ഇക്കാര്യത്തിൽ മാരുതി പിന്നിൽ, ഹോണ്ട ഒന്നാമത്! E20 കാറുകൾക്ക് ഏറ്റവും കൂടുതൽ കാലം വാറണ്ടി നൽകുന്ന കമ്പനികൾ
E20 പെട്രോളുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ പ്രചരിക്കുന്നത് തുടരുമ്പോൾ കാർ വാങ്ങാനിരിക്കുന്നവരെല്ലാം വല്ലാത്തൊരു ആശങ്കയിലാണ്. അടുത്തിടെ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുന്നതിൽ പെട്രോൾ വാഹന ഉടമകൾക്കിടയിൽ വ്യാപകമായ അതൃപ്തിയുണ്ടെന്ന് ഒരു സർവേയും പുറത്തുവന്നിരുന്നു. മൈലേജും മെയിന്റനെൻസും സംബന്ധിച്ച ആശങ്കകളാണ് ആളുകൾക്ക് പ്രധാനമായുമുള്ളത്. എഥനോൾ കലർത്തുന്നതിന്റെ ദീർഘകാല ഫലം 2027-ഓടെ വ്യക്തമാകുമെന്ന് കേന്ദ്രം അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്തായാലും E20 പെട്രോളും അതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും മുന്നിൽ നിൽക്കുമ്പോൾ ധൈര്യമായി എങ്ങനെ കാർ വാങ്ങുമെന്ന സങ്കടത്തിലാണ് ആളുകൾ.
എന്നാൽ ഇന്ത്യയിലെ മിക്ക കാർ നിർമാതാക്കളും സമഗ്രമായ വാറണ്ടി കവറേജും എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം പകരാനായി മുമ്പോട്ട് എത്തിയിട്ടുണ്ട്. പുതുതായി കാർ വാങ്ങുന്നവർക്ക് ഈ രണ്ട് കാര്യങ്ങൾ കൂടുതൽ മനസമാധാനം നൽകുന്നു. ഇതിൽ 10 വർഷം വരെയുള്ള വാറണ്ടി കവറേജും ഉൾപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. E20-കംപ്ലയിന്റ് വാഹനങ്ങൾക്ക് ഏറ്റവും ദൈർഘ്യമേറിയ എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മികച്ച 5 കാർ ബ്രാൻഡുകളെ ഒന്ന് പരിചയപ്പെട്ടാലോ?

ഹോണ്ട
ഈ ലിസ്റ്റിൽ ആദ്യം മാരുതി സുസുക്കിയെ പ്രതീക്ഷിച്ചിരുന്നവരെല്ലാം ഹോണ്ടയുടെ പേര് കണ്ടപ്പോൾ ഒന്ന് ഞെട്ടിയിട്ടുണ്ടാവും അല്ലേ. ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ മോഡൽ ലൈനപ്പിലെ എല്ലാ കാറുകൾക്കും അൺലിമിറ്റഡ് കിലോമീറ്ററുകളോടെ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്റ്റാൻഡേർഡ് വാറണ്ടി കാലയളവിന് പുറമെ ഉപഭോക്താക്കൾക്ക് 10 വർഷം വരെ വാറണ്ടി നീട്ടാൻ കഴിയും.
ബ്രാൻഡിന്റെ എനി ടൈം വാറണ്ടി പ്രോഗ്രാമിലൂടെ സ്റ്റാൻഡേർഡ് അല്ലെങ്കിൽ നിലവിലുള്ള എക്സ്റ്റൻഡഡ് വാറണ്ടിയുടെ കാലാവധി കഴിഞ്ഞാലും ഉപഭോക്താക്കൾക്ക് പിന്നീടും വാറണ്ടി പിരീഡ് നീട്ടാൻ കഴിയും. എന്നാൽ സ്റ്റാൻഡേർഡ് വാറണ്ടിയുടെ കാലാവധി കഴിഞ്ഞതിന് ശേഷം വാറണ്ടി തെരഞ്ഞെടുക്കുന്നത് സാധാരണയായി ഉയർന്ന വില നൽകേണ്ടതായി വരുമെന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും മനസമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ മുടക്കുന്ന തുക ഒരിക്കലും പാഴാവുകയില്ല.

നിസാൻ
നിസാന്റെ പുതിയ വാഹനങ്ങൾക്കും 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കുന്നതാണ്. കൂടാതെ ബ്രാൻഡിന്റെ എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് കവറേജ് കൂടുതൽ കാലത്തേക്ക് നീട്ടാനും അവസരം ലഭിക്കുന്നതായിരിക്കും. അങ്ങനെ അപ്രതീക്ഷിത മെയിന്റനെൻസ് ചെലവുകളിൽ നിന്ന് ഉടമകൾക്ക് അധിക പരിരക്ഷയും ലഭിക്കും. പ്രാരംഭ മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയിൽ എക്സ്റ്റൻഡഡ് വാറണ്ടി ചേർക്കാനും മൊത്തത്തിലുള്ള കവറേജ് 7 വർഷം വരെ അല്ലെങ്കിൽ 2,00,000 കിലോമീറ്റർ വരെ നീട്ടാനും കഴിയും.
ഹ്യുണ്ടായി
ഹ്യുണ്ടായി മൊത്തത്തിൽ 7 വർഷം വരെയുള്ള വാറണ്ടി പാക്കേജാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സ്റ്റാൻഡേർഡായി 4 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്ററാണ് ലഭിക്കുക. പരമാവധി 7 വർഷം വരെ അല്ലെങ്കിൽ 1,40,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടി നീട്ടാൻ കഴിയും. മറ്റൊരു പ്രധാന നേട്ടം വാറണ്ടി കാലയളവിൽ വാഹനം വിൽക്കുകയാണെങ്കിൽ അടുത്ത ഉടമയ്ക്കും ഇത് കൈമാറാൻ കഴിയുമെന്നതാണ്. സാധാരണ സാഹചര്യങ്ങളിൽ സംഭവിക്കുന്ന മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ പോലും ഈ വാറണ്ടി പാക്കേജിൽ ഉൾക്കൊള്ളുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫോക്‌സ്‌വാഗൺ, സ്കോഡ
ഫോക്‌സ്‌വാഗണും ഇതേ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കോഡയും രാജ്യത്ത് എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ബ്രാൻഡുകളും 4 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് കാർ വാങ്ങുന്നവർക്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് വാറണ്ടി ഒരു വർഷം അല്ലെങ്കിൽ 1,25,000 കിലോമീറ്റർ അല്ലെങ്കിൽ 2 വർഷം അല്ലെങ്കിൽ 1,50,000 കിലോമീറ്റർ കൂടി നീട്ടാൻ കഴിയും. അങ്ങനെ 6 വർഷം വരെ മൊത്തം കവറേജ് നേടാം.
മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ചില യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിന് 3 വർഷത്തിൽ താഴെ പഴക്കമുണ്ടായിരിക്കണം, കൂടാതെ 1,00,000 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിച്ചിരിക്കണം എന്നാണ് കമ്പനിയുടെ നിർദേശങ്ങൾ. 1,20,000 കിലോമീറ്റർ വരെ 1 വർഷം കൂടി കവറേജ് വർധിപ്പിക്കുന്ന പ്ലാറ്റിനം പ്ലാൻ അല്ലെങ്കിൽ ആറാം വർഷം മുതൽ 1,60,000 കിലോമീറ്റർ വരെ സംരക്ഷണം നൽകുന്ന പ്രീമിയം സോളിറ്റയർ പ്ലാൻ എന്നിവയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.


Click it and Unblock the Notifications