മുഖംമാറി ആളെപ്പിടിക്കാൻ ഫോക്‌സ്‌വാഗണിന്റെ കുഞ്ഞൻ എസ്‌യുവി, ക്രെറ്റയും വിറ്റാരയും ഒരുങ്ങിയിരുന്നോ
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ടൊയോട്ട, സ്കോഡ, ഫോക്‌സ്‌വാഗൺ, സിട്രൺ, കിയ, ഹോണ്ട അങ്ങനെ എല്ലാ കമ്പനികളും അണിനിരക്കുന്ന വിഭാഗത്തിൽ മത്സരം കനക്കുകയാണ്. പോളോ പോയപ്പോൾ ജർമൻ വാഹന നിർമാതാക്കൾക്ക് രക്ഷകനായി ഈ ശ്രേണിയിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടൈഗൂൺ. കിടിലൻ പ്രൈസിംഗും ഫീച്ചേഴ്‌സും ഒന്നുമല്ല, നല്ല ഒന്നാന്തരം സേഫ്റ്റി ഒരുക്കിയാണ് വണ്ടി ആളുകളെ കൈയിലെടുത്തത്. അടുത്തിടെയായി വിൽപ്പന അൽപം പിന്നാക്കമാണെങ്കിലും ഇതിനെ മറികടക്കാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്.
മറ്റൊന്നുമല്ല, ടൈഗൂണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ഇതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും ഫോക്‌സ്‌വാഗൺ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. 2021-ൽ പുറത്തിറങ്ങിയതിന് ശേഷം എസ്‌യുവിക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന പരിഷ്ക്കരണമായിരിക്കും ഇത്. ആയതിനാൽ കാര്യമായ എന്തെങ്കിലും പ്രതീക്ഷിക്കാമെന്നാണ് ജർമൻ ബ്രാൻഡ് സൂചന നൽകിയിരിക്കുന്നത്.

കനത്ത രീതിയിൽ മുൻവശവും പിൻവശവും മറച്ചുവെച്ചാണ് പുതിയ ടൈഗൂൺ പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയിരിക്കുന്നത്. എങ്കിലും എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന കാര്യം ചെറുതായി മനസിലാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. മുൻവശത്ത്, റീഡിസൈൻ ചെയ്ത ഗ്രില്ലും ബമ്പറും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ടൈഗൂണിന് അൽപ്പം കൂടുതൽ സ്പോർട്ടിയറായ രൂപം നൽകിയേക്കാം.
ഹെഡ്‌ലാമ്പുകളുടെ രൂപത്തിലും മാറ്റമുണ്ടായേക്കാം. ഒരുപക്ഷേ പുതിയ എൽഇഡി ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള നവീകരണങ്ങൾ ഫോക്‌സ്‌വാഗൺ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. പിൻഭാഗത്തേക്ക് നോക്കിയാൽ പുതുക്കിയ ടെയിൽ ലാമ്പുകൾ മാത്രമായിരിക്കും കാര്യമായി മാറുക. ആഗോള ഫോക്‌സ്‌വാഗൺ മോഡലുകളിൽ കാണുന്നത് പോലെയുള്ള കണക്റ്റഡ് എൽഇഡി ഘടകങ്ങൾ ഉപയോഗിച്ച് നവീകരിച്ചാൽ കാഴ്ച്ചയിൽ വാഹനം കിടിലമായേക്കും.

വശങ്ങളിൽ പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ചായിരിക്കും കമ്പനി പുതുമ കൊണ്ടുവരിക. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ കാലത്തിനിണങ്ങുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളെല്ലാം കൊണ്ടുവന്നേക്കും. ടൈഗൂണിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് പുതുക്കിയേക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം പുതിയ മെറ്റീരിയലുകളോ നിറങ്ങളോ അവതരിപ്പിച്ചേക്കാം. കൂടാതെ സാങ്കേതിക വിദഗ്ദ്ധരായ എതിരാളികളോട് മുട്ടാൻ കുറച്ച് കണക്റ്റഡ് കാർ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.
ജർമൻ വാഹന നിർമാതാക്കളുടെ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവിയാണിത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളാണ് ടൈഗൂണിൽ ഒരുക്കിയിട്ടുള്ളത്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്നീ നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ ടൈഗൂണിലും അതേപടി തുടരുമെന്ന് പ്രതീക്ഷിക്കാം. ടൈഗൂണിലെ 1.0 ലിറ്റർ ടിഎസ്ഐ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
1.5 ലിറ്റര്‍ EVO ടിഎസ്ഐ പെട്രോള്‍ 148 bhp പവറിൽ 250 Nm ടോര്‍ക്ക് വരെ നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തുവെച്ചിരിക്കുന്നത്. ഒതുക്കമുള്ളതും എന്നാൽ വിശാലവുമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള ടിഎസ്ഐ എഞ്ചിൻ, സിറ്റിയിലും അതുപോലെ തന്നെ ദീർഘദൂര യാത്രകൾക്കും ഒരേപോലെ അടിപൊളിയാണ്. ഇക്കാര്യങ്ങളെല്ലാം നിലനിർത്തി തന്നെ വരുന്നതിനാൽ കൂടുതൽ ആളുകളെ ചാക്കിലാക്കാൻ ടൈഗൂണിനായേക്കും.


Click it and Unblock the Notifications








