കാറോടിച്ച് കൈതെളിഞ്ഞില്ലേ, ഓടിക്കാൻ എളുപ്പമുള്ള ഈ കാറുകൾ വാങ്ങിയാൽ പ്രോ ഡ്രൈവറാകാം
കാർ ഓടിക്കാൻ പഠിച്ചുവരുന്ന ഒരാളാണ് നമ്മളെങ്കിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ആത്മവിശ്വാസം അൽപം കുറവായിരിക്കും അല്ലേ. അതിപ്പോൾ കാറോട്ട മത്സരങ്ങളുടെ രാജകുമാരനായ ലൂയിസ് ഹാൽമിട്ടന് വരെ തുടക്കകാലത്ത് ഇത്തരം ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം. പരിചയമില്ലാത്തൊരു കാര്യം ചെയ്യുമ്പോൾ മനുഷ്യർക്കുണ്ടാവുന്ന സർവസാധാരണമായ കാര്യമായിരിക്കും ആത്മവിശ്വാസമില്ലായ്‌മ. ആദ്യമായി ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ പുതുതായി കാർ ഓടിക്കാൻ പഠിച്ചവർക്കെല്ലാം ഉണ്ടാവുന്ന ഏറ്റവും വലിയ ഭയമാണ് കാർ ഇടിച്ചാലോ അല്ലെങ്കിൽ റോഡിൽ വെച്ച് നിന്നുപോയാൽ എന്തുചെയ്യും എന്നുള്ളതെല്ലാം. ക്ലച്ചുള്ള കാറുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിന്ന് പോവുമെന്നുള്ള ഭയം ഏറെയായിരിക്കും.
എന്നാൽ നിങ്ങളുടെ കാർ ഭാരം കുറഞ്ഞതും, ഒതുക്കമുള്ളതും, അസാധാരണമാംവിധം സുഗമമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതുമാണെങ്കിൽ ഈ ഭയങ്ങളെല്ലാം അപ്രത്യക്ഷമാക്കാൻ കഴിയും കേട്ടോ. ഡ്രൈിവിംഗ് പഠിച്ച് പുതുതായി ഒരു കാർ വാങ്ങണമെന്ന് കരുതുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് പറ്റിയ ഓടിക്കാനും കൊണ്ടുനടക്കാനും എളുപ്പമുള്ള ചില മോഡലുകൾ പറഞ്ഞുതരാം. അതും 10 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങിക്കാൻ പറ്റിയ കാറുകൾ തന്നെ നോക്കാം.

റെനോ ക്വിഡ്
ആദ്യമായി കാർ വാങ്ങുന്നവർക്ക് പറ്റിയ മികച്ച എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ ഒന്നാണ് റെനോ ക്വിഡ്. സ്‌യുവി പോലുള്ള ഡിസൈനും മികച്ച ഗ്രൗണ്ട് ക്ലിയറൻസുമുള്ളതിനാൽ ഏതുതരം റോഡുകൾക്കും അനുയോജ്യനാണിവൻ. സ്റ്റോപ്പ്-ആൻഡ്-ഗോ ട്രാഫിക്കിൽ പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ സവിശേഷത. കൂടാതെ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 4.29 ലക്ഷമാണ് ഇതിന്റെ പ്രാരംഭ വില വരുന്നത്.
ടാറ്റ പഞ്ച്
കുറഞ്ഞ ബജറ്റിൽ സുരക്ഷിതവും കരുത്തുറ്റതുമായ വാഹനം ആഗ്രഹിക്കുന്നവർക്ക് ടാറ്റ പഞ്ച് ഒരു മികച്ച ഓപ്ഷമായിരിക്കും. ഉയർന്ന സീറ്റിംഗ് പൊസിഷൻ ഉള്ളതിനാൽ ഓടിക്കുന്നയാൾക്ക് റോഡ് വ്യക്തമായി കാണാനും സാധിക്കും. ഇത് തിരക്കേറിയ റോഡുകളിൽ പോലും എളുപ്പത്തിൽ കൊണ്ടുനടക്കാൻ സഹായിക്കുന്ന കാര്യമാണ്. 1.2 ലിറ്റർ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം. 5.59 ലക്ഷം മുതലാണ് മൈക്രോ എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

ഹ്യുണ്ടായി എക്‌സ്റ്റർ
ടാറ്റ പഞ്ചിന്റെ അതേ സെഗ്മെന്റിൽ വരുന്ന മോഡലായതിനാൽ തന്നെ പുതിയ ഡ്രൈവർമാർക്ക് അവരുടെ ആദ്യ കാറായി വാങ്ങാൻ പറ്റിയതാണ് ഹ്യുണ്ടായി എക്സ്റ്റർ. ഒതുക്കമുള്ളതും ബോക്‌സിയുമായ രൂപം ഡ്രൈവ് ചെയ്യാനും പാർക്ക് ചെയ്യാനും വളരെ എളുപ്പമാക്കുന്നു. 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനുള്ളതിനാൽ അസാധാരണമാംവിധത്തിലുള്ള സ്മൂത്ത് ഡ്രൈവാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. പാഡിൽ ഷിഫ്റ്റുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഓപ്ഷനും എക്സ്റ്ററിലുണ്ട്. 5.73 ലക്ഷമാണ് പ്രാരംഭ വില വരുന്നത്.
മാരുതി സ്വിഫ്റ്റ്
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ കാറുകളിൽ ഒന്നാണ് മാരുതി സ്വിഫ്റ്റ്. പുതിയ ഡ്രൈവർമാരുടെ ആദ്യ ചോയ്‌സായി ഇത് ഇന്നും കുതിച്ചുപായുകയാണ്. ഇതിന്റെ ലൈറ്റ് സ്റ്റിയറിംഗും പെപ്പി എഞ്ചിനും നഗരത്തിലെ ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു. സ്വിഫ്റ്റിന്റെ ശക്തമായ റീസെയിൽ വാല്യുവും കുറഞ്ഞ പരിപാലന ചെലവുകളും ആദ്യമായി കാർ വാങ്ങുന്നവർക്ക് സുരക്ഷിതമായ നിക്ഷേപമാക്കി മാറ്റുന്നു. 5.78 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

ഹ്യുണ്ടായി i20
10 ലക്ഷം രൂപ വിലയിൽ അൽപ്പം പ്രീമിയം അനുഭവമുള്ള കാർ തേടുന്നവരാണ് നിങ്ങളെങ്കിൽ ഹ്യുണ്ടായി i20 ഒരു മികച്ച ഓപ്ഷനായിരിക്കും. നല്ല റിഫൈൻമെന്റുള്ള 1.2 ലിറ്റർ എഞ്ചിനും സ്ഥിരതയുള്ള ഡ്രൈവിംഗ് ഡൈനാമിക്സും ഉയർന്ന വേഗതയിൽ പോലും ഓടിക്കുന്നയാൾക്ക് ആത്മവിശ്വാസം നൽകും. വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ് തുടങ്ങിയ സൗകര്യങ്ങളും കൂടിയാവുമ്പോൾ സംഗതി കളറാവും. 5.99 ലക്ഷം മുതലാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








