കഴിഞ്ഞ മാസം ഈ എസ്‌യുവി വാങ്ങിയത് വെറും 5 പേർ, യാത്രാസുഖവും ബിൽഡ് ക്വാളിറ്റിയുമുള്ള എസ്‌യുവിയുടെ ഗതി
ഇന്ത്യക്കാർക്ക് ജർമൻ കാറുകളോട് വല്ലാത്തൊരു ഇഷ്‌ടം തോന്നാൻ കാരണക്കാരായതിൽ പ്രധാനപങ്ക് ഫോക്‌സ്‌വാഗണ് (Volkswagen) തന്നെയാണ്. പോളോ, വെന്റോ പോലുള്ള മോഡലുകളിലൂടെ മിഡിൽക്ലാസിലേക്കും ഇറങ്ങിച്ചെന്ന ബ്രാൻഡ് ഇന്നും സജീവമായി വിപണിയിലുണ്ട്. അടുത്തിടെ അവതരിപ്പിച്ച ഗോൾഫ് ജിടിഐ (Golf GTI) വിറ്റുപോയ വേഗം കണ്ടാൽ തന്നെ മനസിലാക്കാം കമ്പനിയുടെ റേഞ്ച്. എന്നാൽ മറ്റ് കാറുകളുടെ വിൽപ്പനയിലേക്ക് വന്നാൽ വലിയ സംഖ്യകളൊന്നും കാണാനാവില്ലെന്നതാണ് സത്യം. ടൈഗൂണും വെർട്ടിസും മാന്യമായ രീതിയിൽ വിറ്റഴിയുന്നുണ്ടെങ്കിലും ടിഗുവാൻ പ്രീമിയം എസ്‌യുവിയുടെ (Tiguan SUV) കാര്യം ആകെ കഷ്‌ടത്തിലാണ്.
2025 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മോഡലിന്റെ ആകെ 5 യൂണിറ്റുകൾ മാത്രമാണ് ഫോക്‌സ്‌വാഗണിന് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. വാഹനത്തിന്റെ വാർഷിക വിൽപ്പനയിൽ 94 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതും. കൃത്യം ഒരു വർഷം മുമ്പ് അതായത് 2024 ജൂണിൽ ഫോക്‌സ്‌വാഗൺ ടിഗുവാന് വാങ്ങിയത് 85 ആളുകളായിരുന്നു.

ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് വിൽപ്പനയിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചിരിക്കുന്നത്. അടുത്തിടെ ടിഗുവാനെ അടിസ്ഥാനമാക്കിയുള്ള പെർഫോമൻസ് മോഡലായ R-ലൈൻ പുറത്തിറക്കിയിരുന്നുവെങ്കിലും അതും കാര്യമായ രീതിയിൽ വിറ്റഴിയുന്നുണ്ടായിരുന്നില്ല. മിക്കവാറും ഉയർന്ന വില തന്നെയായിരിക്കാം ആളുകളെ ടിഗുവാനിൽ നിന്നും അകറ്റിനിർത്തുന്നത്. പോരാത്തതിന് ഇതേ സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറിന്റെ സാന്നിധ്യവും ഫോക്‌സ്‌വാഗണിന് തലവേദനയാവുന്നുണ്ടാവും.
ടൊയോട്ട ഫോർച്യൂണർ കൂടാതെ ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, ഹ്യുണ്ടായി ട്യൂസോൺ തുടങ്ങിയ വമ്പൻമാരുമായും ടിഗുവാന് ഏറ്റുമുട്ടേണ്ടതായുണ്ട്. നിലവിൽ എലഗൻസ് എന്ന സിംഗിൾ വേരിയന്റിൽ ലഭ്യമായിരുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 38.16 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്.

വണ്ടിയെ കൂടുതൽ ആകർഷകമാക്കാനായി 3 ലക്ഷത്തിനടുത്ത് ജർമൻ ബ്രാൻഡ് മിക്കമാസങ്ങളിലും ഓഫറുകളും വാഗ്‌ദാനം ചെയ്യാറുണ്ട്. കൊടുക്കുന്ന വിലയ്ക്കുള്ള മുതലുണ്ട് ടിഗുവാൻ എന്നതിൽ ആർക്കും സംശയം വേണ്ട. 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 187 bhp പവറിൽ കരുത്തിൽ 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുകയും ചെയ്യും.
ഫോക്‌സ്‌വാഗന്റെ 4MOTION ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ടിഗുവാനിൽ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉണ്ടായിരുന്നിട്ടും ഫോക്‌സ്‌വാഗണ്‍ ടിഗുവാന് ലിറ്ററിന് 12.65 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, 30 കളർ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാമാണ് എസ്‌യുവിയിൽ നൽകിയിട്ടുള്ളത്.

ഇതിനുപുറമെ സുരക്ഷയ്ക്കായി എസ്‌യുവിയിൽ 6-എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സവിശേഷതകളും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ നൽകിയിട്ടുണ്ട്. ഇനി ടിഗുവാന്റെ പിൻഗാമിയായി എത്തിയിട്ടുള്ള ടിഗുവാൻ R-ലൈനിലേക്ക് വന്നാൽ ഇതിനും സമാനമായ എഞ്ചിനാണ് നൽകിയിട്ടുള്ളത് എങ്കിലും പെർഫോമൻസ് കണക്കുകളിൽ കക്ഷി കൂടുതൽ മിടുക്കനാണ്.
7 സ്പീഡ് DSG ഓട്ടോമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 201 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. MQB ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയിട്ടാണ് രാജ്യത്തേക്ക് കുടിയേറിയിരിക്കുന്നത്. ആയതിനാൽ 49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








