515 KM റേഞ്ചുള്ള പുത്തൻ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുമായി ടൊയോട്ട, ഇന്ത്യ കാത്തിരിക്കേണ്ടി വരും
ഇന്ത്യക്കായി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ആഗോള വിപണിക്കും പുത്തൻ ഇവി സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഹൈലാൻഡർ (Toyota Highlander) എന്ന ഐക്കണിക് സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് ബ്രാൻഡ് ഇലക്ട്രിക് വേഷമണിയിച്ച് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. യുഎസിനായുള്ള ടൊയോട്ടയുടെ ആദ്യത്തെ മൂന്ന്-വരി ബാറ്ററി ഇലക്ട്രിക് വാഹനമാണിത് എന്നതും വലിയൊരു പ്രത്യേകതയാണ്. കെന്റക്കിയിൽ പ്രാദേശികമായി കൂട്ടിച്ചേർത്താണ് അമേരിക്കയിൽ ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. ബാറ്ററി ഘടകങ്ങൾ അടുത്തിടെ സ്ഥാപിതമായ നോർത്ത് കരോലിന പ്ലാൻ്റിലാവും നിർമിക്കുക.
ജാപ്പനീസ് വാഹന നിർമാതാക്കളുടെ തന്നെ പുനർനിർമിച്ച TNGA-K പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹൈലാൻഡർ ഇവി പണികഴിപ്പിക്കുന്നത്. ക്യാബിൻ ഫ്ലോറിനടിയിൽ ഒരു വലിയ ബാറ്ററി സംയോജിപ്പിക്കുന്നതിനായാണ് ഈ പ്ലാറ്റ്ഫോം റീഡിസൈൻ ചെയ്‌തിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 2027 ടൊയോട്ട ഹൈലാൻഡർ വൃത്തിയുള്ളതും കൂടുതൽ എയറോഡൈനാമിക്കുമായ ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്.

വിശാലമായ ഫെൻഡറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഫുൾ-വിഡ്ത്ത് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചർ എന്നിവ ഇവിക്ക് മനോഹരമായ രൂപം സമ്മാനിക്കുന്നുമുണ്ട്. എസ്‌യുവി സ്റ്റാൻഡേർഡായി 19 ഇഞ്ച് വീലുകളാണ് അവതരിപ്പിക്കുന്നത്. ഇൻ്റീരിയറിലേക്ക് കയറിയാലും ആർക്കും ഇഷ്‌ടമാവുന്ന തരത്തിലാണ് ഇൻ്റീരിയറും പണികഴിപ്പിച്ചിരിക്കുന്നത്. 14 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡാണ്.
ടൊയോട്ടയുടെ ഏറ്റവും പുതിയ മൾട്ടിമീഡിയ സിസ്റ്റവും 'സേഫ്റ്റി സെൻസ് 4.0' പതിപ്പും ഇലക്ട്രിക് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, പ്രീ-കൊളീഷൻ വാണിംഗ് തുടങ്ങിയ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളും ഇവിയുടെ മാറ്റ് കൂട്ടും. കോൺഫിഗറേഷൻ അനുസരിച്ച് 7 യാത്രക്കാർക്ക് വരെ പുതിയ ടൊയോട്ട ഹൈലാൻഡർ എസ്‌യുവിയിൽ സഞ്ചരിക്കാം.

ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഇവിയിൽ സ്റ്റാൻഡേർഡായി വരുന്നുവെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. കൂടാതെ കാബിനിൽ ഡാഷ്‌ബോർഡിലും ഡോറുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. ടോപ്പ് ട്രിമ്മുകളിൽ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഹീറ്റഡ് സംവിധാനമുള്ള രണ്ടാം നിര സീറ്റുകളും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. മൂന്നാം നിര സീറ്റുകൾ മടക്കിയാൽ, ബൂട്ട് സ്പേസ് 1,274 ലിറ്ററിൽ കൂടുതലായി വർധിപ്പിക്കാനും സാധിക്കുന്നതാണ്.
77.0 kWh, 95.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ഹൈലാൻഡർ ഇവി തെരഞ്ഞെടുക്കാനാവും. ഉയർന്ന ശേഷിയുള്ള ബാറ്ററിയിൽ ഓൾ-വീൽ-ഡ്രൈവ് സംവിധാനം വരെയുണ്ടെന്നതും ശ്രദ്ധേയമാണ്. ഫുൾ ചാർജിൽ ഹൈലാൻഡർ ഇലക്ട്രിക് എസ്‌യുവിക്ക് 434 കിലോമീറ്റർ മുതൽ 515 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. പെർഫോമൻസിൻ്റെ കാര്യത്തിലും മോഡൽ കിടുവാണ്.

ഹൈലാൻഡർ ഇവിയുടെ ഫ്രണ്ട്-വീൽ-ഡ്രൈവ് പതിപ്പുകൾ 224 bhp പവറിൽ പരമാവധി 268 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം കോൺഫിഗറേഷൻ അനുസരിച്ച് ഓൾ-വീൽ-ഡ്രൈവ് വകഭേദങ്ങൾ 343 bhp കരുത്തിൽ 438 Nm ടോർക്കും വികസിപ്പിക്കുന്നതായിരിക്കും. എസ്‌യുവിയിൽ നോർത്ത് അമേരിക്കൻ ചാർജിംഗ് സിസ്റ്റം (NACS) പോർട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി യുഎസിലെ വിശാലമായ DC ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കിലേക്ക് ടൊയോട്ട ഹൈലാൻഡർ ഇലക്ട്രിക് എസ്‌യുവിക്ക് ആക്‌സസും ലഭിക്കും.
ഇവി വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനത്തെയും സപ്പോർട്ട് ചെയ്യുന്നതിനാൽ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും. മൾട്ടി-ടെറൈൻ സെലക്ട്, ക്രാൾ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും AWD വകഭേദങ്ങളിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് പ്ലാറ്റ്‌ഫോമിന്റെ കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രവും സഡൺ ടോർക്ക് ഡെലിവറിയും ദൈനംദിന ഉപയോഗക്ഷമത നിലനിർത്തിക്കൊണ്ട് കിടിലൻ ഹാൻഡിലിംഗും മികച്ച ആക്സിലറേഷനും നൽകുമെന്നും ടൊയോട്ട പറയുന്നു.


Click it and Unblock the Notifications








