ടൊയോട്ടയുടെ പുതിയ 13 സീറ്റർ വാൻ എത്തി, ട്രാവലറിന് ഒത്ത എതിരാളി! പക്ഷേ ഇന്ത്യക്കാർക്ക് വാങ്ങാൻ വഴിയില്ല
ഒരു ഗ്രൂപ്പിന് ഒന്നിച്ച് ട്രിപ്പ് പോവാൻ പ്ലാൻ ചെയ്യുമ്പോഴേ ആദ്യം ഇപ്പോൾ മനസിലേക്ക് ഓടിയെത്തുന്ന വാഹനമായിരിക്കും ഫോഴ്‌സ് അർബാനിയ. എസി ക്യാബിനും നല്ല യാത്രാസുഖവുമെല്ലാം തരുന്ന മോഡൽ ട്രാവലറിന് വരെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം ആളുകൾക്ക് പറ്റിയൊരു വാഹനം ടൊയോട്ടയിലുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഹൈഏസ് എന്ന വാൻ മോഡലിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലെങ്കിലും ഗൾഫ് രാജ്യങ്ങളിലുള്ളവർക്കെല്ലാം ഈ മോഡൽ ഏറെ പരിചിതമായിരിക്കും. വലിയ കൂട്ടുകുടുംബമായോ അല്ലെങ്കിൽ കൂട്ടുകാരുമായോ ഉല്ലാസയാത്ര പോവാൻ പറ്റിയ ഹൈഏസിനെ ഇന്ത്യക്കാരും ഏറെക്കാലമായി കാത്തിരിക്കുന്നുണ്ട്.
ഇതുവരെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതികളൊന്നും ആവിഷ്ക്കിരിച്ചിട്ടില്ലെങ്കിലും ഹൈഏസിൻ്റെ ആറാംതലമുറ ആവർത്തനത്തെ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. ടൊയോട്ടയുടെ ജന്മദേശമായ ജപ്പാനിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും ചേർത്താണ് ന്യൂജെൻ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ വിശദാംശങ്ങളിലേക്ക് കടന്നാലോ?

കാഴ്ച്ചയിൽ വലിയ മാറ്റമൊന്നും കാണാനൊക്കില്ലെങ്കിലും പുതിയ ബൈ-എൽഇഡി ഹെഡ്‌ലൈറ്റ് സിഗ്നേച്ചറുകളാണ് ഇപ്പോൾ വാഹനത്തിന് ലഭിക്കുന്നത്. ഇതൊഴികെ ഡിസൈനിൽ കൈവെക്കാതെയാണ് ടൊയോട്ട വണ്ടി നവീകരിച്ചെടുത്തിരിക്കുന്നത്. ഇൻ്റീരിയറിൽ മാറ്റങ്ങൾ കാര്യമായി തന്നെ കൊണ്ടുവന്നിട്ടുണ്ടെന്ന് പറയാം. അകത്തേക്ക് കയറിയാൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയ അപ്‌ഡേറ്റുകൾ കാണാൻ കഴിയും.
ഇവ രണ്ടും ഇപ്പോൾ 2026 ഹൈഏസിൻ്റെ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. നാവിഗേഷനും പനോരമിക് വ്യൂ മോണിറ്റർ സവിശേഷത ആക്‌സസ് ചെയ്യുന്നതിനും ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കാം. പുതിയ റിയർ ഡോർ സ്റ്റോപ്പ് ഫംഗ്ഷൻ പോലുള്ള സവിശേഷതകൾക്കൊപ്പമാണ് ബേസ് വേരിയൻ്റിനെ വരെ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹൈഏസിൻ്റെ സൂപ്പർ GL ടോപ്പ് വേരിയൻ്റിൽ സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമായി ഹീറ്റഡ് ഫങ്ഷനുള്ള ഫ്രണ്ട് സീറ്റുകളും ലഭിക്കുന്നുണ്ട്.

2026 ടൊയോട്ട ഹൈഏസിനൊപ്പം യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത മോഡൽ ടൊയോട്ടയുടെ ഏറ്റവും പുതിയ സേഫ്റ്റി സെൻസ് സ്യൂട്ടുമായാണ് വിപണനത്തിന് എത്തുന്നത്. ഇത് ADAS ഫീച്ചറുകളുടെ സമഗ്രമായ ശ്രേണിയാണ് കൊണ്ടുവരുന്നത്. ലെയ്ൻ ചേഞ്ച് അസിസ്റ്റ്, കർവ് സ്പീഡ് കൺട്രോളോടുകൂടിയ റഡാർ ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ് എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.
കൂടുതൽ ശക്തമായ പ്രീ-ക്രാഷ് സുരക്ഷാ സംവിധാനവും വാനിന് ലഭിക്കുന്നു. വിപുലമായ ഓപ്ഷണൽ അപ്‌ഗ്രേഡുകളും ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നത് ഹൈഏസ് തുടരും. ഇതിൽ എക്സ്റ്റീരിയർ സ്റ്റൈലിംഗ് കിറ്റുകളും മോഡലിസ്റ്റ, ജിആർ പാർട്‌സ് എന്നിവയിൽ നിന്നുള്ള ഇന്റീരിയർ കസ്റ്റമൈസേഷനുകളും ഉൾപ്പെടുന്നു. വിനോദ, വാണിജ്യ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഔദ്യോഗിക ടൊയോട്ട ആക്‌സസറികളും ലഭ്യമാണ്.

2026 ടൊയോട്ട ഹൈഏസ് 13 സീറ്റർ മുമ്പത്തെ അതേ എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് എത്തിയിരിക്കുന്നത്. 160 bhp കരുത്തിൽ 182 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൻ്റെ ഹൃദയം. വാങ്ങുന്നവർക്ക് 151 bhp, 300 Nm ടോർക്ക് എന്നിവയുള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിനും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. RWD, 4WD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ ഹൈഏസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








