ആകാശം കണ്ട് യാത്ര ചെയ്യാം! വിലക്കുറവിൽ 'മോസ്റ്റ് വാണ്ടഡ്' ഫീച്ചർ ലഭിക്കുന്ന എസ്‌യുവികൾ; നമ്മളറിയാതെ പോയല്ലോ
പ്രത്യേകിച്ച് യാതൊരു ഉപകാരവുമില്ലെങ്കിലും കാറുകളിൽ ഇന്ത്യക്കാർ ഏറ്റവും ഇഷ്‌ടപെടുന്ന ഫീച്ചറായി സൺറൂഫ് മാറിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വാഹന നിർമാതാക്കൾ പല ബജറ്റ് മോഡലുകളിലും ആഡംബര ഫീച്ചറായി പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 10 ലക്ഷത്തിൽ താഴെ വരെ ലഭിക്കുന്ന മിക്ക വണ്ടികളിലും ഇതൊരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. ആകാശക്കാഴ്ച്ച കണ്ട് യാത്ര ചെയ്യാനല്ല, പകരം അത് തുറന്നിട്ട് അപകടകരമായി കയറി നിന്ന് ഷോ കാണിക്കാനാണ് പലരും സൺറൂഫ് ഇവിടെ ഉപയോഗിക്കുന്നത്. എങ്കിലും കമ്പനികൾ ഈയൊരു സവിശേഷത വാരിക്കോരി കൊടുക്കുകയാണ്.
സൺറൂഫിലും പലതരം വൈവിധ്യങ്ങൾ ലഭ്യമാണ് കേട്ടോ. അതിൽ സിംഗിൾ പാൻ, പനോരമിക് സൺറൂഫ്, ഇൻ-ബിൽറ്റ് (സ്ലൈഡിംഗ്) സൺറൂഫ്, മൂൺറൂഫ് എന്നിങ്ങനെ പല വിധം നീളുന്ന തരങ്ങളാണുള്ളത്. ഇക്കൂട്ടത്തിൽ ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്‌ടം പനോരമിക് റൂഫുകളോടാണ്. പക്ഷേ 10 ലക്ഷം ബജറ്റിൽ ഇതൊരു കിട്ടാക്കനിയായിരുന്നു. ഹ്യുണ്ടായി, കിയ പോലുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് ഈ വിഭാഗത്തിൽ സൺറൂഫ് ട്രെൻഡ് സൃഷ്ടിച്ചതെങ്കിലും ഇതെല്ലാം സിംഗിൾ പാൻ യൂണിറ്റുകളായിരുന്നു.

അടുത്ത കാലം വരെ, വലിയ റിട്രാക്റ്റബിൾ ഗ്ലാസ് റൂഫ് പാനൽ രാജ്യത്തെ കൂടുതൽ താങ്ങാനാവുന്ന കാറുകളിൽ അത്രവേഗം കണ്ടെത്താൻ കഴിയുന്ന ഒരു സവിശേഷതയായിരുന്നില്ല. എന്നാൽ ടാറ്റ നെക്‌സോണിന്റെ പുതിയ വേരിയന്റിന്റെ വരവോടെ പനോരമിക് സൺറൂഫ് 10 ലക്ഷത്തിലും താഴെ പനോരമിക് സൺറൂഫ് ലഭ്യമായി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഈയൊരു ഫീച്ചർ ലഭ്യമാവുന്ന ചില മോഡലുകളെ പരിചയപ്പെടുത്തി തരാം.
ടാറ്റ കർവ്
11.65 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ടാറ്റ കർവ് പ്യുവർ പ്ലസ് S വേരിയന്റിൽ പനോരമിക് സൺറൂഫ് ലഭ്യമാണ്. 120 bhp പവറും 170 Nm ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ ലഭ്യമാവുക. 6-സ്പീഡ് ഗിയർബോക്‌സാണ് ഇതിൽ സ്റ്റാൻഡേർഡായി ലഭിക്കുക. കൂടുതൽ പെർഫോമൻസ് ആവശ്യമുള്ളവർക്ക് അതേ എഞ്ചിന്റെ 125 bhp കരുത്തിൽ 225 Nm ടോർക്ക് നൽകുന്ന പതിപ്പും തെരഞ്ഞെടുക്കാനാവും.

എംജി ആസ്റ്റർ
പനോരമിക് സൺറൂഫുള്ള ഏറ്റവും താങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവിയാണ് എംജി ആസ്റ്റർ. ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളിൽ നിന്നും എംജിയുടെ മോഡൽ വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. 11.34 ലക്ഷം രൂപയ്ക്ക് വൺ-അബോവ്-ബേസ് ഷൈൻ ട്രിമ്മിലാണ് ഈ ഫീച്ചർ എത്തുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന 110 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം.
മഹീന്ദ്ര XUV 3XO
ജൂലൈയിൽ RevX വേരിയന്റ് ശ്രേണിയിലൂടെയാണ് മഹീന്ദ്ര XUV 3XO എസ്‌യുവിയിലേക്ക് പനോരമിക് സൺറൂഫ് ചേർക്കുന്നത്. 11.17 ലക്ഷം രൂപയിൽ നിന്നും എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിൽ 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 131 bhp പവറിൽ 230 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

കിയ സിറോസ്
10.74 ലക്ഷം രൂപ മുതൽ വില തുടങ്ങുന്ന കിയ സിറോസിന്റെ HTK+ വേരിയന്റ് മുതലാണ് പനോരമിക് സൺറൂഫ് ഫീച്ചർ ആരംഭിക്കുന്നത്. ഈ ട്രിമ്മിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാണ്. എസ്‌യുവിയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ 172 Nm ടോർക്ക് നൽകുമ്പോൾ 1.5 ലിറ്റർ ടർബോ-ഡീസൽ 116 bhp, 250 Nm ടോർക്ക് എന്നിങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനിൽ മാനുവലും ഓട്ടോമാറ്റിക്കും യഥേഷ്ടം തെരഞ്ഞെടുക്കാനും സാധിക്കും.
ടാറ്റ നെക്സോൺ
ഇന്ത്യയിൽ ആദ്യമായി വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫിനെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ നെക്‌സോൺ. മാനുവൽ, എഎംടി കോൺഫിഗറേഷനുകളിൽ പെട്രോൾ മാനുവൽ, എഎംടി, ട്വിൻ സിലിണ്ടർ സിഎൻജി മാനുവൽ, ഡീസൽ എന്നിങ്ങനെ നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് നെക്സോൺ പ്യുവർ പ്ലസ് PS വാഗ്ദാനം ചെയ്യുന്നത്. പുതിയ ടാറ്റ നെക്സോൺ പെട്രോൾ പ്യുവർ പ്ലസ് PS മാനുവലിന് 9.59 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications