ടാറ്റയുടെ നെഞ്ചിടിക്കുന്നുണ്ടാവും, 440 കിലോമീറ്റർ റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയുമായി സ്കോഡ
കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ ഗംഭീര മെയ്‌ഡ് ഇൻ ഇന്ത്യ കാറുകളിലൂടെ ഇന്ത്യക്കാരുടെ ഫേവറീറ്റ് ബ്രാൻഡായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പണ്ടത്തെ അപേക്ഷിച്ച് മെയിന്റനെൻസ് കോസ്റ്റ് കുറവും അന്യായ സേഫ്റ്റിയുമെല്ലാം സ്കോഡ വാഹനങ്ങളെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്. ഒരിക്കലും മൈലേജിന്റെ പിന്നാലെ പോവാത്ത കമ്പനി ഇന്ത്യയിൽ പെട്രോൾ എഞ്ചിൻ മോഡലുകൾ മാത്രമാണ് പുറത്തിറക്കുന്നത്. എന്നാൽ ആഗോള വിപണിയിൽ കിടിലൻ ഇവികളും സ്കോഡയുടെ നിരയിലുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു കുഞ്ഞൻ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി കൂടി വന്നെത്തിയിരിക്കുകയാണിപ്പോൾ.
എപിക് എന്ന് പേരിട്ടിരിക്കുന്ന മോഡൽ സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് എസ്‌യുവിയാണ്. നിലവിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പദ്ധതികളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭാവിയിൽ നെക്സോൺ ഇവി പോലുള്ളവയോട് മത്സരിക്കാൻ ഇവൻ എത്തിയേക്കാം. സ്കോഡയുടെ ഇവി പോർട്ട്‌ഫോളിയോയിലേക്കുള്ള ഒരു എൻട്രി പോയിന്റായി സ്ഥാപിച്ചിരിക്കുന്ന കോംപാക്‌ട് ക്രോസ്ഓവർ ലുക്ക് കൊണ്ടും വർക്ക് കൊണ്ടും വിസ്‌മയിപ്പിക്കുന്നതാണ്.

ന്യൂജെൻ MEB+ പ്ലാറ്റ്‌ഫോമിലാണ് പുതിയ വൈദ്യുതി വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ വിശാലമായ നല്ല സപേസുള്ള ഇൻ്റീരിയറും പ്രായോഗിക സവിശേഷതകളും ഒതുക്കമുള്ള വലിപ്പവും കൂടിയാവുമ്പോൾ സ്കോഡ എപിക് വേറെ ലെവലാകുന്നുവെന്ന് പറയാം. ബ്രാൻഡിന്റെ പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ പൂർണമായും സ്വീകരിച്ച ആദ്യത്തെ സ്കോഡ പ്രൊഡക്ഷൻ മോഡൽ കൂടിയാണ് എപിക്. പരമ്പരാഗത ഗ്രില്ലിന് പകരം ഗ്ലോസ് ബ്ലാക്ക് ടെക് ഡെക്ക് ഫെയ്‌സാണ് മുൻവശത്തെ പ്രധാന ആകർഷണം.
ഇതിന്റെ ഇരുവശങ്ങളിലുമായി സ്ലിം ടി ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ ഇടംപിടിച്ചിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഭാവിയിലെ സ്കോഡ എസ്‌യുവികൾക്ക് സ്വീകരിക്കാൻ പോവുന്ന ഒരു സിഗ്നേച്ചർ സ്റ്റൈലിംഗായിരിക്കും ഇതെല്ലാം. എയറോഡൈനാമിക്സിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. എപിക് 0.275 എന്ന ഡ്രാഗ് കോഫിഫിഷ്യന്റ് കൈവരിക്കുന്നുവെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

എസ്‌യുവിയിൽ ആക്ടീവ് കൂളിംഗ് ഷട്ടറുകൾ, എയറോഡൈനാമിക് വീലുകൾ, റൂഫ് സ്‌പോയിലർ ഘടകങ്ങൾ, എയർ കർട്ടൻ ചാനലുകൾ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി വിപുലമായി ഒപ്റ്റിമൈസ് ചെയ്ത അണ്ടർബോഡി എന്നിവയും സ്കോഡ എപിക് ഇവിയുടെ പ്രത്യേകതയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഇവിക്ക് മൊത്തത്തിൽ 4,171mm നീളവും 1,798mm വീതിയും 1,581mm ഉയരവും 2,601 mm വീൽബേസുമാണുള്ളത്.
വേരിയന്റിനെ ആശ്രയിച്ച് എസ്‌യുവിയിൽ 17 ഇഞ്ച് മുതൽ 19 ഇഞ്ച് വരെ അലോയ് വീലുകളാണ് ലഭിക്കുക. ഇലക്‌ട്രിക് എസ്‌യുവിക്ക് 475 ലിറ്റർ ബൂട്ട് സ്പേസും 25 ലിറ്റർ ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ടുമെന്റും അധികമായി ലഭ്യമായതിനാൽ പ്രായോഗികതയും വർധിക്കും. വേരിയന്റിന് അനുസൃതമായി വാങ്ങുന്നവർക്ക് ഒന്നിലധികം ഇന്റീരിയർ തീമുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടെക്റ്റോണ ലെതർ ഇതര ഫിനിഷുകൾ എന്നിവ തെരഞ്ഞെടുക്കാനും അവസരമുണ്ട്.

ഗൂഗിൾ മാപ്‌സ്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവയുടെ സംയോജനത്തോടെയുള്ള 13 ഇഞ്ച് ആൻഡ്രോയിഡ് അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, കാന്റൺ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഡിജിറ്റൽ കീ ഫങ്ഷണാലിറ്റി എന്നിവയാണ് സ്കോഡയുടെ കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്.
സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ എപിക് ഇവിയിൽ സ്റ്റാൻഡേർഡായി 7 എയർബാഗുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഫ്രണ്ട് അസിസ്റ്റ്, ലെയ്ൻ അസിസ്റ്റ്, സൈഡ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ട്രാഫിക് ലൈറ്റ് റെസ്‌പോൺസ്, റിമോട്ട് പാർക്കിംഗ് ഫംഗ്ഷനുകൾ എന്നിവയുള്ള ഓപ്ഷണൽ ട്രാവൽ അസിസ്റ്റ് 3.0 തുടങ്ങിയ ADAS സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും മൂന്ന് പവർ ഔട്ട്പുട്ടുകളുമായാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.
എൻട്രി ലെവൽ എപിക് 35 വേരിയന്റിൽ 38.5 kWh ബാറ്ററി പായ്ക്കാണഅ ലഭിക്കുക. ഇഥ് 114 bhp കരുത്തിൽ 267 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതേസമയം എപിക് 40 വേരിയന്റിലെ 38.5 kWh ബാറ്ററി 133 bhp പവറും 267 Nm ടോർക്കും വികസിപ്പിക്കും. രണ്ട് പതിപ്പുകളും ഏകദേശം 310 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 150 കിലോമീറ്റർ പരമാവധി വേഗവുമാണ് വാഗ്ദാനം ചെയ്യുന്നത്.
സ്കോഡ എപിക് 55 പതിപ്പിൽ 55 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 208 bhp കരുത്തിൽ പരമാവധി 290 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഈ വേരിയന്റിന് ഏകദേശം 440 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനാവാനും. ഏകദേശം 24 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ DC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇവിയുടെ പ്രത്യേകതയാണ്. ഈ വേരിയന്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആണ്.


Click it and Unblock the Notifications