ക്ലച്ച് ചവിട്ടി എന്തിനാ കഷ്‌ടപ്പെടുന്നേ... 10 ലക്ഷത്തിന് വാങ്ങിക്കാൻ പറ്റിയ കിടിലൻ ഓട്ടോമാറ്റിക് കാറുകൾ കണ്ടോ
റോഡുകളിലെല്ലാം വമ്പൻ തിരക്കായതോടെ ആളുകളെല്ലാം ഓട്ടോമാറ്റിക് കാറുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. മുമ്പൊക്കെ പ്രീമിയം, ആഡംബര വാഹന വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഗിയർലെസ് ടെക്ക് ഇന്ന് എൻട്രി ലെവൽ കാറുകളിൽ വരെ സ്റ്റാൻഡേർഡായി മാറി. പണ്ട് സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ് ക്ലച്ച്ലെസ് സംവിധാനമെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നുങ്കിലും ഇന്ന് പലരും ഡ്രൈവിംഗ് കൂടുതൽ ഈസിയാക്കാനാണ് ശ്രമിക്കുന്നത്. ബജറ്റ് വിഭാഗത്തിലും കാർ വാങ്ങുന്നവർ ഡ്യുവൽ പെഡൽ മോഡലുകൾക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ബമ്പർ-ടു-ബമ്പർ ട്രാഫിക് ഒക്കെ വരുമ്പോൾ ഓട്ടോമാറ്റിക് കാറിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ലല്ലോ.
ഇന്ത്യയിൽ എഎംടി, ഐഎംടി, സിവിടി, ടോർക്ക് കൺവെർട്ടർ, ഡിസിടി തുടങ്ങി നിരവധി ഓട്ടോമാറ്റിക് ഗിയർബോക്‌സ് തരങ്ങളുണ്ട്. ഈ സാങ്കേതികവിദ്യകളിൽ ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ ഒരു ഓട്ടോമാറ്റിക് കാറിന്റെ ഡ്രൈവിംഗ് സൗകര്യത്തിന്റെ അടിസ്ഥാന തത്വം അതേപടി തുടരുന്നുണ്ട്. 10 ലക്ഷത്തിൽ താഴെ ബജറ്റിൽ ഒരു ഓട്ടോമാറ്റിക് കാർ തിരയുന്നവരാണ് നിങ്ങളെങ്കിൽ ഏറ്റവും വാല്യു ഫോർ മണി മോഡലുകൾ ഏതൊക്കെയാണെന്ന് പറഞ്ഞുതരാം.

ഹ്യുണ്ടായി എക്സ്റ്റർ
മൈക്രോ എസ്‌യുവി സെഗ്മെന്റിൽ വരുന്ന ഒരു കൊച്ചുമിടുക്കനാണ് എക്സ്റ്റർ. 10 ലക്ഷം രൂപ ബജറ്റിൽ ഓട്ടോമാറ്റിക് കാർ തിരയുന്നവർക്ക് കണ്ണുംപൂട്ടി ഇവനെ വാങ്ങിക്കാനാവും. എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്ന എക്സ്റ്റർ ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ്. സുഗമമായ ഓട്ടോമാറ്റിക് ഷിഫ്റ്റുകൾ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ വരെ ഇതിന് ലഭിക്കും. 8 ലക്ഷം മുതൽ 9.50 ലക്ഷം വരെയാണ് എക്സ്റ്റർ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് വരുന്ന വില.
ടാറ്റ പഞ്ച്
പ്രത്യേകിച്ച് ആമുഖം ഒന്നും ആവശ്യമില്ലാത്ത ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നാണ് പഞ്ച്. മാനുവൽ ഗിയർബോക്‌സിനൊപ്പം എസ്‌യുവി 5 സ്പീഡ് എഎംടി ഗിയർബോക്‌സിലും ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് മൈക്രോ എസ്‌യുവിയുടെ ഹൃദയം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തുന്ന ക്ലച്ച്ലെസ് പതിപ്പുകൾക്ക് 7.59 ലക്ഷം മുതൽ 10.59 ലക്ഷം വരെയാണ് വില വരുന്നത്.

മാരുതി ഡിസയർ
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി ഡിസയറും 10 ലക്ഷം ബജറ്റിൽ വാങ്ങിക്കാൻ സാധിക്കുന്ന മികച്ച ഓട്ടോമാറ്റിക് കാറുകളിൽ ഒന്നാണ്. കോംപാക്‌ട് സെഡാന്റെ എഎംടി മോഡലുകളുടെ പ്രാരംഭ വില 7.62 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയതും സ്റ്റാൻഡേർഡായി 6 എയർബാഗ് വാഗ്ദാനം ചെയ്യുന്നതും ഡിസയറിന്റെ പ്ലസ് പോയിന്റാണ്.
9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, എൽഇഡി ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സിംഗിൾ-പെയിൻ സൺറൂഫ് തുടങ്ങിയ സവിശേഷതകളും പുതിയ ഡിസയറിൽ കുത്തിനിറച്ചിട്ടുണ്ട്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായി എത്തുന്ന കോംപാക്‌ട് സെഡാന് ഏകദേശം 24 കിലോമീറ്റർ ഇന്ധനക്ഷമതയും പെട്രോളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെനോ ട്രൈബർ
വിശാലമായ സ്ഥലസൗകര്യവും മൂന്ന് നിര സീറ്റിംഗും വാഗ്ദാനം ചെയ്യുന്ന ഒരു കാർ 10 ലക്ഷം രൂപയിൽ തിരയുന്നവരാണ് നിങ്ങളെങ്കിൽ റെനോ ട്രൈബർ തീർച്ചയായും പരിഗണിക്കേണ്ട മോഡലാണ്. ഈ 7 സീറ്റർ എംപിവിയിൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. 5-സ്പീഡ് എഎംടി ഓപ്ഷനും ഇതിൽ ലഭ്യമാണെന്നതിനാൽ പ്രായോഗികത വർധിക്കും. പാഞ്ഞുകേറുന്ന സ്പീഡില്ലെങ്കിലും പ്രാക്റ്റിക്കാലിറ്റിയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. 8.39 ലക്ഷം മുതൽ 8.60 ലക്ഷം വരെയാണ് ട്രൈബർ ഓട്ടോമാറ്റിക്കിന് വരുന്ന എക്സ്ഷോറൂം വില.
നിസാൻ ഗ്രാവൈറ്റ്
റെനോ ട്രൈബറിന്റെ റീബാഡ്‌ജ് മോഡലാണ് നിസാൻ ഗ്രാവൈറ്റ്. റെനോ എംപിവിയുടെ അതേ സീറ്റിംഗ് ലേഔട്ടുകളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന താങ്ങാനാവുന്ന വിലയുള്ള എംപിവി ആണിത്. 7 സീറ്റർ എംപിവിയുടെ എഎംടി ഓപ്ഷൻ 7.80 ലക്ഷം രൂപ മുതൽ ലഭ്യമാണ്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഗ്രാവൈറ്റിന്റെ ഹൃദയം. അതേസമയം ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അഞ്ച് സ്പീഡ് എഎംടി യൂണിറ്റും ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications