ഫുൾ ചാർജിൽ 690 കിലോമീറ്റർ റേഞ്ചുമായി ഹ്യുണ്ടായിയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വന്നേ
ഇന്ത്യയിൽ ആദ്യം ഒരു ഇലക്‌ട്രിക് പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പക്ഷേ ബ്രാൻഡ് പ്രതീക്ഷിച്ചതു പോലെ ഹിറ്റടിച്ചില്ലെങ്കിലും പല കാര്യങ്ങളിലൂടെ കോന ഇവി ശ്രദ്ധനേടിയിട്ടുണ്ടായിരുന്നുവെന്ന് വേണം പറയാൻ. ടാറ്റ നെക്സോൺ ഇവി പോലുള്ള വമ്പൻമാർ എത്തിയതോടെ പല മാസങ്ങളിലും എസ്‌യുവിയുടെ വിൽപ്പന വട്ടപൂജ്യമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം വരെ നേടിയെടുത്ത അയോണിക് 5 എന്ന ഭീമനെയാണ് വൈദ്യുത വാഹന നിരയിൽ വിപ്ലവം സൃഷ്ടിക്കുവാനായി ഹ്യുണ്ടായി കൊണ്ടുവന്നത്.
തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിഞ്ഞ മോഡൽ ഇപ്പോഴിതാ പുത്തൻ ലുക്കിൽ വിപണിയിലെത്തിയിരിക്കുകയാണ്. പരിഷ്ക്കാരങ്ങളുമായി എത്തുന്ന അയോണിക് 5 എസ്‌യുവിക്ക് 55.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. പുതുക്കിയ മോഡൽ വലിയ ബാറ്ററി പായ്ക്ക്, പുതുക്കിയ എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, പുതിയ കണക്റ്റഡ് സാങ്കേതികവിദ്യ, അധിക സുരക്ഷാ സവിശേഷതകൾ എന്നിവയെല്ലാമാണ് അവതരിപ്പിക്കുന്നത്.

ഇതോടെ പഴയ മോഡലിന് ആവർത്തിക്കാനാവാതിരുന്ന ഊർജം ഇവൻ നേടുമെന്നാണ് അനുമാനം. എക്സ്റ്റീരിയറിൽ അയോണിക് 5 അതിന്റെ വ്യതിരിക്തമായ പാരാമെട്രിക് പിക്സൽ ഡിസൈൻ ഭാഷ്യം നിലനിർത്തിക്കൊണ്ടാണ് മിനുങ്ങിയെത്തിയിരിക്കുന്നത്. എങ്കിലും പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സ്കിഡ് പ്ലേറ്റുകൾ, പുതുക്കിയ അലോയ് വീലുകൾ, പുതിയ റിയർ സ്‌പോയിലർ, പിന്നിൽ പുതുക്കിയ വി-ഗാർണിഷ് ലൈറ്റിംഗ് എലമെന്റ് എന്നിവയെല്ലാം മോടികൂട്ടുവാനായി ഹ്യുണ്ടായി കൊടുത്തിട്ടുണ്ട്.
ഗ്രാവിറ്റി ഗോൾഡ് മാറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ, ടൈറ്റൻ ഗ്രേ, ഒപ്റ്റിക് വൈറ്റ് എന്നീ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുത്തൻ ഹ്യുണ്ടായി അയോണിക് 5 വാഗ്ദാനം ചെയ്യുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക് തീമിനൊപ്പമാണ് ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് കയറിയാൽ ഹീറ്റിംഗ് ഫംഗ്ഷനോടുകൂടിയ ഫോർ-ഡോട്ട് ഇലുമിനേറ്റഡ് പിക്സൽ ഡിസൈൻ ഫീച്ചർ ചെയ്യുന്ന പുതിയ ത്രീ-സ്പോക്ക് ലെതർ സ്റ്റിയറിംഗ് വീലാണ് ആദ്യം കണ്ണിലുടക്കുക.
അതോടൊപ്പം ഇന്റീരിയർ കൂടുതൽ കളറാക്കുവാനായി സെന്റർ ഫാസിയ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാഡും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾക്കായി ഇന്റഗ്രേറ്റഡ് ഫിസിക്കൽ കൺട്രോളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന ഒരു പ്രായോഗിക മാറ്റമാണിത്.
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനുമുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ മുൻ മോഡലിൽ നിന്ന് അതേപടി മുമ്പോട്ട് കൊണ്ടുപോയിട്ടുണ്ട്. കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റ് സിസ്റ്റവും കൺട്രോളർ ഓവർ-ദി-എയർ അപ്‌ഡേറ്റ് ശേഷിയുമാണ് ഇലക്‌ട്രിക് എസ്‌യുവിയുടെ അകത്തളത്തിൽ സംഭവിച്ചിരിക്കുന്ന മറ്റൊരു മാറ്റം. ഇത് കാറിന്റെ സോഫ്റ്റ്‌വെയർ റിമോട്ട് അപ്‌ഡേഷൻ നേടാൻ അനുവദിക്കുന്ന കാര്യമാണ്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ആക്റ്റീവ് സൗണ്ട് ഡിസൈനും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ യാത്രകൾ അടിപൊളിയാവും. പ്രത്യേക ആപ്പോ കാർഡോ ആവശ്യമില്ലാതെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലൂടെ നേരിട്ട് ഇവി ചാർജിംഗിന് പണം നൽകാൻ ഡ്രൈവർമാരെ അനുവദിക്കുന്ന പുതിയ ഇൻ-കാർ പേയ്‌മെന്റ് സവിശേഷതയും ഇവിയിലുണ്ട്. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ടിൽ ഇപ്പോൾ മോഷണത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി റിമോട്ട് ഇമ്മൊബിലൈസേഷൻ ഫംഗ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മോഡലിലെ സുരക്ഷാ മെച്ചപ്പെടുത്തലുകളിൽ റിയർ പാർക്കിംഗ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റും സൈഡ് പാർക്കിംഗ് ഡിസ്റ്റൻസ് വാർണിംഗും ഉൾപ്പെടുത്തി. ഇവ രണ്ടും നിലവിലുള്ള ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകളിലേക്ക് ചേർക്കുന്നു. പുതിയ അയോണിക് 5 ഇവിയിലെ ഏറ്റവും വലിയ അപ്ഡേഷൻ 84.0 kWh ബാറ്ററി പായ്ക്കിലേക്കുള്ള മാറ്റമാണ്. സിംഗിൾ ചാർജിൽ വാഹനത്തിന് 690 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.


Click it and Unblock the Notifications