ലഗേജ് എത്രവേണേലും കുത്തിനിറയ്ക്കാം, ഇഷ്‌ടംപോലെ ബൂട്ട് സ്പേസുള്ള മിഡ്-സൈസ് എസ്‌യുവികൾ ഇതാ
പുതിയൊരു കാർ വാങ്ങുമ്പോൾ അതിന്റെ പ്രായോഗികത കൂടി കണക്കിലെടുത്താവും പലരും വാങ്ങിക്കുക. 5 പേർക്ക് യാത്ര ചെയ്യാൻ സ്ഥലമുണ്ടോയെന്ന് മാത്രമല്ല, അതിന്റെ മൈലേജ്, മെയിന്റനെൻസ് കോസ്റ്റ്, റീസെയിൽ വാല്യു, ലഗേജ് സ്പേസ് എന്നിവ കൂടി പരിഗണിച്ചേ പലരും വണ്ടി വാങ്ങിക്കാറുള്ളൂ. അതിൽ സാധാനങ്ങൾ കുത്തിനിറയ്ക്കാൻ പാകത്തിനുള്ള സ്പേസ് കൂടിയുണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർക്ക് അതൊരു വലിയ കാര്യമായിരിക്കും. പലരും എസ്‌യുവികൾ വാങ്ങിക്കാൻ താത്പര്യപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസിനൊപ്പം നല്ല ഡിക്കി സ്പേസുള്ള അനേകം എസ്‌യുവികൾ ഇന്ന് വിപണിയിലുണ്ട്. അത് ഏതെല്ലാമാണെന്ന് നോക്കിയാലോ?

ടാറ്റ സിയറ
ടാറ്റയുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായ സിയറയും വലിയ ബൂട്ട് സ്പേസ് നൽകുന്ന മോഡലുകളിൽ ഒന്നാണ്. ഏകദേശം 600 ലിറ്റർ ലഗേജ് സ്പേസുമായാണ് ആശാന്റെ വരവ്. റിയർ സീറ്റുകൾ 60:40 അനുപാതത്തിൽ മടക്കിവെക്കാൻ കഴിയുമെന്നതിനാൽ അധികം സാധനങ്ങൾ കയറ്റാനും സാധിക്കുന്നതാണ്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുള്ള വാഹനത്തിന് 11.49 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.
ഇതിൽ ആദ്യത്തേത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്. ഇത് 104 bhp കരുത്തിൽ 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം 158 bhp പവറിൽ പരമാവധി 255 Nm ടോർക്ക് നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭ്യമാണ്. 116 bhp, 280 Nm ടോർക്ക് എന്നിവ നൽകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും സിയറയുടെ ഭാഗമാണ്.

റെനോ ഡസ്റ്റർ
ബൂട്ട് സ്പേസിന്റെ കാര്യത്തിൽ റെനോ ഡസ്റ്ററും പുലിയാണ്. 518 ലിറ്റർ ശേഷിയുമായാണ് എസ്‌യുവിയുടെ ന്യൂജെൻ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ കൂടുതൽ സ്ഥലം കണ്ടെത്താനും കഴിയും. 10.29 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന ന്യൂജെൻ പതിപ്പിന് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.
ഹോണ്ട എലിവേറ്റ്
458 ലിറ്റർ ബൂട്ട് സ്പേസുള്ള നല്ല ഒന്നാന്തരം എസ്‌യുവിയാണ് ഹോണ്ട എലിവേറ്റ്. മാത്രമല്ല 60:40 പിൻ സീറ്റ് സ്പ്ലിറ്റ് ഉള്ളതിനാൽ പിൻ സീറ്റുകൾ മടക്കിവെച്ച് കൂടുതൽ സ്പേസ് കണ്ടെത്താനും സാധിക്കുന്നതാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ iVTEC പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. 11.59 ലക്ഷം മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അതിന്റെ ബൂട്ട് സ്പേസ്. ഡിക്കിയിൽ 433 ലിറ്റർ സ്പേസാണ് ഈ സ്പോർട് യൂട്ടിലിറ്റി വാഹനം വാഗ്ദാനം ചെയ്യുന്നത്. 10.79 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിന് 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളും ലഭിക്കുന്നതാണ്.
കിയ സെൽറ്റോസ്
കിയ സെൽറ്റോസിന് 447 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഇത് ഹ്യുണ്ടായി ക്രെറ്റയേക്കാൾ ഏകദേശം 14 ലിറ്റർ കൂടുതലാണ്. ക്രെറ്റയെപ്പോലെ തന്നെ കിയ സെൽറ്റോസിനും ബൂട്ടിൽ ഒരു ഫ്ലാറ്റ് ഫ്ലോറുള്ളതിനാൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും കൂടുതൽ എളുപ്പമായിരിക്കും. റിയർ സീറ്റുകൾ 60:40 അനുപാതത്തിൽ മടക്കിവെക്കാനാവുന്നതിനാൽ ആവശ്യമെങ്കിൽ സ്പേസ് ഇനിയും വർധിപ്പിക്കാനുമാവും. ക്രെറ്റയിലെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെ വാഗ്ദാനം ചെയ്യുന്ന മോഡലിന് 10.99 ലക്ഷമാണ് പ്രാരംഭ വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








