മമ്മൂക്ക കണ്ടാൽ വാങ്ങിയേക്കും, 1.77 കോടിയുടെ പെർഫോമൻസ് ലക്ഷ്വറി എസ്‌യുവി പുറത്തിറക്കി ഔഡി
ലക്ഷ്വറി കാറുകൾ എന്ന് കേൾക്കുമ്പോഴേ സാധാരണക്കാരന് ഓർമ വരുന്ന ആദ്യത്തെ മൂന്ന് പേരുകളായിരിക്കും മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയവരുടേത്. അങ്ങ് ജർമനിയിൽ നിന്നുമെത്തി രാജ്യം കീഴടക്കി മൂവരും പരസ്പരം പോരടിക്കുന്നത് കാണാനും നല്ലൊരു ചേലാണ്. ഇപ്പോഴിതാ ഇന്ത്യയിലെ തങ്ങളുടെ പെർഫോമൻസ് എസ്‌യുവി നിരയെ ശക്തിപ്പെടുത്തുവാനായി SQ8 എന്ന വമ്പനെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഔഡി. 1,77,72,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. Q8, RS Q8 പെർഫോമൻസിനും ഇടയിലാണ് പുതിയ SQ8 സ്ഥാനം പിടിച്ചിരിക്കുന്നത്.
ദൈനംദിന ഉപയോഗക്ഷമതയ്ക്കും അതുപോലെ തന്നെ ഹൈ പെർഫോമൻസ് ഡ്രൈവിംഗിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഔഡി SQ8 പുറത്തിറക്കിയിരിക്കുന്നതെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് മോഡൽ പണിതിറക്കിയിരിക്കുന്നത് എന്ന് പറയാം.

എസ്‌യുവിക്ക് ഔഡി ലേസർ ലൈറ്റോടുകൂടിയ HD മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ലഭിക്കുന്നത്. ഇത് മെച്ചപ്പെടുത്തിയ വെളിച്ചവും നാല് വ്യത്യസ്ത ലൈറ്റ് സിഗ്നേച്ചറുകളും വാഗ്ദാനം ചെയ്യുന്നു. എസ്-നിർദ്ദിഷ്ട ബമ്പറുകൾ, ഇലുമിനേറ്റഡ് ഡോർ സിൽ ട്രിമ്മുകൾ, 2D ഔഡി ലോഗോയുള്ള ബോൾഡ് സിംഗിൾഫ്രെയിം ഗ്രിൽ എന്നിവയാണ് പുതിയ SQ8 വാഹനത്തിൻ്റെ സ്പോർട്ടി നിലപാടിനെ കൂടുതൽ മനോഹരമാക്കുന്നത്.
ഫ്രെയിംലെസ് ഡോറുകൾ, പനോരമിക് സൺറൂഫ്, ഒന്നിലധികം ഡിസൈനുകളിലുള്ള ഓപ്ഷണൽ 22 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഔഡി SQ8 എസ്‌യുവിയിലെ മറ്റ് പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അതേസമയം സെറാമിക് ബ്രേക്കുകൾക്കൊപ്പം ഓപ്ഷണൽ കാർബൺ സ്റ്റൈൽ, ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജുകൾ വഴി കസ്റ്റമൈസേഷനും ജർമൻ ആഡംബര വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

SQ8 എസ്‌യുവിയുടെ ഇന്റീരിയറിൽ S എംബോസിംഗ് ഉള്ള സ്‌പോർട്‌സ് സീറ്റുകളും ഡൈനാമിക്ക മൈക്രോഫൈബർ/ലെതർ കോമ്പിനേഷൻ അപ്ഹോൾസ്റ്ററിയുമാണ് ഔഡി ഒരുക്കിവെച്ചിരിക്കുന്നത്. വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ് ഫംഗ്‌ഷനുകൾ ഉള്ള വാൽകോണ ലെതർ സ്‌പോർട്‌സ് സീറ്റുകളിലേക്ക് ഉപഭോക്താക്കൾക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഓപ്ഷനുണ്ടെന്ന് കമ്പനി പറയുന്നു. ഇതുകൂടാതെ മറ്റനവധി ഫീച്ചറുകളാലും സമ്പന്നമാണ് മോഡൽ.
ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, ടച്ച് റെസ്‌പോൺസുള്ള MMI നാവിഗേഷൻ പ്ലസ്, 17 സ്പീക്കറുകളും 730W ഔട്ട്‌പുട്ടും ഉള്ള ബാങ് ആൻഡ് ഒലുഫ്‌സെൻ 3D പ്രീമിയം സൗണ്ട് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 30 കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ഇൻലേകൾ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ. 4-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, സോഫ്റ്റ്-ക്ലോസ് ഡോറുകൾ, വയർലെസ് ചാർജിംഗ്, പവർഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള കംഫർട്ട് സവിശേഷതകളും SQ8-ലുണ്ട്.

360-ഡിഗ്രി ക്യാമറയുള്ള പാർക്ക് അസിസ്റ്റ്, ഓപ്ഷണൽ അഡാപ്റ്റീവ് വൈപ്പറുകൾ എന്നീ ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ഫീച്ചറുകളും ഔഡിയുടെ പുതിയ മോഡലിലുണ്ട്. സുരക്ഷാ ഉപകരണങ്ങളിൽ എട്ട് എയർബാഗുകൾ, സ്പീഡ് ലിമിറ്റർ ഉള്ള ക്രൂയിസ് കൺട്രോൾ, ഔഡി പ്രീ സെൻസ് ബേസിക് എന്നിവ ഉൾപ്പെടുന്നു. നൈറ്റ് വിഷൻ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് തുടങ്ങിയ ഓപ്ഷണൽ സവിശേഷതകൾ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
507bhp കരുത്തിൽ 770 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന 4.0 ലിറ്റർ V8 TFSI എഞ്ചിനാണ് പുതിയ SQ8 എസ്‌യുവിയുടെ ഹൃദയം. വെറും 4.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ പരമാവധി വേഗം 250 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. സെൽഫ്-ലോക്കിംഗ് സെന്റർ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ സ്‌പോർട്, മെച്ചപ്പെട്ട ഡൈനാമിക്സിനും ഹാൻഡിലിംഗിനും വേണ്ടി ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഔഡിയുടെ ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും വാഹനത്തെ കെങ്കേമമാക്കുന്നു.


Click it and Unblock the Notifications








