പോളോയ്ക്കും വെന്റോയ്ക്കും ശേഷം ഇന്ത്യയിൽ നിന്നും പടിയിറങ്ങി ഫോക്‌സ്‌വാഗൺ എസ്‌യുവി; കാരണം ഇതാണ്
പോളോ (Polo), വെന്റോ (Vento) എന്നീ ജനപ്രിയ വാഹനങ്ങളിലൂടെ ഇന്ത്യയിൽ അഡ്രസുണ്ടാക്കിയെടുത്തവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen). ടൈഗൂൺ (Taigun), വെർട്ടിസ് (Virtus) തുടങ്ങിയ രണ്ട് മോഡലുകളാണ് ഇപ്പോൾ വിൽപ്പന പിടിച്ചുകൊടുക്കുന്നത് എങ്കിലും ആദ്യ കാറുകളുടെ പ്രതാപം തന്നെയാണ് ഫോക്‌സിയെ ഇന്നും പിടിച്ചുനിർത്തുന്നതെന്ന് നിസംശയം പറയാം. വലിയ മോഡൽ നിരയൊന്നും രാജ്യത്ത് അവകാശപ്പെടാനില്ലെങ്കിലും വന്നവരെല്ലാവരും ഇന്ത്യക്കാർക്ക് പ്രിയങ്കരരായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ നിരയിലെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ ഇന്ത്യൻ വിപണിയിൽ നിന്നും നാടുകടത്താൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.
മറ്റേതുമല്ല, ടിഗുവാൻ എസ‌്‌യുവിയുടെ ഇന്ത്യയിലെ വിൽപ്പനയാണ് കമ്പനി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫോക്‌സ്‌വാഗൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് ടിഗുവാൻ ഔദ്യോഗികമായി നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഏറ്റവും പുതിയ ടിഗുവാൻ R-ലൈൻ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മോഡലിന്റെ വിൽപ്പന അവസാനിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ബഹുമുഖ MQB പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇന്ത്യയിൽ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്‌തുവന്നിരുന്നത്. എലഗൻസ് എന്ന സിംഗിൾ വേരിയന്റിൽ ലഭ്യമായിരുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 38.16 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയും.
ഇന്ത്യയിലെ ബ്രാൻഡിന്റെ മുൻനിര മോഡലായിരുന്ന ടിഗുവാന് 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 187 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഫോക്‌സ്‌വാഗന്റെ 4MOTION ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഈ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉണ്ടായിരുന്നിട്ടും ഫോക്‌സ്‌വാഗണ്‍ ടിഗുവാനിൽ 12.65 കിലോമീറ്റർ മൈലേജായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്തായാലും എസ്‌യുവി പടിയിറങ്ങുകയാണെങ്കിലും പകരക്കാരൻ ഇതിലും മിടുക്കനാണെന്നത് ആരാധകർക്ക് ആവേശമാവുന്ന കാര്യമാണ്. ടിഗുവാൻ R-ലൈനിന്റെ അവതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ.
ടിഗുവാന്റെ ഒരു സ്‌പോർട്ടിയർ പതിപ്പായി ഇതിനെ വിശേഷിപ്പിക്കാം. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയ്‌ക്കൊപ്പം എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഏപ്രിൽ 14-ന് രാജ്യത്ത് ടിഗുവാൻ R-ലൈൻ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് നീക്കം. അതിനു മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താതാപര്യമുള്ള ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഡീലർഷിപ്പുകൾ സന്ദർശിച്ചോ വണ്ടി ബുക്ക് ചെയ്യാം.

പെർസിമോൺ റെഡ് മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്സ് വൈറ്റ്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, ഓയിസ്റ്റർ സിൽവർ മെറ്റാലിക് എന്നിങ്ങനെ ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ തെരഞ്ഞെടുക്കാനാവുക. ഡിസൈനിന്റെ കാര്യത്തിൽ കണക്റ്റഡ് ലൈറ്റ്ബാറുള്ള ഫുൾ HD മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളും 20 ഇഞ്ച് അലോയ് വീലുകളുമായിരിക്കും എസ്‌യുവിയെ ഇടിവെട്ടാക്കുക.
ഇത് എംക്യുബി-ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ കൂടിയാണ്. വലിപ്പത്തിലേക്ക് നോക്കിയാൽ ടിഗുവാൻ R-ലൈനിന് 30 മില്ലീമീറ്റർ നീളവും നാല് മില്ലീമീറ്റർ ഉയരവും 2,680 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഏറ്റവും പുതിയ MIB4 UI അടിസ്ഥാനമാക്കിയുള്ള 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടാകും.

2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈനിന് കരുത്ത് പകരുന്നത്. 7 സ്പീഡ് DSG ഓട്ടോമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ എത്തുന്ന വാഹനത്തിന് 201 bhp പവറിൽ പരമാവധി 320 Nm torque വരെ നൽകാനാവും. ഫോക്‌സ്‌വാഗണിന്റെ പ്രീമിയം എസ്‌യുവി കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയിട്ടാണ് ഇത്തവണ വിപണത്തിന് എത്തുക.


Click it and Unblock the Notifications








