8 വർഷം വാറണ്ടി, 567 കി.മീ റേഞ്ച്... ഇലക്‌ട്രിക് എസ്‌യുവിയുടെ ആനിവേഴ്‌സറി എഡിഷനുമായി ബിവൈഡി
ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളാണെങ്കിലും ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡിക്ക് ലോകത്താകെമാനം അന്യായ ഫാൻബേസാണുള്ളത്. ഇങ്ങ് ഇന്ത്യയിൽ പോലും ബിവൈഡിയുടെ ഇമേജ് വെറെ തന്നെയാണ്. അറ്റോ 3, ഇമാക്‌സ് 7, സീൽ തുടങ്ങിയ ഗംഭീര ഇവികളുമായി രാജ്യത്ത് സ്ഥാനമുറപ്പിച്ച കമ്പനി സീലയൺ 7 (BYD Sealion 7 Electric SUV) എന്നൊരു മിടുക്കൻ എസ്‌യുവിയെ കൂടി രാജ്യത്ത് കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. വിപണിയിലെത്തി ഒരു വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ബിവൈഡി.
ഇലക്ട്രിക് പെർഫോമൻസ് എസ്‌യുവിയായ സീലയൺ 7 എസ്‌യുവിയുടെ ഫസ്റ്റ് ആനിവേഴ്‌സറി എഡിഷനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ബിവൈഡി ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. 70,000 രൂപയായിരിക്കും ബുക്കിംഗ് തുകയായി നൽകേണ്ടി വരിക. ഇതിനകം തന്നെ ഇന്ത്യയിൽ ഇവിയുടെ 2,500 യൂണിറ്റ് വിൽപ്പന കടന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഒന്നാം വാർഷിക ഓഫറിന്റെ ഭാഗമായി ആദ്യത്തെ 1100 ഉപഭോക്താക്കൾക്ക് ഇൻസ്റ്റാളേഷനോടുകൂടിയ സൗജന്യ 11kW ഹോം ചാർജർ, രണ്ട് വർഷത്തെ സൗജന്യ സർവീസും മെയിന്റനെൻസും ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ബിവൈഡി സീലയൺ 7 എസ്‌യുവിക്ക് യഥാക്രമം 49.40 ലക്ഷം രൂപയും 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഇലക്ട്രിക് എസ്‌യുവിയുടെ ലോ വോൾട്ടേജ് ബാറ്ററി (LVB) ഇപ്പോൾ LFP സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കൂടാതെ 8 വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയും നൽകുന്നുവെന്ന് ബിവൈഡി പറയുന്നു. സീലയൺ 7 ഇവിയിൽ ബിൽഡ് യുവർ ഡ്രീംസിന്റെ സെൽ-ടു-ബോഡി (CTB) ആർക്കിടെക്ച്ചറും ബ്ലേഡ് ബാറ്ററി ഇന്റഗ്രേഷനുമുള്ള നൂതന എഞ്ചിനീയറിംഗ് ആണുള്ളത്. ഇത് ഘടനാപരമായ കാഠിന്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

ഇന്റലിജൻസ് ടോർക്ക് അഡാപ്റ്റേഷൻ കൺട്രോൾ (iTAC), വെഹിക്കിൾ-ടു-ലോഡ് (VTOL) പ്രവർത്തനക്ഷമതയും സീലയൺ 7 ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ കൊടുക്കുന്ന കാശ് മുതലാണ്. ആവശ്യമുള്ളപ്പോൾ എസ്‌യുവി വഴി എക്സ്റ്റേണൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നതാണ്. പെർഫോമൻസ് ഇലക്ട്രിക് എസ്‌യുവിയായതിനാൽ തന്നെ വാഹനം നല്ല കിടിലൻ ഡ്രൈവിംഗ് എക്സ്പീരിയൻസാണ് വാഗ്ദാനം ചെയ്യുന്നത്.
ബിവൈഡി സീലയൺ 7 ഇവിയുടെ പ്രീമിയം പതിപ്പ് 6.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പെർഫോമൻസ് വേരിയന്റ് വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ യോഗ്യമാണ്. രണ്ട് വേരിയന്റുകളിലും കമ്പനി 82.56 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. പെർഫോമൻസ്, പ്രീമിയം ട്രിമ്മുകൾക്ക് യഥാക്രമം 542 കിലോമീറ്ററും 567 കിലോമീറ്ററും (NEDC) അവകാശപ്പെടുന്ന റേഞ്ച് നൽകുന്നു.
ഡിസൈനിലേക്ക് നോക്കിയാൽ ബിവൈഡി സീലയൺ 7 ഫസ്റ്റ് ആനിവേഴ്‌സറി എഡിഷന് ഒരു വ്യതിരിക്തമായ തഹിതി ബ്ലൂ ഇന്റീരിയർ തീമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയറിൽ 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്വിൽറ്റഡ് നാപ്പ ലെതർ സീറ്റുകൾ, 128-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയുള്ള പ്രീമിയം ഫീച്ചറുകളാണ് ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.
ഇതുകൂടാതെ 12-സ്പീക്കർ ഡൈനാഡിയോ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, 50 W വയർലെസ് ചാർജിംഗ് തുടങ്ങിയ അധിക സവിശേഷതകളും ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ഇലക്ട്രിക് എസ്‌യുവി സേഫ്റ്റിയിലും വേറെ ലെവലാണ്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.
തീർന്നില്ല, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ്, റിയർ കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയർ ക്രോസ്-ട്രാഫിക് അലേർട്ടുകൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡിയുടെ സീലയൺ 7 ഇലക്ട്രിക് എസ്‌യുവിയുടെ സേഫ്റ്റി ഫീച്ചറുകളുടെ ഭാഗമാണ് കേട്ടോ.


Click it and Unblock the Notifications








