ന്യൂ ലുക്കിൽ ഇന്നോവ ക്രിസ്റ്റ, നിർത്തലാക്കുന്നതിന് മുമ്പ് കൂടുതൽ സുന്ദരനായി എംപിവികളിലെ രാജാവ്
ഇന്ത്യയിലെ എംപിവികളിലെ സുൽത്താനായി അറിയപ്പെടുന്ന മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ (Toyota Innova Crysta). ക്രിസ്റ്റയായും ഹൈക്രോസായും ഇന്നും വിപണിയിൽ വിറ്റഴിക്കുന്ന ഇന്നോവ യാത്രാ സുഖത്തിലൂടെയാണ് ഇന്ത്യക്കാരുടെ പ്രിയങ്കരനായി മാറിയത്. കൂടെ ഡീസൽ എഞ്ചിന്റെ സാന്നിധ്യവും തരക്കേടില്ലാത്ത മൈലേജും കുറഞ്ഞ മെയിന്റനെൻസും ആയപ്പോൾ ഹേറ്റേഴ്‌സില്ലാത്ത 7-സീറ്റർ മോഡലായി ഇന്നോവ പേരെടുത്തു. ശരിക്കും മൂന്ന് തലമുറ ആവർത്തനങ്ങളിൽ പുറത്തിറക്കിയിട്ടുണ്ടെങ്കിലും രണ്ടാമനായ ക്രിസ്റ്റയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. അടുത്ത വർഷത്തോടെ നിർത്തലാക്കാൻ പോവുകയാണെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് ക്രിസ്റ്റയെന്ന ഡീസൽ മോഡൽ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ നിർത്തലാക്കാൻ പോവുന്നതിന് മുന്നോടിയായി ന്യൂ ലുക്കിൽ വിപണിയിലെത്തിയിരിക്കുകയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ടുള്ള ചെറിയൊരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണമാണ് ഇന്ത്യക്കാരുടെ സ്വന്തം എംപിവിക്ക് ലഭിച്ചിരിക്കുന്നത്. 2027 ഓടെ വിപണിയോട് ഗുഡ്ബൈ പറഞ്ഞ് പടിയിറങ്ങാൻ പോകുന്ന ഇന്നോവയുടെ അവസാനത്തെ മുഖംമിനുക്കൽ കൂടിയാവുമിത്.

പുതുക്കി പണിതതിന് ശേഷം പുത്തൻ 2026 ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 19.72 ലക്ഷം രൂപ മുതൽ 26.63 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതായത് നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് ഇന്നോവയുടെ വില 32,000 രൂപ മുതൽ 83,000 രൂപ വരെ ഉയർന്നുവെന്ന് സാരം. 7 സീറ്റർ അല്ലെങ്കിൽ 8 സീറ്റർ കോൺഫിഗറേഷനിൽ വിപണിയിലെത്തുന്ന വാഹനം GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും.
രൂപം മിനുക്കിയിട്ടുണ്ടെങ്കിലും ക്രിസ്റ്റയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇനി എന്തൊക്കെയാണ് 2026 മോഡലിലേക്ക് എത്തിയിരിക്കുന്ന കോസ്മെറ്റിക് മാറ്റങ്ങളെന്ന് നോക്കിയാലോ? പുതുക്കിയ ക്രിസ്റ്റയ്ക്ക് പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ക്രോം ബമ്പർ ഗാർണിഷുകളും ലഭിക്കുന്നതാണ് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കുന്ന കാര്യം. മുൻവശത്തെപ്പോലെ തന്നെ പിൻവശത്തെയും ബമ്പർ ഗാർണിഷുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വേരിയന്റിനെ ആശ്രയിച്ച് ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഹാലൊജൻ ഫോഗ് ലാമ്പുകൾ, 16 അല്ലെങ്കിൽ 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകളും പുത്തൻ ലുക്കിലെത്തുന്ന ഇന്നോവ ക്രിസ്റ്റയുടെ എക്സ്റ്റീരിയറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഇതിന് പുതിയ ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
കൂടാതെ സ്റ്റിയറിംഗ് വീൽ, ഡോർ ട്രിമ്മുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഗ്രേസ് കോപ്പറിൽ പൂർത്തിയാക്കിയിട്ടുണ്ട്. എസി കൺട്രോളുകൾ, സ്വിച്ചുകൾ, രണ്ടാം നിര യാത്രക്കാർക്കുള്ള സീറ്റ്ബാക്ക് ടേബിൾ എന്നിവയിലും വിശദമായ അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. പ്രായോഗികത വർധിപ്പിക്കുന്നതിനായി VX, ZX ട്രിമ്മുകളിൽ വയർലെസ് ചാർജർ, ZX വേരിയന്റിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ചേർത്തിട്ടുണ്ട്.

ആംബിയന്റ് ലൈറ്റുകൾ, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ മോടികൂട്ടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ മെക്കനാക്കലായി എംപിവിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.4 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം.
5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇക്കോ, പവർ ഡ്രൈവ് മോഡുകൾ സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയുമായാണ് ഇന്നോവ വിപണിയിലെത്തുന്നത്. ആവശ്യമെങ്കിൽ 5 വർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും ആളുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications