സ്വിഫ്റ്റിൽ മഷിയിട്ടാൽ പോലും ഇതൊന്നും കിട്ടില്ല! കൂടുതൽ വൈബായി ഹ്യുണ്ടായിയുടെ ഫോർ സിലിണ്ടർ എഞ്ചിനുള്ള കാർ
മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകളോട് പടപൊരുതി വെന്നിക്കൊടി പാറിച്ച കൊറിയൻ കുട്ടിക്കാറാണ് ഗ്രാൻഡ് i10 നിയോസ് (Hyundai Grand i10 NIOS). ഇവർക്കൊന്നുമില്ലാത്ത വലിയൊരു കാര്യം ഹ്യുണ്ടായി ഹാച്ചിനുണ്ട്. എന്താണന്നല്ലേ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ. സെഗ്മെന്റിലെ ബാക്കി മോഡലുകളെല്ലാം ത്രീ സിലിണ്ടർ എഞ്ചിനുംവെച്ച് ഓടുമ്പോൾ കൂടുതൽ കാര്യക്ഷമമായിട്ടാണ് i10 ഇന്നും നിരത്തുകൾ ഭരിക്കുന്നത്. പല പെട്രോൾ കാറിൽ നിന്നും അന്യം നിന്ന് പോവുന്ന ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇപ്പോഴും നിയോസിലുള്ളത് വലിയ കാര്യം തന്നെയാണ്.
വണ്ടിയെ കൂടുതൽ വൈബാക്കി പുതിയ വൈബ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ഹാച്ച്ബാക്ക് നിരയിലേക്ക് കൂടുതൽ യുവത്വവും സവിശേഷതകളാൽ സമ്പന്നവുമായ പാക്കേജ് ചേർക്കുന്നതിനാണ് ഇത്തരത്തിലൊരു പതിപ്പ് കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം സെഗ്‌മെന്റ് ഫസ്റ്റ് ഡാഷ്‌ക്യാം ഫീച്ചറും പുതിയ ടൈറ്റൻ ഗ്രേ മാറ്റ് കളർ ഓപ്ഷനും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് വൈബ് എഡിഷൻ സ്‌പോർട്‌സ്, സ്‌പോർട്‌സ് (O) വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണെന്നത് കൂടുതൽ വഴക്കം നൽകുന്ന കാര്യമാണ്. ഈ പുത്തൻ മോഡലുകളുടെ എക്സ്ഷോറൂം വില ഇപ്പോൾ 7.09 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ ഗ്രാൻഡ് i10 നിയോസ് വൈബ് എഡിഷൻ സ്‌പോർട്‌സ് മാനുവലിന് വില 7,09,400 രൂപയും സ്‌പോർട്‌സ് വൈബ് എഎംടിയുടെ വില 7,61,400 രൂപയുമാണ്. ടോപ്പ് സ്‌പെക്ക് സ്‌പോർട്‌സ് (O) വൈബ് എഎംടിയുടെ വില 7,73,400 രൂപയുമാണ്. ആസ്റ്റ വേരിയന്റിന്റെ മാനുവൽ പതിപ്പിന് 7,50,700 രൂപയും എഎംടിക്ക് 8,02,600 രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കോംപാക്‌ട് ഹാച്ച്ബാക്കിലേക്ക് വൈബ് എഡിഷൻ അവതരിപ്പിക്കുന്നതിലൂടെ കാറിന് വിഷ്വൽ അപ്‌ഗ്രേഡുകളും അധിക സൗകര്യ സവിശേഷതകളുമാണ് കമ്പനി സമ്മാനിക്കുന്നത്. എക്സ്റ്റീരിയറിലെ ബ്ലാക്ക്-ഔട്ട് അലോയ് വീലുകളും റെഡ് ഇൻസേർട്ടുകളുള്ള ബ്ലാക്ക് ഇന്റീരിയറുകളും സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകാൻ സഹായിച്ചിട്ടുണ്ട്. സെഗ്‌മെന്റ്-ഫസ്റ്റ് ഡാഷ്‌ക്യാം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.
ഡ്രൈവിംഗ് റെക്കോർഡിംഗ്, ഇവന്റ് റെക്കോർഡിംഗ്, വെക്കേഷൻ മോഡ്, മൊബൈൽ ആപ്പ് വഴി ഓൺ-ഡിമാൻഡ് വീഡിയോ ആക്‌സസ് എന്നിങ്ങനെ ഒന്നിലധികം മോഡുകളെ ഡാഷ്‌ക്യാം സപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതൽ സൗകര്യത്തിനായി ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എസി വെന്റുകൾ എന്നിവയും ഗ്രാൻഡ് i10 നിയോസ് വൈബ് എഡിഷന് ലഭിക്കുന്നുണ്ട്. ടിപിഎംഎസ് (ഹൈലൈൻ), സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന 6 എയർബാഗുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷയും മെച്ചപ്പെടുത്തിയിട്ടുണ്ടേ.

ഇതുകൂടാതെ ഡാഷ്‌ക്യാം ഫീച്ചർ കൂടി ചേർത്തുകൊണ്ട് ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ ആസ്‌ത വേരിയന്റും അപ്‌ഡേറ്റ് ചെയ്‌തു. ഫീച്ചർ അപ്‌ഡേറ്റുകൾക്കൊപ്പം, ഹ്യുണ്ടായി ഒരു പുതിയ ടൈറ്റൻ ഗ്രേ മാറ്റ് നിറം അവതരിപ്പിച്ചതും കൂടുതൽ ആളുകളെ ആകർഷിക്കാൻ യോഗ്യമാണ്. ഇത് നിലവിൽ ഈ വിഭാഗത്തിലെ ഏക മാറ്റ് ഫിനിഷ് ഓപ്ഷനാണ് കേട്ടോ. 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ഹൃദയം.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 113.8 Nm ടോർക്ക് വരെ നിർമിക്കാനാവും. കൂടുതൽ ഇന്ധനക്ഷമത വേണ്ടവർക്കായി നിയോസിൽ സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ബൈ-ഫ്യുവൽ സിഎൻജി മോഡലിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും.


Click it and Unblock the Notifications








