വില കൂട്ടിയിട്ടും 5 ലക്ഷം പോലും വേണ്ട വാങ്ങാൻ! വാഗൺആറിനും സെലേറിയോയ്ക്കും കട്ട കോമ്പറ്റീഷനുമായി C3
അതിഗംഭീരമായ വാഹനങ്ങൾ വിദേശ രാജ്യങ്ങളിൽ പുറത്തിറക്കി വെന്നിക്കൊടി പാറിച്ചവരാണ് സിട്രൺ. എന്നാൽ ഇന്ത്യയിലെത്തിയപ്പോൾ പദ്ധതികളെല്ലാം പരാജയപ്പെട്ടുപോയെങ്കിലും പോരാടാനുറച്ച് മുമ്പോട്ട് പോവുകയാണ് ബ്രാൻഡ്. മോഡലുകളിലുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് മിടുക്കൻമാരാക്കിക്കൊണ്ടിരിക്കുകയാണ് സിട്രൺ. എന്നാൽ അതിനിടയിൽ ചെറിയ വില വർധനവ് നടപ്പിലാക്കി ആരാധകരെ നിരാശരാക്കിയിരിക്കുകയാണ ഫ്രഞ്ച് വാഹന നിർമാതാക്കൾ. അതും തങ്ങളുടെ നിരയിലെ എൻട്രി ലെവൽ മോഡലായ C3 പ്രീമിയം ഹാച്ച്ബാക്ക് പോലും ഇനി പഴയ വിലയിൽ ലഭ്യമല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. C3 ഹാച്ചിൻ്റെ വേരിയൻ്റ് തിരിച്ചുള്ള പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ?
C3 ഹാച്ച്ബാക്കിൻ്റെ തെരഞ്ഞെടുക്കുന്ന വേരിയൻ്റുകൾക്ക് അനുസരിച്ച് വില വർധനവിൽ മാറ്റമുണ്ടാവും. ലോവർ-സ്പെക്ക് ലൈവ്, ഫീൽ ആൻഡ് ഫീൽ (O) ട്രിമ്മുകൾക്ക് ഇപ്പോൾ 15,000 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്നത്. അതേസമയം ടോപ്പ് എൻഡ് ടർബോ, ഷൈൻ മോഡലുകളുടെ വില 40,000 രൂപ വരെയാണ് കണ്ണിൽച്ചോരയില്ലാതെ കൂട്ടിയിരിക്കുന്നത്. C3 ലൈവ് മാനുവലിന് നേരത്തെ 4.80 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

എന്നാൽ ഇതിൽ നിന്നും 15,000 രൂപ ഉയർന്ന് 4.95 ലക്ഷമായി പുതുക്കിയ വില. അതേസമയം ബേസിന് തൊട്ടുമുകളിലുള്ള ലൈവ് (O) മാനുവലിൻ്റെ വിലയിൽ കമ്പനി കൈവെച്ചിട്ടില്ല. ഇത് പഴയ വിലയ്ക്ക് തന്നെ വാങ്ങിക്കാനാവും. പക്ഷേ C3 ഫീൽ മാനുവലിന് 5.70 ലക്ഷത്തിൽ നിന്നും 15,000 രൂപ വർധിച്ച് 5.85 ലക്ഷം രൂപയും ഫീൽ (O) മാനുവലിന് 6.65 ലക്ഷത്തിൽ നിന്നും 15,000 രൂപ ഉയർന്ന് 6.80 ലക്ഷവുമായി എക്സ്ഷോറൂം വില.
സിട്രൺ C3 ഷൈൻ മാനുവൽ നോക്കുന്നവർ കുറച്ച് അധികം പണം കണ്ടെത്തേണ്ടി വരും കേട്ടോ. 7.23 ലക്ഷമായിരുന്ന വിലയിൽ 40,000 രൂപ വർധിച്ച് 7.63 ലക്ഷമായി പുതുക്കിയ വില. ഷൈൻ ടർബോ മാനുവലിന് 8.34 ലക്ഷത്തിൽ നിന്നും 40,000 രൂപ കൂടി 8.74 ലക്ഷമായി പുതുക്കിയ വില. ടോപ്പ് എൻഡ് വേരിയൻ്റായ ഷൈൻ ടർബോ ഓട്ടോമാറ്റിക്കിന് 9.05 ലക്ഷത്തിൽ നിന്നും 40,000 രൂപ വർധിച്ച് 9.45 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില.

വിലയിൽ മാറ്റമുണ്ടെങ്കിലും മറ്റ് പരിഷ്ക്കാരങ്ങളൊന്നും പ്രീമിയം ഹാച്ച്ബാക്കിന് സംഭവിച്ചിട്ടില്ല. ഇക്കഴിഞ്ഞ ദിവസം C3 ലൈവ് (O) എന്നൊരു പുത്തൻ വേരിയൻ്റിനെ സിട്രൺ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് 5.49 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. സിട്രൺ ഇന്ത്യയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള C3 ഹാച്ച്ബാക്കിലേക്ക് ബേസ് ലൈവ് ട്രിം ലെവലിൻ്റെ ഒരു പുതിയ ഓപ്ഷണൽ വേരിയൻ്റാണ് കൊണ്ടുവന്നിരിക്കുന്നത്.
ലൈവ് (O) എന്ന് വിളിക്കപ്പെടുന്ന ഇത് ലൈവിന് മുകളിലും ഫീൽ, ഫീൽ (O), ഷൈൻ ട്രിം ലെവലുകൾക്ക് താഴെയുമാണ് സ്ഥാപിച്ചിരിക്കുന്നത്. പെർല നേര ബ്ലാക്ക് എന്ന കിടിലൻ കളർ ഓപ്ഷനിൽ മാത്രമേ ഇത് ലഭിക്കൂവെന്ന് മാത്രം. പുതുവേരിയൻ്റിൽ പത്തിലധികം ശ്രദ്ധേയമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അതുവഴി C3 ഹാച്ച്ബാക്കിനെ കൂടുതൽ ആകർഷകമാക്കാനാണ് ബ്രാൻഡിൻ്റെ നീക്കം.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 10.1 ഇഞ്ച് ആൻഡ്രോയിഡ് സിസ്റ്റം, സ്പീക്കറുകൾ, റിയർ-വ്യൂ ക്യാമറ, ക്രോം ടച്ച് ഫോഗ് ലൈറ്റുകൾ, വീൽ കവറുകൾ, ക്രോം ഇൻസേർട്ടുകളുള്ള സൈഡ് ബോഡി ക്ലാഡിംഗ്, വീൽ ആർച്ച് ക്ലാഡിംഗുകൾ തുടങ്ങിയവയാണ് സിട്രൺ ലൈവ് (O) വേരിയൻ്റിൽ കൊണ്ടുവന്നിരിക്കുന്നത്. ബേസ് മോഡലായതിനാൽ തന്നെ 1.2 ലിറ്റർ പ്യുർടെക് 82 NA പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ പുതിയ C3 ലൈവ് (O) വേരിയൻ്റ് വാങ്ങാനാവൂ.
നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 80.4 bhp പവറിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഹാച്ച്ബാക്കിൻ്റെ ടോപ്പ് വേരിയൻ്റുകളിൽ 1.2 ലിറ്റർ പ്യുർടെക് 110 ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എഞ്ചിനുമുണ്ട്. ഇതിന് 108.54 bhp കരുത്തിൽ 205 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്. ടർബോ വേരിയൻ്റുകൾക്ക് 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കുന്നതാണ്.


Click it and Unblock the Notifications








