പൈസ കുറഞ്ഞ വേരിയന്റിലും ഇനി ADAS! സ്കോഡയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിക്ക് പുതിയ മാറ്റം
പണ്ടത്തെ അപേക്ഷിച്ച് സാധാരണക്കാർക്ക് വരെ സ്വപ്നം കാണാനും നേടിയെടുക്കാനുമാവുന്ന വിധത്തിൽ ജനകീയരായി മാറിയിരിക്കുകയാണ് സ്കോഡ (skoda) കാറുകൾ. വലിയ മെയിന്റനെൻസ് കോസ്റ്റ് ഒന്നുമില്ലാതെ ഓമനിച്ച് കൊണ്ടുനടക്കാൻ പറ്റിയ എസ്‌യുവികളും സെഡാനുകളുമാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ നിരയിൽ ഇപ്പോഴുള്ളത്. കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ വിൽക്കുന്നതെല്ലാം ജനപ്രിയരാണ്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാനും സ്കോഡ പ്രത്യേകം ശ്രമിക്കാറുണ്ട്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ((Toyota Fortuner SUV)) എതിരാളിയായ എസ്‌യുവിയിലേക്കാണ് കമ്പനി പുത്തനൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
സ്കോഡ തങ്ങളുടെ മുൻനിര എസ്‌യുവി മോഡലായ കൊഡിയാക്കിന്റെ മോഡൽ ഇയർ അപ്‌ഡേറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. കൊഡിയാക്കിന്റെ സേഫ്റ്റി കൂട്ടുന്ന ചില പൊടികൈകളും ഇത്തവണ പ്രയോഗിച്ചിട്ടുണ്ട്. മിഡ്-വേരിയന്റിൽ ADAS സ്യൂട്ട് ചേർത്തതാണ് ഏറ്റവും വലിയ ചർച്ചാ വിഷയം. കൂടാതെ മറ്റ് ചില ഫീച്ചറുകൾ ലോവർ വേരിയന്റുകളിൽ സ്റ്റാൻഡേർഡാക്കുകയും ചെയ്‌തുവെന്നാണ് കമ്പനി പറയുന്നത്.

പുതുക്കിയ 2026 മോഡൽ കൊഡിയാക്കിന്റെ വിലകൾ ഇതുവരെ സ്കോഡ പ്രഖ്യാപിച്ചിട്ടില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ ഫുൾ-സൈസ് എസ്‌യുവിയിലെ പ്രധാന കൂട്ടിച്ചേർക്കൽ ADAS സ്യൂട്ടാണ്. ഇതിൽ ഏഴോളും സുരക്ഷാ സവിശേഷതകളാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ടൽ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സൈഡ് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട്, എക്സിറ്റ് വാണിംഗ് സിസ്റ്റം എന്നിവയാണ് ആ ഫീച്ചറുകൾ.
മിഡ്-സ്പെക്ക് കൊഡിയാക് സ്പോർട്‌ലൈൻ, ടോപ്പ്-സ്പെക്ക് സെലക്ഷൻ ലോറിൻ ആൻഡ് ക്ലെമന്റ് വേരിയന്റുകളിലാണ് ഇപ്പോൾ ADAS ലഭ്യമാക്കിയിരിക്കുന്നത്. ADAS സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യയിൽ വിൽപ്പനയിലുള്ള ഒരേയൊരു സ്കോഡ മോഡലാണ് കൊഡിയാക് എന്നത് ശ്രദ്ധേയമാണ്. ഈ കൂട്ടിച്ചേർക്കൽ കൊഡിയാക്കിനെ അതിന്റെ നേരിട്ടുള്ള എതിരാളിയായ ഫോക്‌സ്‌വാഗൺ ടെയ്‌റോണുമായി കൂടുതൽ തുല്യതയിലെത്തിക്കാൻ സഹായിക്കും.

ഡ്രൈവർ അസിസ്റ്റൻസ് അപ്‌ഗ്രേഡിന് പുറമേ 2026 കൊഡിയാക് സ്‌പോർട്‌ലൈൻ വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും ഗ്രിൽ-എംബെഡഡ് എൽഇഡി സ്ട്രിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ രണ്ട് സവിശേഷതകളും മുമ്പ് ടോപ്പ്-സ്പെക്ക് കൊഡിയാക് സെലക്ഷൻ L & K ട്രിമ്മിൽ മാത്രമായിരുന്നു വാഗ്ദാനം ചെയ്‌തിരുന്നത്. ഈ മോഡൽ ഇയർ അപ്‌ഡേറ്റിൽ ബേസ് കൊഡിയാക് ലോഞ്ച് 5-സീറ്റർ വേരിയന്റിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം മെക്കാനിക്കൽ വശങ്ങളിൽ എസ്‌യുവിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല കേട്ടോ. 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം. 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന TSI എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വലിയ 7-സീറ്റർ എസ്‌യുവിയാണെങ്കിലും ലിറ്ററിന് 14.86 കിലോമീറ്റർ മൈലേജും എസ്‌യുവിയിൽ അവകാശപ്പെടുന്നുണ്ട്.

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്മാർട്ട് ഡയലുകൾ, റോട്ടറി നോബുകൾ, ക്ലൈമറ്റ്, മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ പോലുള്ള തകർപ്പൻ ഫീച്ചറുകളാലും കൊഡിക്കിന്റെ ഭാഗമാണ്.
സേഫ്റ്റിയുടെ കാര്യമെടുത്താൽ ADAS ടെക്കിന് പുറമെ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം സ്കോഡ കൊഡിയാക്കിലുണ്ട്. നിലവിൽ എസ്‌യുവിയുടെ ബേസ് ലോഞ്ച് വേരിയന്റിന് 39.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് വേരിയന്റുകൾക്ക് യഥാക്രമം 43.99 ലക്ഷം രൂപയും 46.49 ലക്ഷം രൂപയുമാണ് ഇപ്പോഴത്തെ വില.


Click it and Unblock the Notifications