ഫുൾചാർജിൽ 320 കിലോമീറ്റർ റേഞ്ച്, ഇനി പുതിയ ലുക്കിൽ കൂടുതൽ ഫീച്ചറുകളോടെ സിട്രൺ ഇലക്‌ട്രിക് ഹാച്ച്ബാക്ക്
ഇന്ത്യൻ വിപണിയിലെ ഇമേജ് ഉയർത്തി കാറുകളുടെ കൂടുതൽ മിടുക്കരാക്കിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). മുമ്പുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി അതത് മോഡലുകളുടെ X വേരിയന്റുകൾ പുറത്തിറക്കിക്കൊണ്ടാണ് ഏവരേയും ബ്രാൻഡിലേക്ക് ആകർഷിക്കുന്നത്. X സീരീസ് പതിപ്പുകൾ എത്തിയതോടെ ആരും കയറാതിരുന്ന ഷോറൂമുകളിലെല്ലാം പതിയെ തിരക്കായി തുടങ്ങിയിട്ടുണ്ട്. C3, എയർക്രോസ്, ബസാൾട്ട് എന്നിവയുടെ പുത്തൻ മോഡലുകൾ കുറ്റങ്ങളും കുറവുകളും പരിഹരിച്ചതു പോലെ സിട്രണിന്റെ ഏക ഇലക്ട്രിക് കാറായ eC3 (eC3 Electric Hatchback) കൂടി മിനുങ്ങിയെത്താൻ ഒരുങ്ങുകയാണിപ്പോൾ.
പെട്രോൾ കാറുകളുടെ കച്ചോടം അങ്ങനെ പതിയെ ഉയർത്താൻ ശ്രമിക്കുന്ന സിട്രൺ ഇനി ഇലക്ട്രിക് വാഹന രംഗത്തേക്കും കൂടി കൂടുതൽ ശ്രദ്ധകൊടുക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി eC3X ഇവി ഉടൻ വിപണിയിലെത്തും. അരങ്ങേറ്റത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയൽ ഇലക്ട്രിക് കാറിന്റെ ടീസർ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ഹൈപ്പുയർത്താനുള്ള ശ്രമമാണ് ഇപ്പോൾ ഫ്രഞ്ച് ബ്രാൻഡിന്റെ ഭാഗത്തുനിന്നും ഇപ്പോൾ നടക്കുന്നത്.

മോഡലിന്റെ പുതുക്കിയ സ്റ്റൈലിംഗും അപ്‌ഗ്രേഡ് ചെയ്ത ഫീച്ചർ ലിസ്റ്റും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും ഇതുവഴി വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച C3X, എയർക്രോസ് X, ബസാൾട്ട് X എന്നിവയിലേത് പോലുള്ള സമാനമായ മാറ്റങ്ങൾ തന്നെയാണ് കുഞ്ഞൻ ഇലക്ട്രിക് ഹാച്ച്ബാക്കിലും പ്രതീക്ഷിക്കുന്നത്. പുതിയ ടീസർ വരാനിരിക്കുന്ന eC3X ഇവിയുടെ പിൻഭാഗം എങ്ങനെയാവുമെന്ന സൂചനയാണ് പുറത്തുവിടുന്നത്.
പുതിയ ബ്ലൂ കളർ ഓപ്ഷനും ഇവിക്കൊപ്പം വന്നെത്തുന്നതായിരിക്കും. eC3X ഇവിക്ക് കൂടുതൽ ആധുനികവും പ്രീമിയം ലുക്കും നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മിനുക്കുപണികൾ എക്സ്റ്റീരിയറിലുണ്ടാവും. മുൻവശത്ത് ഇലക്ട്രിക് ഹാച്ച്ബാക്കിന് സിൽവർ സ്കിഡ് പ്ലേറ്റ്-പ്രചോദിത ഇൻസേർട്ടുള്ള റീഡിസൈൻ ചെയ്ത ബമ്പർ ലഭിക്കും. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഇതിൽ ഉൾപ്പെടുന്നത് മനോഹരമായ രൂപമായിരിക്കും സമ്മാനിക്കുക.

ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഔട്ട്‌സൈഡ് റിയർവ്യൂ മിററുകളും പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും അപ്‌ഡേറ്റ് ചെയ്ത മോഡലിൽ ഉണ്ടാകുമെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾക്കൊപ്പം സുഖസൗകര്യങ്ങൾ, സേഫ്റ്റ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായി അപ്‌ഡേറ്റ് ചെയ്ത ഇന്റീരിയർ സിട്രൺ അവതരിപ്പിക്കുമെന്നാണ് അനുമാനം. ഒപ്പം കുറെ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചേക്കും.
പുതിയ eC3X ഇവിയിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ക്രമീകരിക്കാവുന്ന ഫ്രണ്ട് ഹെഡ്‌റെസ്റ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷയും മെച്ചപ്പെടും. അങ്ങനെ നിലവിൽ വിപണനത്തിന് എത്തുന്ന മോഡലിന്റെ പ്രധാന പോരായ്മകളെല്ലാം പരിഹരിക്കും.

എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുമെങ്കിലും മെക്കാനിക്കലായി ഇലക്ട്രിക് ഹാച്ച്ബാക്കിൽ യാതൊരു വിധ നവീകരണങ്ങളും ഉണ്ടായിരിക്കുന്നതല്ല. അതേ ബാറ്ററി പായ്ക്കും പെർഫോമൻസ് കണക്കുകളുമായിരിക്കും ഇവി വാഗ്ദാനം ചെയ്യുക. 56 bhp കരുത്തിൽ പരമാവധി 143 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 29.2 kWh ബാറ്ററി പായ്ക്കാണ് eC3X ഇവിയിൽ തുടർന്നും ഉപയോഗിക്കുക.
പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 320 കിലോമീറ്റർ വരെ റേഞ്ച് നൽകാനുവുമെന്നാണ് കമ്പനി പറയുന്നതെങ്കിലും ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്ററിൽ ക്ലെയിം ചെയ്ത ഡ്രൈവിംഗ് റേഞ്ചാണ് സിട്രണിന്റെ ഇലക്ട്രിക് കാറിന് നൽകാനാവുക. ഇലക്ട്രിക് കാറിന് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭ്യമാണ്. ചാർജിംഗിലേക്ക് നോക്കിയാൽ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 57 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ ഇവിക്കാവും.
3.3 kW എസി ഓൺബോർഡ് ചാർജറിന് CCS2 ഫാസ്റ്റ് ചാർജിംഗിനും കഴിയും. സാധാരണ ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം റീചാർജ് ചെയ്യാൻ പത്തര മണിക്കൂർ സമയം വേണ്ടിവരും. ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗോ ഇവി, ടാറ്റ പഞ്ച് ഇവി പോലുള്ള മിടുക്കൻമാരുമായാണ് സിട്രൺ eC3 X മത്സരിക്കുക. എന്തായാലും മിനുങ്ങിയെത്തുമ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കാൻ സിട്രൺ eC3X ഇവിക്കായേക്കും.


Click it and Unblock the Notifications