പെട്രോളടിച്ച് സമ്പാദ്യം കളയണ്ട! Gen Z പിള്ളേർക്ക് പറ്റിയ ഫീച്ചർ ലോഡഡ് ഇലക്‌ട്രിക് കാറുകൾ
സ്മാർട്ട്‌ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ യുഗത്തിൽ വളർന്നുവന്ന ആദ്യത്തെ തലമുറയാണ് 1997-നും 2012-നും ഇടയിൽ ജനിച്ച 'ജെൻസി' (Gen Z) പിള്ളേർ. ടെക്നോളജി ഉപയോഗിക്കുന്നതിൽ അതിയായ മിടുക്കുള്ളവരും ഡിജിറ്റൽ ലോകത്തെ വളരെയധികം ആശ്രയിക്കുന്നവരുമാണ് ഇവർ. അതിനാൽ കാർ വാങ്ങുമ്പോഴും പ്രത്യേക താത്പര്യങ്ങളെല്ലാം ഇവർക്കുണ്ടാവും. ആകർഷണീയതയുള്ളതും, കണക്റ്റഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതും, ഡിജിറ്റൽ ഫസ്റ്റ് ക്യാബിനുകൾ ഉള്ളതും, താരതമ്യേന താങ്ങാനാവുന്ന വിലയിൽ നിലനിൽക്കുന്നതുമായ വാഹനങ്ങളാണ് Gen Z വാങ്ങുന്നവർ ഇഷ്ടപ്പെടുന്നത്. ആയതിനാൽ ജെൻസി തലമുറയ്ക്ക് ഇന്ന് വാങ്ങാൻ പറ്റിയ കിടിലൻ ഇലക്ട്രിക് കാറുകളെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ?
ഹ്യുണ്ടായി അയോണിക് 5
ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ലുക്ക് ഉള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായി അയോണിക് 5. ബജറ്റ് ഒരു പ്രശ്നമേയല്ലെന്നുള്ളവർക്ക് കണ്ണുംപൂട്ടി ഇവനെ സ്വന്തമാക്കാനാവും. സൈബർപങ്ക്-പ്രചോദിത ഡിസൈൻ ഭാഷ്യത്തിൽ ഒരുങ്ങിയിരിക്കുന്ന ഇവിക്ക് ഒരു യുണീക് ഐഡന്റിറ്റിയാണുള്ളത്. പാരാമെട്രിക് പിക്സൽ എൽഇഡി ലൈറ്റുകൾ, ചരിഞ്ഞിറങ്ങുന്ന സി-പില്ലർ, സ്ലീക്ക് റൂഫ്‌ലൈൻ, എയറോഡൈനാമിക് ഡിജിറ്റൽ സൈഡ് മിററുകൾ എന്നിവ എക്സ്റ്റീരിയറിനെ കിടിലമാക്കുന്ന കാര്യങ്ങളാണ്.

ആംബിയന്റ് മൂഡ് ലൈറ്റിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വലിയ ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, OTA അപ്‌ഡേറ്റുകൾ, ഡിജിറ്റൽ കീ, HUD, പ്രീമിയം സീറ്റിംഗ് കംഫർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീമിയം ലോഞ്ച് സ്‌പേസ് പോലെയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഇന്റീരിയർ. 54.97 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കാറിന് ഫുൾ ചാർജിൽ 690 കിലോമീറ്റർ റേഞ്ച് നൽകുന്ന 84 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്.
മഹീന്ദ്ര BE 6
ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന ഏറ്റവും രസകരവും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായുള്ള മറ്റൊരു ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര BE 6. ഇത് ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പരമാവധി 600 കിലോമീറ്ററിലധികം റേഞ്ച് അവകാശപ്പെടുന്ന ഇവി പ്രാക്ടിക്കാലിറ്റിയിലും പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിർമിച്ചിരിക്കുന്നത്. സെമി-ആക്ടീവ് സസ്‌പെൻഷൻ, 360-ഡിഗ്രി സുരക്ഷ, റൈഡ് വിഷൻ എക്‌സ്, ലൈറ്റിംഗുള്ള ഇൻഫിനിറ്റി റൂഫ് പോലുള്ള സവിശേഷതകളും ഇതിലെ പ്രത്യേകതകളാണ്.

കൂടാതെ റേസ്-റെഡി ഡിജിറ്റൽ കോക്ക്പിറ്റ്, ലെവൽ 2 ADAS, ഓട്ടോ പാർക്ക് അസിസ്റ്റ് എന്നിവയും മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവിയുടെ മികച്ച സവിശേഷതകളാണ്. വിനോദത്തിനായി പനോരമിക് സ്‌നാപ്ഡ്രാഗൺ-പവർഡ് ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസുള്ള 1,400W 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ലൈവ് യുവർ മൂഡ്, മികച്ച കണക്റ്റിവിറ്റിക്കായി അഡ്വാൻസ്ഡ് MAIA സോഫ്റ്റ്‌വെയർ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18.90 ലക്ഷം മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.
സിട്രൺ eC3X
ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിയ സിട്രൺ eC3X ഇലക്ട്രിക് എസ്‌യുവിയുടെ ജെൻസി പിള്ളേർക്ക് തികച്ചും അനുയോജ്യമായ മോഡലാണ്. സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ, കുറഞ്ഞ വില എന്നിവ സംയോജിപ്പിച്ച് Gen Z ശൈലിക്ക് അനുയോജ്യമായ രീതിയിലാണ് കാർ പണികഴിപ്പിച്ചിരിക്കുന്നത്. 325 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിവുള്ള ഇതിൽ 29.2kWh പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പ്രീമിയം JBL സൗണ്ട് സിസ്റ്റം എന്നിവയെല്ലാം കുത്തിനിറച്ചെത്തുന്ന വാഹനത്തിന് 11.99 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

ടാറ്റ ടിയാഗോ ഇവി
അടുത്തിടെ മുഖംമിനുക്കി എത്തിയ ടാറ്റ ടിയാഗോ ഇവിയും Gen Z തലമുറയ്ക്ക് പറ്റിയ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണ്. ബോഡി-കളർ ബമ്പറുകൾ, ലക്‌സ് ബീം LED ഹെഡ്‌ലാമ്പുകൾ, LED ഡിആർഎല്ലുകൾ എന്നിവ ഉപയോഗിച്ച് ഇവി ഇപ്പോൾ കൂടുതൽ സ്റ്റൈലിഷ് ആയിട്ടുണ്ട്. ARAI- സാക്ഷ്യപ്പെടുത്തിയ 285 കിലോമീറ്റർ റേഞ്ചുള്ള 24 kWh ബാറ്ററി പായ്ക്ക് ഇതിനുണ്ട്. കൂടാതെ 18 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് കൈവരിക്കാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഹാച്ച്ബാക്കിലുണ്ട്.
6.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇത് ടാറ്റയുടെ ബാറ്ററി ആസ്-എ-സർവീസ് സ്കീം പ്രകാരം 4.69 ലക്ഷം രൂപയ്ക്ക് വാങ്ങിക്കാനും സാധിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ക്ലസ്റ്റർ, 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ESP, ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ വയർലെസ് ചാർജറുകൾ, പിൻ AC വെന്റുകൾ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ടിയാഗോ ഇവിയുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
എംജി കോമെറ്റ് ഇവി
ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന ഏറ്റവും ജനറേഷൻ Z-ഫോക്കസ്ഡ് ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി. ഇതിന്റെ ഒതുക്കമുള്ള രൂപം, ഫങ്കി സ്റ്റൈലിംഗ്, ഫീച്ചർ-ലോഡ് ക്യാബിൻ എന്നിവ എല്ലാത്തരം ആളുകളേയും ആകർഷിക്കുന്നതാണ്. 230 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന 17.3 കിലോവാട്ട്സ് ബാറ്ററി പായ്ക്കിലാണ് മോഡൽ വാങ്ങാനാവുക. 4.2 മീറ്റർ ടേണിംഗ് റേഡിയസ് ആണ് ഇതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.
55+ ഐ-സ്മാർട്ട് സവിശേഷതകൾ, വയർലെസ് കണക്റ്റിവിറ്റി, ഇരട്ട ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, ലെതറെറ്റ് സീറ്റുകൾ, സവിശേഷമായ രണ്ട്-ഡോർ ലേഔട്ട് എന്നിവയാണ് മൈക്രോ ഇലക്ട്രിക് കാറിലെ പ്രധാന ഫീച്ചറുകൾ. 7.62 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള എംജി കോമെറ്റ് ഇവി BaaS സ്കീമിന് കീഴിൽ 4.99 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്നതും ഏറ്റവും താങ്ങാനാവുന്നതും സ്റ്റൈലിഷുമായ അർബൻ ഇവികളിൽ ഒന്നാക്കി മാറ്റുന്നു.


Click it and Unblock the Notifications