ഏറ്റവും മൈലേജുള്ള സെഡാൻ! ഒരു ലിറ്റർ പെട്രോളിൽ 27.26 കി.മീ. വരെ സുഖമായി ഓടും, ഡിസയർ നോക്കിനിന്നോ
സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന കാറാണ് ഹോണ്ട സിറ്റി (Honda City Sedan). കാലങ്ങളായി ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായി തുടരുന്ന വണ്ടിക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. പലരും സ്റ്റാറ്റസ് സിമ്പലായി കാണുന്ന സിറ്റിയിൽ വന്നിറങ്ങിയാൽ തന്നെ പ്രത്യേക പരിഗണനയാണ് ലഭിക്കുക. നല്ല ബിൽഡ് ക്വാളിറ്റി, റിഫൈൻഡായുള്ള എഞ്ചിൻ, നല്ല സർവീസ് എന്നിവയെല്ലാമാണ് എതിരാളികളിൽ നിന്നും ഹോണ്ട സിറ്റിയെ വേറിട്ടുനിർത്തുന്നത്. എസ്‌യുവികളുടെ വരവോടെ പ്രതാപം കുറഞ്ഞുവെങ്കിലും ഇപ്പോഴും വിപണിയിൽ ശക്തിയായ സാന്നിധ്യമാണ് സിറ്റി. അടുത്തിടെ മുഖംമിനുക്കിയെത്തി ഒന്ന് ഞെട്ടിക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഞെട്ടിക്കൽ. മാനുവൽ, സിവിടി ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോൾ, 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് (eHEV) എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് പുതിയ മോഡലും വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ ഫോർ സിലിണ്ടർ എഞ്ചിൻ 121 bhp കരുത്തിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹോണ്ട സിറ്റി 1.5 i-VTEC പെട്രോൾ മാനുവൽ ലിറ്ററിന് 17.77 കിലോമീറ്റർ മൈലേജും സിവിടി ഓട്ടോമാറ്റിക് പതിപ്പുകൾ 17.97 കിലോമീറ്റർ മൈലേജും വരെ നൽകാൻ യോഗ്യമാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം സിറ്റി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. ഇത് ലിറ്ററിന് 27.26 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.
ഹൈബ്രിഡ് മോഡൽ 126 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെ നിർമിക്കുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ എല്ലാ വകഭേദങ്ങളിലും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെന്ന പോലെ 40 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി തന്നെയാണുള്ളത്. SV, V, ZX, ZX+ എന്നീ വേരിയന്റുകളിൽ എത്തുന്ന കിങ് ഓഫ് സെഡാന് 12 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില വരുന്നത്.

ഹൈബ്രിഡ് എഞ്ചിൻ ടോപ്പ് എൻഡ് ZX+ ട്രിമ്മിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പുതുക്കിയ സ്റ്റൈലിംഗ്, അധിക സാങ്കേതികവിദ്യ, ഫീച്ചർ അപ്‌ഗ്രേഡുകൾ എന്നിവയോടെയാണ് ഹോണ്ട സിറ്റിയുടെ 2026 മോഡൽ വിപണിയിലെത്തുന്നത്. അഞ്ചാം തലമുറ ആവർത്തനത്തിന് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റാണിത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് സെഡാന്റെ സ്‌പോർട്ടി സ്വഭാവവും പ്രീമിയം ആകർഷണവും വർധിപ്പിക്കുന്നതിലും ആകർഷകമായ ഡ്രൈവിംഗ് ഡൈനാമിക്സ് നിലനിർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്ലീക്കർ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്ന കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ മാട്രിക്സ്-മെഷ് ഗ്രിൽ ഡിസൈൻ എന്നിവ ഉപയോഗിച്ച് മുൻവശം പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട്. ഇതോടൊപ്പം വലിയ എയർ ഇൻടേക്കുകളും എയറോഡൈനാമിക് ഡീറ്റെയിലിംഗും ഉപയോഗിച്ച് ബമ്പറും പരിഷ്ക്കരിക്കാൻ ഹോണ്ട മറന്നില്ല.

സെഡാന് ഇപ്പോൾ 4,594 മില്ലീമീറ്റർ നീളമുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ എയ്‌റോ ബ്ലേഡ് അലോയ് വീലുകൾ, പുതിയ Z-എഡ്ജ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ ഗാർണിഷ്, സ്‌പോർട്ടി ട്രങ്ക് ലിപ് സ്‌പോയിലർ എന്നിവയും കൂടിയാവുമ്പോൾ ഡിസൈൻ തികച്ചും കാലികമാവുന്നുണ്ട്. കളർ ഓപ്ഷനുകളിൽ ഹോണ്ട പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ ഷേഡും ചേർത്തിട്ടുണ്ട്.
വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന മാറ്റം. ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്കായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, റിയർ സൺഷെയ്ഡ് എന്നിവയാണ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.
കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, e:HEV വേരിയന്റിൽ ലോ സ്പീഡ് ഫോളോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ ഹൈ ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ എന്നിവയുൾപ്പെടെ ഹോണ്ട സെൻസിംഗ് ADAS സവിശേഷതകളും പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ എന്നിവയോടാണ് സിറ്റിയുടെ മത്സരം.


Click it and Unblock the Notifications