Acer Faster Awards 2026: പുരസ്‌കാര നിറവില്‍ മഹീന്ദ്ര XEV 9e ഇവിയും അപ്പാച്ചെ RTX അഡ്വഞ്ചർ ബൈക്കും
ഇന്ത്യൻ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസർ ഫാസ്റ്റർ അവാർഡ്‌സിൻ്റെ അഞ്ചാം പതിപ്പിന് ഡൽഹി എൻസിആറിൽ സമാപനം. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ അസോസിയേഷനാണ് ഫാസ്റ്റർ (FASTER). ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്‌ട്രോണിക് റിയലം എന്നാണ് ഇതിന്റെ പൂർണ രൂപം. ഫാസ്റ്റർ അവാർഡ്‌സിൻ്റെ ടൈറ്റിൽ സ്പോൺസറായ ഏസർ ഇന്ത്യയും അസോസിയേറ്റ് സ്പോൺസറായ സ്പാർക്ക് മിൻഡ ലിമിറ്റഡുമായി സഹകരിച്ചാണ് 2025-ലെ മികച്ച മികച്ച വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, വ്യക്തിത്വങ്ങൾ എന്നിവയെ കണ്ടെത്തുന്നത്. ഉൽപ്പന്ന, ഉൽപ്പന്നേതര വിഭാഗങ്ങളിലായി പതിമൂന്ന് വിജയികളെയാണ് കണ്ടെത്തിയിരിക്കുന്നത്.
2026 ഏസർ ഫാസ്റ്റർ കാർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മഹീന്ദ്ര XEV 9E ഇവിയും മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചർ ടൂററുമാണ്. കാർ ഓഫ് ദി ഇയർ പദവിക്കായി ഇൻ്റേണൽ കമ്പഷൻ എഞ്ചിനും (ICE) ഇലക്ട്രിക് വാഹനങ്ങളും ഒരുമിച്ച് വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മികച്ച വാഹനമായി ഒരു ഇലക്ട്രിക് കാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

വിജയികളെ പക്ഷപാതരഹിതമായാണ് തെരഞ്ഞെടുക്കുന്നത് എന്നുറപ്പാക്കാൻ ഒരു സ്വതന്ത്ര മൂല്യനിർണയ ഏജൻസിയായ മാർക്കറ്റ്സ് ആൻഡ് മാർക്കറ്റ്സാണ് വിധി നിർണയ പ്രക്രിയകൾ നിരീക്ഷിച്ചത്. ഇന്ത്യയിലെ പ്രമുഖ സ്വതന്ത്ര ഓട്ടോമോട്ടീവ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള മുതിർന്ന എഡിറ്റർമാരും പത്രപ്രവർത്തകരുമാണ് ഏസർ ഫാസ്റ്റർ അവാർഡ്‌സിൻ്റെ ജൂറിയിൽ ഉൾപ്പെടുന്നത്. ഓട്ടോമൊബൈൽ ജേണലിസം മേഖലയിലെ ഏറ്റവും പരിചയസമ്പന്നരായവരാണ് ജൂറിയിലുള്ളത്.
പ്രമീത് ഘോഷ് (ഡ്രൈവ്സ്പാർക്ക്), ഗൗരവ് യാദവ് (ഗാഡിവാഡി), റോഷൻ ജോസഫ് (പൈലറ്റ് ഓൺ വീൽസ്), രോഹിത് ഖുറാന (കാർബ്ലോഗ് ഇന്ത്യ), അമിത് ചങ്കാനി (മോട്ടോറോയിഡ്സ്), നരേൻ ശർമ്മ (ഗിയർഫ്ലിക്ക്) എന്നിവരാണ് ഏസർ ഫാസ്റ്റർ അവാർഡ്‌സിൻ്റെ ജൂറി അംഗങ്ങൾ. നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ വാഹനങ്ങളും യോഗ്യത നേടുന്നതിന് നിർബന്ധിത ഹാൻഡ്‌സ്-ഓൺ അസസ്‌മെന്റിന് വിധേയമാകണമെന്നതായിരുന്നു ചട്ടം.

മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിൽ നിർമിച്ച മഹീന്ദ്ര XEV 9E കഴിഞ്ഞ വർഷം അവതരിപ്പിച്ച ഏറ്റവും മികച്ച വാഹനമായി തെരഞ്ഞെടുക്കപ്പെട്ടതിൽ വലിയ അതിശയമൊന്നും വേണ്ട. 656 കിലോമീറ്റർ റേഞ്ച്, 180 kW DC ഫാസ്റ്റ് ചാർജിംഗ്, സ്‌നാപ്ഡ്രാഗൺ-പവർഡ് സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് ആർക്കിടെക്ചർ, 5-സ്റ്റാർ ഭാരത് NCAP റേറ്റിംഗ് എന്നിവയെല്ലാം ഈയൊരു വിലയ്ക്ക് നൽകുന്ന മറ്റൊരു വാഹനം രാജ്യത്തില്ല. ഇതിനകം 30,000-ത്തിലധികം ഡെലിവറികൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇവി ബംബർ ഹിറ്റിലൂടെയാണ് കടന്നുപോവുന്നത്.
അതേസമയം ടിവിഎസ് മോട്ടോർ കമ്പനി സ്വന്തമായി നിർമിച്ച ആദ്യത്തെ അഡ്വഞ്ചർ മോട്ടോർസൈക്കിളായ അപ്പാച്ചെ RTX 300 രാജ്യത്ത് വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. 299 സിസി ലിക്വിഡ്-കൂൾഡ് DOHC എഞ്ചിൻ, റൈഡ്-ബൈ-വയർ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്ഷിഫ്റ്റർ, 180 എംഎം സസ്‌പെൻഷൻ ട്രാവൽ എന്നിവയെല്ലാം 1.99 ലക്ഷം രൂപയ്ക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തെരഞ്ഞെടുക്കാൻ 3 വേരിയൻ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഇനി മറ്റ് പുരസ്ക്കാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാൽ ഡിസൈൻ ഓഫ് ദി ഇയർ അവാർഡ് ടാറ്റ സിയറയ്ക്കും ഇലക്ട്രിക് ടൂ-വീലർ ഓഫ് ദി ഇയറായി അൾട്രാവയലറ്റ് X47 ഇവിയും പ്രീമിയം കാർ ഓഫ് ദി ഇയർ പുരസ്കാരം BMW X3 മോഡലും സ്വന്തമാക്കി. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യക്കാരെ സേവിക്കുന്ന ഹോണ്ട ആക്ടിവയ്ക്ക് ടൂ-വീലർ വിഭാഗത്തിൽ ടൈംലെസ് ഐക്കൺ അവാർഡ് ലഭിച്ചപ്പോൾ ഫോർ വീലർ വിഭാഗത്തിൽ ടൊയോട്ട ഇന്നോവയാണ് സമ്മാനത്തിന് അർഹമായത്.
സ്കൂട്ടർ ഓഫ് ദി ഇയറായി സുസുക്കി ആക്‌സസും പ്രീമിയം മോട്ടോർസൈക്കിൾ ഓഫ് ദി ഇയറായി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ഉം തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അപ്ഡേറ്റ് ഓഫ് ദി ഇയർ അവാർഡ് ടൂവീലർ വിഭാഗത്തിൽ ഹാർലി ഡേവിഡ്‌സൺ X440 T സ്വന്തമാക്കിയപ്പോൾ ഫോർ വീലർ വിഭാഗത്തിൽ കിയ കാരെൻസ് ക്ലാവിസ് ഇവിയാണ് പുരസ്ക്കാരം നേടിയത്. ഇനി ൽപ്പന്നേതര വിഭാഗങ്ങളിലെ പുരസ്ക്കാര നേട്ടങ്ങൾ നോക്കാം.
ഓട്ടോ ക്യാമ്പയിൻ ഓഫ് ദി ഇയർ: സ്കോഡ ഇന്ത്യ - ഒക്ടാവിയ RS (ചാണക്യ ക്യാമ്പയിൻ)
സിഎസ്ആർ ഇനിഷ്യേറ്റീവ്സ് അവാർഡ്: ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ
ഓണർ അവാർഡ്: സഞ്ജയ് 'ഹാർഡി' ശർമ്മ (മരണാനന്തരം)
മോട്ടോർസ്പോർട്സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ: കുഷ് മൈനി
പിആർ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ: ശ്രീനിവാസ് കൃഷ്ണൻ, SVP, അഡ്‌ഫാക്‌ടേഴ്‌സ് പിആർ
കമ്മ്യൂണിക്കേഷൻസ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ: ആനന്ദ് വി, വിൻഫാസ്റ്റ് ഇന്ത്യ
പിആർ ടീം ഓഫ് ദി ഇയർ: പിആർ പണ്ഡിറ്റ് ഹവാസ് റെഡ് - ഓട്ടോ ഡിവിഷൻ
കമ്മ്യൂണിക്കേഷൻസ് ടീം ഓഫ് ദി ഇയർ: വിൻഫാസ്റ്റ് ഇന്ത്യ
ഇൻഡസ്ട്രി പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ: തരുൺ ഗാർഗ്, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ
ടെക്നോളജി ഓഫ് ദി ഇയർ: മഹീന്ദ്ര INGLO പ്ലാറ്റ്‌ഫോം
ന്യൂ എൻട്രന്റ് ഓഫ് ദി ഇയർ: വിൻഫാസ്റ്റ് ഇന്ത്യ


Click it and Unblock the Notifications








