എസ്‌യുവികളിലെ വല്യേട്ടൻമാർ, ഇപ്പോൾ വാങ്ങാൻ പറ്റിയ അഡാറ് D-സെഗ്മെൻ്റ് ഫാമിലി എസ്‌യുവികൾ
ഇന്ത്യയിലെ എസ്‌യുവി നിരയിലെ വല്യേട്ടൻമാരാണ് ഡി-സെഗ്മെൻ്റ് സ്പോർട് യൂട്ടിലിറ്റി വാഹന നിരയിലുള്ളത്. ഏതുതരം റോഡുകളിലും അന്യായ പെർഫോമൻസ് തരുന്ന ഈ മിടുക്കൻമാർ ഓഫ്-റോഡിംഗിന് വരെ അനുയോജ്യമാണ്. പണ്ട് ഫോർഡ് എൻഡവറും ടൊയോട്ട ഫോർച്യൂണറും മത്സരിച്ചുകൊണ്ടിരുന്ന ഈ വിഭാഗം ഇന്ന് വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമാണ്. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള സെഗ്മെന്റ് പക്ഷേ എല്ലാവർക്കും തിളങ്ങാനിയിട്ടില്ലെന്നതും സത്യമാണ്. മഹീന്ദ്ര ആൾട്യൂറാസ് G4 പോലുള്ള വമ്പൻമാർ മൂക്കുകിത്തി വീണതും ഇതേ നിരയിലാണ്. ഇന്ന് 2026-ൽ ഇന്ത്യയിൽ വാങ്ങിക്കാൻ പറ്റിയ ചില കിടിലൻ ഫുൾ-സൈസ് എസ്‌യുവികളെ ഒന്ന് പരിചയപ്പെട്ടാലോ?
ടൊയോട്ട ഫോർച്യൂണർ
ഈ സെഗ്മെൻ്റിനെ പറ്റി പരാമർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് ടൊയോട്ട ഫോർച്യൂണറിൻ്റേത്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും ഇതുതന്നെയാണ്. വിശ്വാസ്യത, ഈട്, ശക്തമായ ഓഫ്-റോഡിംഗ് കഴിവ് എന്നിവയ്ക്ക് പേരുകേട്ട ഫോർച്യൂണർ ഇഷ്‌ടമല്ലാത്തവർ പോലുമുണ്ടാവില്ല. 2.7 പെട്രോൾ, 2.8 ഡീസൽ എഞ്ചിൻ ഓപ്ഷനുകളും 4X2, 4X4 സംവിധാനവുമാണ് എസ്‌യുവിയുടെ ഹൃദയം.

ഇലക്ട്രോണിക് ഡ്രൈവ് കൺട്രോൾ, ഡിഫറൻഷ്യൽ ലോക്ക്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്കിംഗ് അസിസ്റ്റ്, റഗ്ഡ് ബോഡി-ഓൺ-ഫ്രെയിം ഷാസി, ഏഴ് എസ്ആർഎസ് എയർബാഗുകൾ എന്നിവ പോലുള്ള പ്രധാന സവിശേഷതകളാലും സമ്പന്നമായ വാഹനമാണ് ടൊയോട്ട ഫോർച്യൂണർ. നിലവിൽ 34.80 ലക്ഷം രൂപ മുതൽ 49.59 ലക്ഷം രൂപ വരെയാണ് ടൊയോട്ട എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില.
എംജി മജസ്റ്റർ
എംജി ഗ്ലോസ്റ്ററിൻ്റെ പിൻഗാമിയായി എത്തിയ മജസ്റ്ററിൻ്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ പ്രമുഖ മോഡലുകളിൽ ഒന്നായി മാറാൻ കഴിവുള്ള ഫോർച്യൂണറിൻ്റെ എതിരാളിയാണ് ഇവൻ. ഈ വിഭാഗത്തിലെ ഏറ്റവും വലിയ മോഡലുകളിൽ ഒന്നുകൂടിയാണ് മജസ്റ്റർ. 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 4x2, 4x4 കോൺഫിഗറേഷനുകളും എംജി മജസ്റ്ററിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. M-ക്രാൾ ഫംഗ്ഷൻ, ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ (ഫ്രണ്ട്, സെന്റർ, റിയർ), 810 മില്ലീമീറ്റർ വാട്ടർ-വേഡിംഗ് കപ്പാസിറ്റി, ഒന്നിലധികം ഓഫ്-റോഡ് മോഡുകൾ എന്നിവ മജസ്റ്ററിനെ വേറിട്ടുനിർത്തുന്നു. 50 ലക്ഷം രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.
ജീപ്പ് മെറിഡിയൻ
കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഡി-സെഗ്മെന്റ് എസ്‌യുവി തിരയുന്നവർക്ക് നേരെ പോയി വാങ്ങാവുന്ന മോഡലാണ് ജീപ്പ് മെറിഡിയൻ. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ട്രാക്ക് എഡിഷനോടെ ജീപ്പ് അടുത്തിടെ മെറിഡിയനെ പുതുക്കി അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് മെറിഡിയൻ്റെ ഹൃദയം. മികച്ച ഓഫ്-റോഡ് ശേഷിക്കായി 2WD, 4WD കോൺഫിഗറേഷനുകളും എസ്‌യുവിക്കൊപ്പം ജീപ്പ് ഒരുക്കിയിട്ടുണ്ട്.

360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 30-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ എന്നിവയാണ് മെറിഡിയനിലെ പ്രധാന ഫീച്ചറുകൾ. ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് സസ്‌പെൻഷൻ, ഓൾ-സീസൺ ടയറുകൾ, ഓട്ടോ ഹോൾഡ്, 4WD ലോക്ക്, ഹിൽ ഡിസന്റ് കൺട്രോൾ, സെലെക്-ടെറൈൻ മോഡുകൾ എന്നിവയുള്ള ഈ മോഡലിന് 23.33 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.
സ്കോഡ കൊഡിയാക്
ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ഡി-സെഗ്മെന്റ് എസ്‌യുവികളിൽ ഒന്നാണ് സ്കോഡ കൊഡിയാക്. 39.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന മോഡൽ മാന്യമായ ഓഫ്-റോഡ് ശേഷിയോടൊപ്പം പ്രീമിയം ഡ്രൈവിംഗ് അനുഭവവും നൽകുന്നു. 7-സ്പീഡ് DSG ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 9 എയർബാഗുകൾ, ഇന്റലിജന്റ് പാർക്കിംഗ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, വയർലെസ് കണക്റ്റിവിറ്റി, 4x4 ശേഷി എന്നിവയാണ് അധിക സവിശേഷതകൾ.
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ
ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ ഏറ്റവും പുതിയ മോഡലാണ് ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ. ഏഴ് സീറ്റർ കോൺഫിഗറേഷനുള്ള ഫോക്‌സ്‌വാഗന്റെ നിരയിലെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി കൂടിയാണിത്. 204 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഫോക്‌സ്‌വാഗന്റെ 7-സ്പീഡ് DSG ഗിയർബോക്‌സും 4Motion ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








