ഫോർച്യൂണറിന്റെ അന്തകൻ, എംജിയുടെ പുത്തൻ എസ്‌യുവിയുടെ വില അറിയാൻ ഇനി 14 ദിവസം മാത്രം
ഇലക്‌ട്രിക് കാറുകളിലൂടെ ഇന്ത്യക്കാരുടെ മനസും ഹൃദയവുമെല്ലാം കീഴടക്കി ജൈത്രയാത്ര തുടരുകയാണ് എംജി മോട്ടോർസ്. ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയെ കൈയിലെടുക്കുവാനായി ഏറെക്കാലം മുമ്പേ ഗ്ലോസ്റ്റർ എന്നൊരു അവതാരത്തെ കമ്പനി പുറത്തിറക്കിയിരുന്നുവെങ്കിലും പക്ഷേ പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാൻ ഈ മിടുക്കന് സാധിക്കാതെ പോയി. ഗ്ലോസ്റ്ററിലൂടെ നേടാനാവാതെ പോയ സൗഭാഗ്യങ്ങൾ നേടിയെടുക്കുവാനായി എംജി മജസ്റ്റർ (MG Magestor) എന്ന മറ്റൊരു മോഡലിന് ഈയിടെ ജന്മം കൊടുക്കുകയുണ്ടായി. എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയ എസ്‌യുവിയുടെ വില മാത്രം അറിയാനാണ് ഇനി ബാക്കിയുള്ളത്.
എന്നാൽ ഇതിനായി ഇനി 14 ദിവസം മാത്രം കാത്തിരുന്നാൽ മതിയെന്ന് അറിയിച്ചിരിക്കുകയാണ് എംജി. 2026 ഏപ്രിൽ 20-ന് മജസ്റ്ററിന്റെ ഇന്ത്യക്കായുള്ള വില കമ്പനി പ്രഖ്യാപിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ടൊയോട്ട ഫോർച്യൂണറിനെ വെല്ലാൻ പാകമായുള്ള എല്ലാത്തരം ചേരുവകളും ഒരുക്കിയാണ് എസ്‌യുവിയെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ പോവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് എസ്‌യുവിയായി മജസ്റ്റർ സ്ഥാനം പിടിക്കാൻ പോവുന്നുവെന്ന പ്രത്യേകതയുമുണ്ട്.

2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ ആദ്യം പ്രദർശിപ്പിച്ച വാഹനം ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഗ്ലോസ്റ്ററിനെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ , മെച്ചപ്പെട്ട ഓഫ്-റോഡ് ശേഷി എന്നിവയാൽ സമ്പന്നമാണ് പകരക്കാരനായി എത്തുന്ന മജസ്റ്റർ. വില പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മജസ്റ്ററിനായുള്ള ബുക്കിംഗ് 41,000 രൂപ ടോക്കൺ തുകയ്ക്ക് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.
എംജി മജസ്റ്റർ വാങ്ങുന്ന ആദ്യ 3,000 ഉപഭോക്താക്കൾക്ക് എംജി 5-5-5 എന്ന ഓണർഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. കംപ്ലീറ്റ് പീസ് ഓഫ് മൈൻഡ് പ്രോഗ്രാം എന്ന് എംജി വിളിക്കുന്ന പദ്ധതിയിൽ മൂന്ന് ഓണർഷിപ്പ് ആനുകൂല്യങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതായത് 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, കിലോമീറ്റർ പരിധിയില്ലാതെ 5 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 ലേബർ-ഫ്രീ സേവനങ്ങൾ എന്നിവയാണ് ആദ്യത്തെ 3,000 പേർക്ക് സൌജന്യമായി ലഭിക്കുക.

എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഡെലിവറി 2026 മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. വലിപ്പത്തിലായാലും ഭീമാകാരനാണ് എംജി മജസ്റ്റർ. അതായത് മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവിക്ക് 5,046 മില്ലീമീറ്റർ നീളവും 2,016 മില്ലീമീറ്റർ വീതിയും 1,876 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളും ഇതിനുണ്ടാവും.
കൂടാതെ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിലും ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വാങ്ങാനാവുമെന്നതും ആളുകൾക്ക് എളുപ്പമാവും. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് തുടങ്ങിയ മോണോടോൺ കളർ ഓപ്ഷനുകളാണ് മജസ്റ്ററിലുള്ളത്. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡൽ RWD, അഡ്വാൻസ്ഡ് 4WD കോൺഫിഗറേഷനുകളിലും വാങ്ങാനാവും.

ഓഫ്-റോഡിംഗിൽ ഒരുപക്ഷേ ടൊയോട്ട ഫോർച്യൂണറിനേക്കാൾ കേമനായിരിക്കും മജസ്റ്റർ എന്നാണ് വിവരം. ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ, 10 ഓഫ്-റോഡ് മോഡുകളുള്ള അഡ്വാൻസ്ഡ് 4WD സിസ്റ്റം, ക്രാൾ കൺട്രോൾ മോഡ്, 219 mm ഗ്രൗണ്ട് ക്ലിയറൻസ്, 810 mm വാട്ടർ-വേഡിംഗ് ശേഷി എന്നിവ പോലുള്ള കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ലെവൽ-2 ADAS, 6 എയർബാഗുകൾ, ESC, EBD ഉള്ള ABS, EPB, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും മജസ്റ്ററിൻ്റെ ഭാഗമാണ്.
ആഭ്യന്തര വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയും എംജിയുടെ പുത്തൻ എസ്‌യുവിക്ക് വെല്ലുവിളി ഉയർത്തുന്നതായിരിക്കും. മജസ്റ്ററിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. അങ്ങനെ നോക്കുമ്പോൾ സെഗ്മെന്റിൽ തീപ്പൊരി പാറിക്കാൻ മജസ്റ്ററിന് സാധിച്ചേക്കും.


Click it and Unblock the Notifications








