5-സ്റ്റാർ സേഫ്റ്റിയുള്ള സെഡാനെ കിടിലമാക്കി ഹ്യുണ്ടായി, സെഗ്മെൻ്റിൽ ഇതുപോലൊരു കാർ വേറെയില്ല
കാലങ്ങളായി ഇന്ത്യക്കാർക്കിടയിൽ കിടന്നുവിലസുന്ന സെഡാൻ മോഡലാണ് ഹ്യുണ്ടായി വെർണ. ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ വമ്പൻമാരോട് മത്സരിച്ച് തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള വാഹനം ഇന്നും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട്. പല തലമുറ മാറ്റങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ സി-സെഗ്മെന്റ് സെഡാന് ഇപ്പോഴിതാ ചില നവീകരണങ്ങളോടെ വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. 2026 മോഡൽ ഇയർ അപ്‌ഡേറ്റുമായി വരുന്ന കാറിന് 10.98 ലക്ഷം മുതൽ 18.25 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ, സേഫ്റ്റി അപ്ഗ്രേഡുകളോടെയാണ് 2026 ഹ്യുണ്ടായി വെർണ വിപണിയിലെത്തിയിരിക്കുന്നത്. പുതിയ വെന്യുവിന് സമാനമായ രീതിയിലാണ് വേരിയൻ്റുകളുടെ പേരും പുത്തൻ വെർണയിൽ സ്വീകരിച്ചിരിക്കുന്നത്. HX2, HX4, HX6, HX6+, HX8, HX10 എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് ഇനി മുതൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മിഡ്-സൈസ് സെഡാൻ വാങ്ങാനാവുക.

പുതിയ വെർണയിൽ 25 ലധികം മെച്ചപ്പെടുത്തലുകളുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. എക്സ്റ്റീരിയറിലെ നവീകരണങ്ങളിലേക്ക് വന്നാൽ കറുത്ത ക്രോം റേഡിയേറ്റർ ഗ്രിൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റീഡിസൈണ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് കാറിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം സെഡാൻ്റെ റോഡ്-പ്രസൻസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
4,565 മില്ലീമീറ്റർ നീളം, 1,765 മില്ലീമീറ്റർ വീതി, 2,670 മില്ലീമീറ്റർ വീൽബേസ് എന്നിവയോടെയാണ് 2026 ഹ്യുണ്ടായി വെർണ നിരത്തിലെത്തുന്നത്. അങ്ങനെ ഇത് സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ സെഡാനുകളിൽ ഒന്നായി മാറുന്നു. വിശാലമായ ക്യാബിൻ സ്പേസുള്ളതിനാൽ കാറിനകത്ത് അന്യായ സ്പേസാണുള്ളതും. 2026 മോഡൽ വെർണയുടെ ഇൻ്റീരിയറിലും ഹ്യുണ്ടായി വമ്പൻ അപ്‌ഗ്രേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ വെർണയിൽ ഇപ്പോൾ ഡി-കട്ട് സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, 8-വേ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, മെമ്മറി ഫംഗ്ഷൻ എന്നിവയുള്ള ഡ്രൈവർ സീറ്റ്, ഫ്രണ്ട് പാസഞ്ചർ സീറ്റിന് 4-വേ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുന്നു. കൂടാടെ റിയർ വിൻഡോ സൺഷേഡ്, പാസഞ്ചർ സീറ്റ് ഇലക്ട്രിക് വാക്ക്-ഇൻ ഡിവൈസ്, 528 ലിറ്റർ ബൂട്ടുള്ള സ്മാർട്ട് ട്രങ്ക് തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും വെർണയിൽ ഇപ്പോൾ ലഭ്യമാണ്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌ക്രീനുകൾ അടങ്ങുന്ന സെഡാന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സജ്ജീകരണമാണ് 2026 ഹ്യുണ്ടായി വെർണ അവതരിപ്പിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, 70-ലധികം കണക്റ്റഡ് ഫീച്ചറുകൾ എന്നിവ കൂടിയാവുമ്പോൾ യാത്രകൾ അടിപൊളിയാവും.

കൂടാതെ 350-ലധികം വോയ്‌സ് കമാൻഡുകളുമുള്ള ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും പുതിയ വെർണയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ബോസ് പ്രീമിയം 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സ്വിച്ചബിൾ ഇൻഫോടെയ്ൻമെന്റ്, ക്ലൈമറ്റ് കൺട്രോൾ ഇന്റർഫേസ്, സറൗണ്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ എന്നിവ ഉൾപ്പെടെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും വെർണയുടെ 2026 മോഡലിൽ ഹ്യുണ്ടായി ചേർത്തിട്ടുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് ഹ്യുണ്ടായി വെർണയ പുതുക്കിപണിതിരിക്കുന്നത്. 75-ലധികം നൂതന സുരക്ഷാ സവിശേഷതകളും 35 സ്റ്റാൻഡേർഡ് സേഫ്റ്റി സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സെഡാൻ നിർമിച്ചിരിക്കുന്നത്. 20 സവിശേഷതകളുള്ള ഹ്യുണ്ടായി സ്മാർട്ട്സെൻസ് ലെവൽ 2 ADAS, ഒരു സെന്റർ എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകൾ, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം, സറൗണ്ട് വ്യൂ മോണിറ്റർ തുടങ്ങിയ സെഗ്‌മെന്റ്-ഫസ്റ്റ് സന്നാഹങ്ങളെല്ലാം 2026 പതിപ്പ് മുതൽ ലഭ്യമാവും.
1.5 ലിറ്റർ MPi പെട്രോൾ, 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് 2026 ഹ്യുണ്ടായി വെർണ സ്വന്തമാക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ ആദ്യത്തെ NA പെട്രോളിന് 115 bhp പവറിൽ 144 Nm torque വരെ നൽകാനാവുന്നതാണ്. ടർബോ എഞ്ചിൻ ഓപ്ഷൻ വാങ്ങുന്നവർക്ക് 160 bhp പവറിൽ 253 Nm torque വരെയാണ് ലഭിക്കുക. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടെ വൈവിധ്യമാർന്ന മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഹ്യുണ്ടായി വെർണ പ്രീമിയം സെഡാൻ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








