക്രിയയിൽ തിരിച്ചറിഞ്ഞ റിയർ സീറ്റ് ബെൽറ്റിലെ തകരാറാണ് കാരണമായിരിക്കുന്നത്. പിൻ യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റിൽ പ്രശ്നമുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തിയിരിക്കുന്നത് സൂചിപ്പിച്ചു. അപകടമോ മുൻവശത്തെ കൂട്ടിയിടിയോ ഉണ്ടായാൽ പിൻ സീറ്റ് ബെൽറ്റ് ബക്കിൾ ലാച്ച് പ്ലേറ്റ് പൊട്ടിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്.

ഇത്തരമൊരു സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാം എന്നത് മനസിലാക്കിയതിനെ തുടർന്നാണ് ജർമൻ വാഹന നിർമാതാക്കൾ ടൈഗൂണിനേയും വെർട്ടിസിനേയും തിരിച്ചുവിളിച്ചിരിക്കുന്നത്. 2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമിച്ച ഫോക്‌സ്‌വാഗൺ കാറുകൾ ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പിൽ നിന്നോ സർവീസ് സെന്ററിൽ നിന്നോ അറിയിപ്പ് ലഭിക്കും.
ഇതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ടൈഗൂൺ, വെർട്ടിസ് ഉടമകൾക്ക് അവരുടെ സർവീസ് സെന്ററുമായി ബന്ധപ്പെടാനും കഴിയും. ഈ പ്രശ്നം ബാധിച്ച കാറുകൾ ഫ്രീയായി തന്നെ ഫോക്‌സ്‌വാഗൺ പരിഹരിച്ച് നൽകുമെന്നതും ശ്രദ്ധേയമാണ്. ടൈഗൂണിലെയും വെർട്ടിസിലെയും തകരാറുള്ള യൂണിറ്റുകൾ നിലവിലെ അവസ്ഥയിൽ സുരക്ഷിതമായി ഓടിക്കാൻ കഴിയുമോ എന്ന് ഫോക്‌സ്‌വാഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഫോക്‌സ്‌വാഗൺ വെർട്ടിസും ടൈഗൂണും രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ്.രണ്ട് കാറുകളിലും സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
11.80 ലക്ഷം മുതൽ 19.83 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ വില. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയുൾപ്പെടെയുള്ളയുള്ള രാജ്യത്തെ മിഡ്-സൈസ് എസ്‌യുവികളുമായാണ് ഇതിന്റെ മത്സരം. 11.56 ലക്ഷം മുതൽ 19.40 ലക്ഷം രൂപ വരെയാണ് വെർട്ടിസിന്റെ എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായി വെർണ, സ്കോഡ സ്ലാവിയ, ഹോണ്ട സിറ്റി തുടങ്ങിയ വമ്പൻമാരോട് സെഡാൻ മാറ്റുരയ്ക്കുന്നത്.

അടുത്തിടെ ഇന്ത്യയിലെ മോഡൽ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ പ്രീമിയം എസ്‌യുവിയും വിപണിയിൽ അവതരിപ്പിച്ചിരുന്നു. 49 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയിരുന്നത്. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്‌തിരിക്കുന്ന ടിഗുവാൻ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സ്ഥാനംപിടിച്ചിരിക്കുന്നതും.
സ്റ്റാൻഡേർഡ് ടിഗുവാനുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി കോസ്മെറ്റിക് മാറ്റങ്ങളോടെ വരുന്ന ടിഗുവാൻ R-ലൈൻ പുതുക്കിയ MQB ഇവോ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റർ, ടിവിഎസ് EVO പെട്രോൾ എഞ്ചിനാണ് ഈ പ്രീമിയം എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി (4Motion) ജോടിയാക്കിയിരിക്കുന്ന വാഹനം ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലൂടെ 201 bhp പവറിൽ 320 Nm torque വരെ ഉത്പാദിപ്പിക്കും.


Click it and Unblock the Notifications








