ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്ന ഫീച്ചർ, കുറഞ്ഞ വിലയിൽ 360 ഡിഗ്രി ക്യാമറ ലഭിക്കുന്ന കാറുകൾ
സൺറൂഫ് പോലെ തന്നെ അടുത്തിടെ ജനങ്ങൾക്കിടയിൽ വലിയ തരംഗമായ ഫീച്ചറുകളിൽ ഒന്നാണ് 360 ഡിഗ്രി ക്യാമറ. ഡ്രൈവിംഗിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിംഗ് എളുപ്പമാക്കാനുമൊക്കെ ഏറെ സഹായകരമാവുന്ന ഈ സവിശേഷത ഇപ്പോൾ ചെറിയ ബജറ്റിലുള്ള മോഡലുകളിൽ വരെ ലഭ്യമാണ്. ഡ്രൈവിംഗിലെ പ്രധാന വെല്ലുവിളിയായ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വരെ ഒഴിവാക്കാൻ 360 ഡിഗ്രി ക്യാമറ കൊണ്ട് സഹായിക്കുമെന്നതും പ്രധാന ഗുണമാണ്. വാഹനത്തിന്റെ പലഭാഗത്തായി ഘടിപ്പിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഡ്രൈവറിലേക്ക് എത്തിക്കുന്നത്. ഈ ഫീച്ചർ ലഭ്യമാവുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?
ടാറ്റ ടിയാഗോ
ഏറ്റവും പുതിയ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയത് 360-ഡിഗ്രി ക്യാമറ ഫീച്ചറോടെയാണ്. നിലവിൽ ഈയൊരു സവിശേഷത ഏറ്റവും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നതും ഈ കോംപാക്‌ട് ഹാച്ച്ബാക്കാണ്. ടിയാഗോയുടെ ക്രിയേറ്റീവ് വേരിയന്റ് മുതൽ 360-ഡിഗ്രി ക്യാമറ ലഭ്യമാകും. 4.69 ലക്ഷം മുതൽ 7.99 ലക്ഷം വരെയാണ് പുതുമോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

ടാറ്റ പഞ്ച്
ടാറ്റ മോട്ടോർസിന്റെ മൈക്രോ എസ്‌യുവി മോഡലായ പഞ്ചും 360-ഡിഗ്രി ക്യാമറ ഫീച്ചറോടെയാണ് വിപണിയിലെത്തുന്നത്. കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ അഡ്വഞ്ചർ ട്രിം മുതൽ ഈയൊരു സവിശേഷത ലഭ്യമാവുന്നതാണ്. 7.65 ലക്ഷം മുതലാണ് ഈ വേരിയന്റിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
മാരുതി ബലേനോ
ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനോയും 360 ഡിഗ്രി ക്യാമറ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ജനകീയ കാറുകളിൽ ഒന്നാണ്. 8.59 ലക്ഷം രൂപ വില വരുന്ന ആൽഫ വേരിയന്റ് മുതലാണ് ബലേനോയിൽ ഈയൊരു ഫീച്ചർ ലഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ചിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

നിസാൻ മാഗ്നൈറ്റ്
നിസാന്റെ കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റിന്റെ ടെക്ന വേരിയന്റ് മുതലാണ് 360 ഡിഗ്രി ക്യാമറ ഫീച്ചർ ലഭ്യമാവുന്നത്. 8.36 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ളത്. ഈ ഫീച്ചർ ലഭ്യമാവുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളിൽ ഒന്നായി മാഗ്നൈറ്റും മാറുന്നുണ്ട്. ഡ്രൈവറുടെ സൗകര്യാർത്ഥം ഈ സറൗണ്ട്-വ്യൂ സവിശേഷത വാഗ്ദാനം ചെയ്യുന്ന മികച്ച മോഡലുകളിൽ ഒന്നുകൂടിയാണിത്.
ടാറ്റ ആൾട്രോസ്
ഇന്ത്യയിൽ ഏറ്റവും സേഫ്റ്റിയുള്ള ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസിന്റെ ക്രിയേറ്റീവ് ട്രിം മുതൽ ഓപ്ഷണൽ HD 360-ഡിഗ്രി ക്യാമറയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ 360-ഡിഗ്രി ക്യാമറയുടെ റെസല്യൂഷനും ക്ലാരിറ്റിയും വളരെ ശ്രദ്ധേയമാണ്. എഞ്ചിനുകളുടെ കാര്യത്തിൽ 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ, സിഎൻജി, 1.5-ലിറ്റർ 4-സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓപ്ഷനുകളിലാണ് ആൾട്രോസ് വാങ്ങാനാവുക.

റെനോ കൈഗർ
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗറിന്റെ ടോപ്പ് വേരിയന്റിലാണ് 360-ഡിഗ്രി ക്യാമറ ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുന്നത്. ലിസ്റ്റിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് വില അൽപം കൂടുതലാണെങ്കിലും കൈഗറിലെ 360-ഡിഗ്രി ക്യാമറ ഒരു പനോരമിക് ബേർഡ്-വ്യൂ ആണ് പ്രദാനം ചെയ്യുന്നത്. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഈ എസ്‌യുവി ലഭ്യമാണ്.
സിട്രൺ C3
സിട്രൺ C3 ഹാച്ച്ബാക്കിനെ പുതിയ X ഷൈൻ ടോപ്പ്-സ്പെക്ക് ട്രിമ്മിൽ ഓപ്ഷണലായി 360 ഡിഗ്രി ക്യാമറ കമ്പനി ഒരുക്കിയിട്ടുണ്ട് . ഇതിനായി 25,000 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്. ഈ അധിക ചിലവ് ഉണ്ടായിരുന്നിട്ടും, 360-ഡിഗ്രി ക്യാമറയുള്ള ഏറ്റവും താങ്ങാനാവുന്ന കാറുകളിൽ ഒന്നായി ഹാച്ച്ബാക്ക് തുടരുന്നു. 1.2-ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.2-ലിറ്റർ, 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.


Click it and Unblock the Notifications