സേഫ്റ്റി കൂടി, എന്തിനും എങ്ങനെയും ഉപയോഗിക്കാം, കാർ പോലെത്തെ യാത്രാ സുഖവുമായി ഫോഴ്‌സ് ട്രാവലർ
കല്യാണം, ടൂർ എന്നുവേണ്ട കൂടുതൽ ആളുകൾ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഏത് വണ്ടി വിളിക്കുമെന്ന കൺഫ്യൂഷൻ ആർക്കുമുണ്ടാവാറില്ല. കാരണം അത്രത്തോളം ആളുകൾക്ക് പരിചിതമായ ഫോഴ്‌സ് ട്രാവലർ ഉള്ളപ്പോൾ ഇക്കാര്യത്തിൽ മലയാളികൾക്ക് യാതൊരുവിധ ആശങ്കകളുമില്ല. എന്തിനേറെപ്പറയുന്നു ആംബുലൻസായി വരെ റോഡിലൂടെ പായുന്ന ഈ മിടുക്കന്റെ വൈവിധ്യങ്ങൾ പറഞ്ഞാൽ തീരില്ല. നമ്മുടെ ജീവിതത്തിൽ അത്രയേറെ പങ്കുവഹിക്കുന്നതാണ് ട്രാവലർ എന്ന വാഹനം. ഒരുപാട് പേർക്ക് വരുമാന മാർഗമാവുന്ന ഇവൻ ഡ്രൈവർമാരുടെ പൊന്നോമന കൂടിയാണ്. കാലത്തിനൊത്ത് കോലം മാറാനും ശ്രമിക്കുന്ന ഫോഴ്‌സ് മോട്ടോർസ് ഇപ്പോഴിതാ ഇന്ത്യയിൽ പുതിയ ട്രാവലർ N ലൈനപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ആംബുലൻസുകൾ, സ്കൂൾ ബസ്, കാർഗോ മൂവ്‌മെന്റ് തുടങ്ങിയ ഒന്നിലധികം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ട്രാവലർ N ലൈനപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഈ മാസം പകുതിയോടെ മോഡലുകൾക്കായുള്ള ബുക്കിംഗുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം ഉപഭോക്തൃ ഡെലിവറികളും അധികം വൈകാതെ തന്നെ തുടങ്ങുന്നതായിരിക്കും.

14.62 ലക്ഷം രൂപ മുതൽ ബോഡി ടൈപ്പ്, വലിപ്പം എന്നിവയെ ആശ്രയിച്ച് 19 ലക്ഷം രൂപ വരെ വില ഉയരും. ഒരു വലിയ മേക്കോവറിന് പകരം, ദൈനംദിന ഉപയോഗക്ഷമതയെ കൂടുതൽ മെച്ചപ്പെടുന്ന ശ്രദ്ധേയമായ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ട്രാവലർ N ലൈനപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പറേറ്റർമാർ, ഡ്രൈവർമാർ, യാത്രക്കാർ എന്നിവരിൽ നിന്നുള്ള ഫീഡ്‌ബാക്ക് അനുസരിച്ചാണ് വാഹനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്നും ഫോഴ്‌സ് മോട്ടോർസ് പറയുന്നു. ഏറ്റവും പ്രകടമായ മാറ്റങ്ങൾ ക്യാബിനുള്ളിലാണ്.
യാത്രകൾ കൂടുതൽ മികവുറ്റതാക്കുവാൻ കാർ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ ട്രാവലറിന്റെ അകത്തളം പുനർനിർമിച്ചിരിക്കുകയാണ്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും സംയോജിപ്പിച്ചാണ് പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട എർഗണോമിക്‌സോടെ സീറ്റിംഗ് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതിനാൽ യാത്രാസുഖവും വർധിക്കും.

അതേസമയം അധിക ഇൻസുലേഷനും പരിഷ്‌ക്കരണങ്ങളും ശബ്‌ദം, വൈബ്രേഷൻ, കാഠിന്യം എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഫോഴ്‌സ് അവകാശപ്പെടുന്നു. ആവശ്യമുള്ള ഓപ്പറേറ്റിംഗ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ HVAC സിസ്റ്റം അവതരിപ്പിച്ചതോടെ കൂളിംഗും മെച്ചപ്പെട്ടിട്ടുണ്ട്. ഈ ചൂടുകൂടിയ വേനൽക്കാലത്തെ യാത്രകൾക്ക് കൂടുതൽ സുഖകരമായെന്നാണ് ഇത് അർഥമാക്കുന്നത്.
എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ പുതിയ ഫോഴ്‌സ് ട്രാവലർ N ലൈനപ്പിൽ സൂക്ഷ്മമായ ചില പരിഷ്ക്കാരങ്ങൾ കാണാനാവുന്നതാണ്. മുൻവശത്ത് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളുന്ന റീഡിസൈൻ ചെയ്ത ഫാസിയ കാണാം. പിൻഭാഗത്തുള്ള മെച്ചപ്പെടുത്തലുകൾ അപ്‌ഡേറ്റ് ചെയ്ത രൂപത്തെ കൂടുതൽ ഗ്ലാമറാക്കുന്നുണ്ട്. അതേസമയം മോഡുലാർ നിർമാണത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത മോൾഡഡ് റൂഫ് ഘടന ശ്രേണിയിലുടനീളം നടപ്പിലാക്കിയിട്ടുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കും.

ട്രാവലർ N വിപുലമായ എഞ്ചിനീയറിംഗ് പരിഷ്ക്കാരങ്ങളും അവതരിപ്പിക്കുന്നുണ്ട് കേട്ടോ. മെച്ചപ്പെട്ട ഷീറ്റ് മെറ്റൽ നിർമ്മാണം ഉപയോഗിച്ച് ബോഡി ഘടന കിടിലമാക്കി. പുതിയ രൂപകൽപ്പനയിലൂടെയും നിർമാണ സാങ്കേതിക വിദ്യകളിലൂടെയും ജോയിന്റുകളുടെ എണ്ണം കുറക്കുകയും ചെയ്‌തു. ഇത് മികച്ച കാഠിന്യം, ഈട്, മൊത്തത്തിലുള്ള നിർമാണ നിലവാരം എന്നിവയ്ക്ക് കാരണമായി. റോബോട്ടിക്സ്, ഓട്ടോമേറ്റഡ് ഡോർ ഹെമ്മിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്.
പരിചിതമായ FM 2.6 CR ഡീസൽ എഞ്ചിനാണ് ട്രാവലർ N ശ്രേണിക്ക് കരുത്ത് പകരുന്നത്. ഇപ്പോൾ BS-VI സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എത്തുന്നത്. ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് റിയൽ ടൈം വെഹിക്കിൾ മോണിട്ടറിംഗും ഡയഗ്നോസ്റ്റിക്സും പ്രാപ്തമാക്കുന്ന 'ഐപൾസ്' സംവിധാനത്തോടൊപ്പം എക്സ്റ്റൻഡഡ് വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റൻസ്, സർവീസ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫോഴ്‌സ് കെയറിനൊപ്പം പുതിയ ട്രാവലർ N സ്വന്തമാക്കാനാവുമെന്നത് മനസമധാനം നൽകുന്ന കാര്യമാണ്.


Click it and Unblock the Notifications