ജർമനാ അല്യോടാ... വാങ്ങാൻ ഇതിലും വലിയ കാരണം വേണ്ടല്ലോ! പോയമാസം റെക്കോർഡ് വിൽപ്പനയുമായി ഈ സെഡാൻ
ഇന്ത്യയിൽ സെഡാനുകളുടെ (Sedan) കാലം കഴിഞ്ഞുവെന്ന് വിധി എഴുതിയവരാണ് പലരും. എന്നാൽ അങ്ങനൊരു സംഭവം ഇവിടില്ലെന്നും ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇനിയും ഇവിടെ ആളുണ്ടാവുമെന്ന് തെളിയിച്ചവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen). ഒരുകാലത്ത് കാർ എന്നാൽ എല്ലാവരുടേയും അവസാനവാക്കായിരുന്നു സെഡാനുകൾ. എന്നാൽ എസ്‌യുവികളുടെ കടന്നുവരവോടെ പലരും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളോട് അത്ര താത്പര്യം കാണിക്കാറില്ല. ബോഡി റോൾ ഒന്നുമില്ലാതെ നല്ല യാത്രാസുഖം തരുന്ന വണ്ടികളാണെങ്കിലും എല്ലാവർക്കും ഇപ്പോൾ ഉയർന്നിരുന്ന് യാത്ര ചെയ്യാനാണ് താത്പര്യം.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ തന്നെയാണെങ്കിലും ചില കാര്യങ്ങളിൽ സെഡാനുകളെ വെല്ലാനാവില്ലെന്നതാണ് സത്യം. എസ്‌യുവികൾക്കാണ് ഇപ്പോഴും ഡിമാന്റ് എന്നറിഞ്ഞിട്ടും അടുത്തകാലത്ത് സെഡാനുകൾ നിർമിക്കുന്നതിൽ നിർമാതാക്കൾ മടിയൊന്നും കാട്ടിയിട്ടില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ്. വിപണിയിലെത്തി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സെഡാനുകളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്.

ഇപ്പോഴിതാ 2,453 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഫോക്‌സ്‌വാഗൺ ഇന്ത്യ വെർട്ടിസ് സെഡാന്റെ പുതിയ പ്രതിമാസ വിൽപ്പന റെക്കോർഡ് നേടിയിരിക്കുകയാണ്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. കഴിഞ്ഞ രണ്ട് മാസമായി പ്രീമിയം സെഡാൻ വിഭാഗത്തിൽ ഈ മോഡൽ 40 ശതമാനത്തിലധികം വിപണി വിഹിതവും നിലനിർത്തിയിട്ടുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, സ്കോഡ സ്ലാവിയ എന്നീ ശക്തൻമാരുമായി മല്ലടിച്ചാണ് വെർട്ടിസ് ടോപ്പ് സെല്ലിംഗ് മോഡലായി മാറിയിരിക്കുന്നത്.
ഫോക്‌സ്‌വാഗന്റെ പ്രാദേശിക വാഹന നിരയിലെ ഒരു വലിയ നാഴികക്കല്ലാണ് പുതിയ കണക്കുകൾ. ബ്രാൻഡിന്റെ ഇന്ത്യ 2.0 സംരംഭത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത രണ്ട് ഉൽപ്പന്നങ്ങളായ ടൈഗൂൺ എസ്‌യുവിയുടെയും വെർട്ടിസ് സെഡാനിന്റെയും സംയോജിത ആഭ്യന്തര വിൽപ്പന ഇപ്പോൾ 1.60 ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. ശക്തമായ പ്രാദേശികവൽക്കരണത്തേടെയുള്ള MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് രണ്ട് മോഡലുകളും നിർമിച്ചിരിക്കുന്നത്.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ഫോക്‌സ്‌വാഗൺ വെർട്ടിസിന് ആക്രമണാത്മകമായ വില നിർണയവുമാണ് കമ്പനി കൊടുത്തിരിക്കുന്നത്. 11.16 ലക്ഷം മുതൽ 18.73 ലക്ഷം രൂപ വരെയാണ് പ്രീമിയം സെഡാന് വരുന്ന ഇന്ത്യയിലെ എകസ്ഷോറൂം വില. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിലുള്ളത്.
6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ 111 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റര്‍ എഞ്ചിന് 150 bhp പവറിൽ 250 Nm ടോർക്ക് നൽകാനും കഴിവുള്ളതാണ്.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ചില ഓഫറുകളോടെ ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്വന്തമാക്കാനാവും കേട്ടോ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ് എന്നീ ഫീച്ചറുകളാലും സെഡാൻ സമ്പന്നമാണ്.
ഇതോടൊപ്പം ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, 6 എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ ഭാഗമാണ്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ്.


Click it and Unblock the Notifications








