ഓടിക്കുന്നവരെ മടുപ്പിക്കില്ല, ഇഷ്‌ടം കൂടും; സിറ്റി ഡ്രൈവിംഗിന് പറ്റിയ കുറഞ്ഞ വിലയുള്ള CVT ഓട്ടോമാറ്റിക് കാറുകൾ
ഓട്ടോമാറ്റിക് കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞകുറച്ച് കാലമായി വലിയ വർധനവാണ് കാണാനാവുന്നത്. പണ്ട് ഗിയർലെസ് കാറുകൾ ഓടിക്കാൻ മടിച്ചിരുന്നവർ പോലും ഇന്ന് ഇത്തരം വാഹനങ്ങളുടെ ആരാധകരായി മാറിയിട്ടുണ്ട്. അതിൻ്റെ പ്രധാന കാരണം റോഡുകളിലെ തിരക്കേറുന്നതും ഓടിക്കാൻ എളുപ്പവുമാണെന്നുള്ളതാണ്. ക്ലച്ചില്ലെങ്കിൽ തന്നെ കാർ ഓടിക്കുമ്പോഴുണ്ടാവുന്ന പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാവും. ട്രാഫിക്കിലും മറ്റും ഹാഫ് ക്ലച്ച് എല്ലാം ചവിട്ടി കിളിപോവുന്നതെല്ലാം ഒഴിവാക്കാൻ ക്ലച്ച്ലെസ് വലിയ അനുഗ്രഹമാണ്. ഒപ്പം കൂടുതൽ സ്ത്രീകളും കാറോടിക്കാൻ മുമ്പോട്ട് എത്തിയതും ഓട്ടോമാറ്റിക് കാറുകളുടെ വരവോടെയാണ്.
ഓട്ടോമാറ്റിക്കിൽ തന്നെ എഎംടി, സിവിടി, ഡിസിടി എന്നിങ്ങനെ പലതരം ഗിയർബോക്‌സുകളുണ്ട്. ലാഗില്ലാതെ ഓടിക്കാനാവുന്നതും എന്നാൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമായിട്ടുള്ളതുമായ ഒന്നാണ് സിവിടി ട്രാൻസ്മിഷനുകൾ. ഏറ്റവും ഇന്ധനക്ഷമതയുള്ളതും വിശ്വസനീയവുമായ ഓട്ടോമാറ്റിക് ഗിയർബോക്സ് സിസ്റ്റങ്ങളിൽ ഒന്നായാണ് പൊതുവേ സിവിടി അറിയപ്പെടുന്നത്. സുഗമവും തടസമില്ലാത്തതുമായ പവർ ഡെലിവറി കാരണം സിറ്റി ഡ്രൈവിംഗിനും ഇവ അനുയോജ്യമാണ്. സിവിടിയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹ്യുണ്ടായി i20
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കായ i20-യാണ് സിവിടി ഗിയർബോക്‌സ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാർ. ഇൻ്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (iVT) എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നതും. iVT ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്ന കാറിന് 88 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്നാനാവും. മോഡലിന് ഇന്ത്യയിൽ 8.13 ലക്ഷം രൂപയ്ക്കാണ് കാർ വിപണനത്തിന് എത്തുന്നത്.
ഹോണ്ട അമേസ്
ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് സെഡാൻ ശ്രേണിയിൽ മത്സരിക്കുന്ന ഹോണ്ട അമേസും സിവിടി ഗിയർബോക്‌സ് അവതരിപ്പിക്കുന്നുണ്ട്. അതും വെറും 8.62 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈയൊരു ഗിയർലെസ് മോഡൽ നിങ്ങൾക്ക് വീട്ടിലെത്തിക്കാനാവുന്നതാണ്. പരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിൻ്റെ ഹൃദയം. ഇത് 90 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

നിസാൻ മാഗ്നൈറ്റ്
നിസാൻ്റെ കോംപാക്‌ട് എസ്‌യുവിയായ കൈഗറാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന സിവിടി ട്രാൻസ്മിഷൻ സംവിധാനമുള്ള എസ്‌യുവി. 100 bhp പവറിൽ പരമാവധി 152 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനൊപ്പമാണ് ഇതും വരുന്നത്. 9.25 ലക്ഷം രൂപ മുതലാണ് ഈ മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്മൂത്ത് ഗിയർ ഷിഫ്റ്റുകൾ, മികച്ച മൈലേജ്, മെച്ചപ്പെട്ട ഡ്രൈവിംഗ് എന്നിവയെല്ലാം ഇതിൻ്റെ മുഖമുദ്രയാണ്.
റെനോ കൈഗർ
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗറാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന സിവിടി ട്രാൻസ്മിഷൻ സംവിധാനമുള്ള മറ്റൊരു എസ്‌യുവിയാണ്. 100 bhp പവറിൽ പരമാവധി 152 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനൊപ്പമാണ് ഈയൊരു ഗിയർബോക്‌സ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നത്. 9.33 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.

സുഗമമായ ഗിയർ ഷിഫ്റ്റുകൾ, മികച്ച ഇന്ധനക്ഷമത, മെച്ചപ്പെട്ട ഡ്രൈവിംഗ് സുഖം എന്നിവ വാഗ്ദാനം ചെയ്യുന്ന സിവിടി ട്രാൻസ്മിഷനാണ് റെനോ കൈഗറിലുള്ളത് എന്നതിനാൽ കണ്ണുംപൂട്ടി വാങ്ങിക്കാനും സാധിക്കുന്നതാണ്. ടര്‍ബോ-പെട്രോള്‍ വേരിയൻ്റ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റെനോ അവകാശപ്പെടുന്നത്.
ഹോണ്ട എലിവേറ്റ്
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയോടും മാരുതി വിക്ടോറിസിനോടുമെല്ലാം മത്സരിക്കുന്ന ഹോണ്ട എലിവേറ്റ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ വാങ്ങാനാവുന്ന കുറഞ്ഞ വിലയുള്ള മറ്റൊരു മോഡലാണ്. 13.22 ലക്ഷം മുതലാണ് ഇതിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം.


Click it and Unblock the Notifications








