ലോകത്തിലെ ഏറ്റവും സേഫ്റ്റിയുള്ള എസ്‌യുവികളിൽ ഒന്ന് ഇന്ത്യയിലേക്ക്, രാജകീയമായി യാത്ര പോവാൻ ഹൈബ്രിഡ് ടെക്കും
മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ പേരെടുത്തവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന കമ്പനിയെന്ന ചെല്ലപ്പേരും ഇവർക്ക് സ്വന്തമാണ്. ആഡംബര കാറുകൾ എന്ന് കേൾക്കുമ്പോൾ പലർക്കും മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാമാണ് ഓർമ വരികയെങ്കിലും വണ്ടിഭ്രാന്തൻമാർക്കറിയാം വോൾവോയുടെ അന്തസ് എന്താണെന്ന്. ICE എഞ്ചിൻ മോഡലുകളെ പോലെ തന്നെ ഇലക്ട്രിക് കാറുകളും പുറത്തിറക്കി ഇന്ത്യയിൽ പണംവാരാൻ ബ്രാൻഡിനാവുന്നുണ്ട്. കൃത്യമായ സമയങ്ങളിൽ മോഡൽ നിരയിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും വോൾവോ ശ്രമിക്കാറുണ്ട്.
അടുത്തത് അത്തരത്തിലൊരു മോഡലുമായിട്ടാവും വോൾവോ ഇന്ത്യയിലേക്ക് വരിക. 2025 മാർച്ച് തുടക്കത്തോടെ പുതിയ XC90 ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു. 2024 സെപ്റ്റംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അതേ മോഡലാണ് ഇപ്പോൾ നമ്മുടെ നിരത്തുകളിലും തരംഗമാവാൻ എത്തുന്നത്.

2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമണിത്. ആഗോളതലത്തിൽ മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുകൾക്കൊപ്പമാണ് എസ്‌യുവി ലഭ്യമാകുന്നതെങ്കിലും ഇന്ത്യയിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാവും പുതിയ വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റ് അണിനിരക്കുക. ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് മൊത്തത്തിൽ ഒരു പുതിയ ലുക്ക് ലഭിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
ഇലക്ട്രിക് എസ്‌യുവിയായ EX90 ഇവിയോട് വളരെ സാമ്യമുള്ള രൂപം എന്തായാലും ആളുകൾക്ക് ഇഷ്‌ടപ്പെടും. മുമ്പുണ്ടായിരുന്ന മുൻവശത്തെ പാനലിന് പകരം ഇത്തവണ ആക്‌ടിവ് ഗ്രില്ലാണ് മുൻവശത്തിന് അഴക് സമ്മാനിക്കുന്നത്. ഈ പുതിയ പാറ്റേണും സ്ലീക്കർ ഫ്രണ്ട് ബമ്പറും കൂടി ചേരുമ്പോൾ ആഡംബര എസ്‌യുവി വേറെ ലെവലാകുന്നു. ക്രോമിന്റെ ഉപയോഗം കുറവാണെന്നതും ശ്രദ്ധേയമാണ്.

സിഗ്നേച്ചർ സ്റ്റൈലായ തോറിന്റെ ഹാമർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഒഴിവാക്കിയിട്ടുമില്ല. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ മുമ്പുണ്ടായിരുന്ന എസ്‌യുവിയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നത് കാണാം. എന്നിരുന്നാലും ഫ്രഷ്നെസ് കൊണ്ടുവരാനായി വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അലോയ് വീൽ ഡിസൈൻ ഒരുക്കിയിട്ടുണ്ട്. പിന്നിൽ, വോൾവോയുടെ വെർട്ടിക്കൽ ലൈറ്റ് സിഗ്നേച്ചറിന് ഡിസൈൻ തന്നെയാണ് തുടരുന്നത്. എങ്കിലും സ്പ്ലിറ്റ് ഡിസൈൻ വഴി മനോഹരമാക്കാൻ കമ്പനിക്കായിട്ടുണ്ട്.
അകത്തളത്തിലേക്ക് കയറിയാൽ പുതിയ XC90 ഫെയ്‌സ്‌ലിഫ്റ്റിന്റെ അടിസ്ഥാന രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ഡാഷ്‌ബോർഡിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. സെന്റർ കൺസോളിൽ അധിക സ്റ്റോറേജ് സ്പേസ് സൃഷ്ടിക്കാനും ഒരു കപ്പ്ഹോൾഡർ കൊണ്ടുവരാനുമുള്ള മാറ്റങ്ങളും കാണാം.

ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഹൈ ഫിഡിലിറ്റി ഓഡിയോ സിസ്റ്റത്തോടൊപ്പമാണ് XC90 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് എത്തുന്നത്. വയർലെസ് ഫോൺ ചാർജർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും അകത്തളത്തിലുണ്ട്. 251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
18.8 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ എഞ്ചിനാണ് പ്ലഗ്-ഇൻ-ഹൈബ്രിഡ് പതിപ്പിലുള്ളത്. ഈ വേരിയന്റിന് ഫുൾ-ടാങ്ക് ഇന്ധനത്തിൽ ഏകദേശം 800 കിലോമീറ്റർ റേഞ്ചാണ് വോൾവോ അവകാശപ്പെടുന്നത്. 70 കിലോമീറ്റർ ഇവി-ഒൺലി റേഞ്ചും വോൾവോ അവകാശപ്പെടുന്നുണ്ട്. പക്ഷേ ഇത് ഇന്ത്യയിലെത്തില്ലെന്ന കാര്യം ഉറപ്പാണ്.
XC90 എസ്‌യുവി സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റം എന്നിവയുമായിട്ടാണ് വരുന്നത്. മൈൽഡ്-ഹൈബ്രിഡ് പതിപ്പിന് 7.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. വോൾവോയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് (FSD) സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനായി എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും വോൾവോ പരിഷ്‌ക്കരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








