650 KM റേഞ്ചുള്ള ഇലക്‌ട്രിക് കാറിൻ്റെ ബാറ്ററിക്ക് പണികിട്ടി, ഫ്രീയായി മാറ്റിത്തരാമെന്ന് കമ്പനി
ഇലക്ട്രിക് കാറുകളിലൂടെ വിസ്‌മയം തീർത്തുകൊണ്ടിരിക്കുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. e6 എംപിവി, അറ്റോ 3 പോലുള്ള തട്ടുപൊളിപ്പൻ ഇവികളിലൂടെയാണ് ബ്രാൻഡ് വണ്ടിഭ്രാന്തൻമാരുടെ മനസിലേക്ക് കുടിയേറി പാർത്തത്. എന്നാൽ ബിവൈഡിയുടെ നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീൽ എന്ന സെഡാൻ മോഡലിനാണ്. അതിനുള്ള പ്രധാന കാരണം പോർഷയുടെ സ്പോർട്‌സ് കാറുകളോട് പോലും കിടപിടിക്കുന്ന രീതിയിലുള്ള തകർപ്പൻ ഡിസൈൻ തന്നെയാണ്. അതും 50 ലക്ഷം രൂപയിൽ താഴെ കിട്ടിയാൽ ഇന്ത്യക്കാർ വെറുതേയിരിക്കുമോ?
പോർഷയും ലംബോർഗിനിയും ഫെറാറായും പോലുള്ള സ്പോർട്‌സ് കാറുകളൊന്നും വാങ്ങാൻ കാശില്ലാതിരുന്നവരെല്ലാം നേരെയെത്തിയത് ബിവൈഡി സീൽ ഇവിയുടെ അടുത്തേക്കാണ്. എന്നാൽ വാങ്ങിയവർക്ക് ഇപ്പോൾ ചെറിയ നിരാശ നൽകുന്ന വാർത്തയാണ് കമ്പനിയിൽ നിന്നും വരുന്നത്. എന്താണന്നല്ലേ, ഇലക്ട്രിക് കാറിലെ ബാറ്ററി പായ്ക്കിൽ ചെറിയ തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചിരിക്കുകയാണ് ബിവൈഡി.

ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സീൽ ഇവിയുടെ ഹൈ വോൾട്ടേജ് ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് ബിവൈഡി ഇന്ത്യ സ്വമേധയാ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച യൂണിറ്റുകളുടെ കൃത്യമായ എണ്ണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജ്യത്തെ എല്ലാ ബിവൈഡി സീൽ ഉപഭോക്താക്കളോടും കാറിലെ ബ്ലേഡ് ബാറ്ററിയിൽ എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കാൻ അംഗീകൃത ടെക്‌നീഷ്യൻമാരെക്കൊണ്ട് കാറുകൾ പരിശോധിക്കാൻ ബ്രാൻഡ് ആവശ്യപ്പെടുന്നു.
സീലിന്റെ ബാറ്ററി പായ്ക്കിലെ വ്യക്തിഗത സെല്ലുകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് തിരിച്ചുവിളിക്കലിന് കാരണമായിരിക്കുന്നത്. തകരാർ ബാധിച്ച ഉപഭോക്താക്കൾക്ക് സൗജന്യമായി ബാറ്ററി മാറ്റിസ്ഥാപിക്കൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ്. ബിവൈഡി സീൽ സ്വന്തമാക്കിയിരിക്കുന്നവർ അംഗീകൃത സർവീസ് സെൻ്ററിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യേണ്ടതാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വേണം ബുക്ക് ചെയ്യാൻ.

വാഹനം സർവീസ് സെൻ്ററിൽ എത്തിക്കഴിഞ്ഞാൽ ടെക്നീഷ്യൻമാർ ഒരു ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് പരിശോധന നടത്തും. സീലിൻ്റെ ബ്ലേഡ് ബാറ്ററി സെല്ലുകളിൽ പ്രശ്നം സ്കാനർ കണ്ടെത്തിയാൽ ഇവിയുടെ മുഴുവൻ ബാറ്ററി പായ്ക്കും സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നാണ് ബിവൈഡി പറയുന്നത്. ഉടമയ്ക്ക് സ്വന്തം കാർ സർവീസ് സെൻ്റിറിലേക്ക് എത്തിക്കാൻ സമയം കിട്ടിയില്ലെങ്കിൽ അതിനും ഉദ്യോഗസ്ഥരെ കമ്പനി വീട്ടിലേക്ക് അയയ്ക്കും.
അതിനാൽ ഈയൊരു കാര്യം തലവേദനയുണ്ടാക്കില്ല. ബാറ്ററി മാറ്റിസ്ഥാപിച്ചതിന് ശേഷം അതേ ദിവസം തന്നെ ഉപഭോക്താവിന് അവരുടെ കാർ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ ബാറ്ററി തകരാർ ചൈനീസ് ബ്രാൻഡ് നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കുള്ള മറ്റ് മോഡലുകളെയൊന്നും ബാധിക്കില്ല. ബിവൈഡി സീലിനെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് സെഡാൻ 61.44kWh, 82.56kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇത് ഡൈനാമിക് (സ്റ്റാൻഡേർഡ് റേഞ്ച്), പ്രീമിയം (എക്സ്റ്റെൻഡഡ് റേഞ്ച്), പെർഫോമൻസ് (AWD) വേരിയൻ്റുകളിൽ ലഭ്യമാണ്. ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീൽ സ്വന്തമാക്കാൻ അവസരമുണ്ട്. സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്‌ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് സെഡാനിലുണ്ട്.
എൻട്രി-ലെവൽ ഡൈനാമിക്, മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റ് റിയർ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അതേസമയം സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്പ്-എൻഡ് പെർഫോമൻസ് മോഡലാണ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെ വാഗ്ദാനം ചെയ്യുന്നത്. സീൽ ഇവിയിലെ ബാറ്ററി പായ്ക്കിന് 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ലഭിക്കുക. അതേസമയം കാറിലെ മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








