ആദായ വിൽപ്പന, ഷോറൂം കാലിയാക്കാൻ ഹൈബ്രിഡ് കാറിന് വരെ 1.80 ലക്ഷത്തിന്റെ വിലക്കുറവുമായി ഹോണ്ട
ടൊയോട്ടയും മാരുതിയും പോലെ തന്നെ ഇന്ത്യക്കാർക്ക് ഏറെ ഇഷ്‌ടവും കരുതലുമുള്ള മറ്റൊരു വാഹന നിർമാതാക്കളാണ് ഹോണ്ട. ബ്രാൻഡിന്റെ റിലയബിലിറ്റിയും ഒന്നാന്തരം മോഡലുകളും കെട്ടിപ്പടുത്തുയർത്തിയ ഇമേജ് ഇതുവരെ വീണുടഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. പഴത് പോലെ കച്ചോടം പിടിക്കാനാവുന്നില്ലെങ്കിലും ഹോണ്ട കാറുകൾക്ക് അന്നും ഇന്നും കുറ്റംപറയാൻ കാര്യമായി ഒന്നും തന്നെയില്ലെന്ന് വേണം പറയാൻ. വിൽപ്പന പതിയ ഉയർത്തുവാനായി പുതിയ കിടിലൻ കാറുകളുടെ നിരയാണ് ഇന്ത്യയിലേക്ക് വരനിരിക്കുന്നത്. അതിന് മുന്നോടിയായി വിൽപ്പന കണക്കുകളിലെ നഷ്‌ടം നികത്തുവാനായി കമ്പനി എല്ലാ മാസവും ഡിസ്‌കൗണ്ടുകളും ഓഫറുളും വാഗ്ദാനം ചെയ്യാറുണ്ട്.
അതുപോലെ തന്നെ 2026 ഏപ്രിൽ മാസത്തിലും മോഡൽ നിരയിൽ ഗംഭീര ആനുകൂല്യങ്ങൾ അവതരിപ്പിച്ച് മുമ്പോട്ടെത്തിയിരിക്കുകയാണ് ഹോണ്ട. വരുന്ന 30 ദിവസത്തേക്കായി ജാപ്പനീസ് വാഹന നിർമാതാക്കൾ 1.80 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് കാറുകൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഓരോ മോഡലിന്റെയും പൂർണ വിവരങ്ങൾ അറിയാൻ തുടർന്ന് വായിച്ചോളൂ. രണ്ടാം തലമുറ, ഏറ്റവും പുതിയ മൂന്നാം തലമുറ അമേസ് വാങ്ങാൻ സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്.

കോംപാക്‌ട് സെഡാന്റെ പഴയ മോഡലുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കുമ്പോൾ പുതിയ അമേസിന്റെ ZX വേരിയന്റിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവുമാണ് ഹോണ്ട ഏപ്രിൽ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഇതിനുപുറമെ ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് സ്കീമുകൾ, ലോയൽറ്റി ബോണസുകൾ, ഡിസ്കൗണ്ട് വിലയിൽ വാഗ്ദാനം ചെയ്യുന്ന 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ലഭിക്കും.
ഹോണ്ട സിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ പെട്രോൾ എഞ്ചിൻ മാത്രം ലഭിക്കുന്ന മിഡ്-സൈസ് സെഡാന് 40,000 രൂപ ക്യാഷ് ബെനിഫിറ്റാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വേരിയന്റിനെ ആശ്രയിച്ച് എക്സ്ചേഞ്ച് ബോണസുകൾ വ്യത്യാസപ്പെടുന്നുണ്ട്. V, VX വകഭേദങ്ങൾക്ക് 20,000 രൂപയും ZX വേരിയന്റിന് 60,000 രൂപയുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അധിക കോർപ്പറേറ്റ്, ലോയൽറ്റി ആനുകൂല്യങ്ങളും 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും കാറിനൊപ്പം നൽകുന്നുണ്ട്.

ഇനി ഹോണ്ട സിറ്റി ഹൈബ്രിഡ് പതിപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ 1.80 ലക്ഷം രൂപയുടെ ഓഫറാണ് ബ്രാൻഡ് ഏപ്രിൽ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത്. എന്നാൽ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന്റെ 2025 മോഡലുകൾക്ക് മാത്രമാണ് ഇത്രയും വലിയ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുക. ഇനി 2026 മോഡൽ മതിയെന്ന് നിർബന്ധമുള്ളവർക്ക് എക്സ്റ്റൻഡഡ് വാറണ്ടി ഓഫറിന് പുറമേ 35,000 രൂപയുടെ ക്യാഷ് ആനുകൂല്യങ്ങൾ സ്വന്തമാക്കാനാവും.
എസ്‌യുവി വിഭാഗത്തിലെ ഹോണ്ടയുടെ ഏക സാന്നിധ്യമായ എലിവേറ്റിനും ശ്രദ്ധേയമായ ഓഫറുകളോടെ സ്വന്തമാക്കാനാവും. പ്രത്യേകിച്ച് മാനുവൽ വേരിയന്റുകളിലാണ് കൂടുതൽ ആനുകൂല്യങ്ങൾ ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങളിൽ 50,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും, വേരിയന്റിനെ ആശ്രയിച്ച് 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

മറ്റ് മോഡലുകളെപ്പോലെ കോർപ്പറേറ്റ് സ്കീമുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ഹോണ്ട എലിവേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വകഭേദങ്ങൾക്ക് വ്യത്യസ്ത ആനുകൂല്യങ്ങൾ ലഭിച്ചേക്കാമെന്നതും അധിക ബോണസായി കരുതിയാൽ മതിയാവും. പോയ മാസത്തെ ഓഫറുകളുടെ പിൻബലത്തിൽ മാർച്ചിൽ ഹോണ്ട കാർസ് ഇന്ത്യ ഏകദേശം 10,036 കാറുകളാണ് വിറ്റഴിച്ചത്.
ഇതിൽ ആഭ്യന്തര വിൽപ്പന 7,585 യൂണിറ്റുകളും കയറ്റുമതി 2,451 യൂണിറ്റുകളുമാണ്. അങ്ങനെ വാർഷിക വിൽപ്പനയിൽ 5 ശതമാനം വളർച്ച കൈവരിക്കാനും ബ്രാൻഡിനായി എന്നത് വലിയ ആശ്വാസമാണ്. അമേസ്, എലിവേറ്റ് തുടങ്ങിയ ഹോണ്ട മോഡലുകളുടെ ആവശ്യം ശക്തമായി തുടരുന്നതിനാലാണ് ഇത്രയും വലിയ രീതിയിൽ കച്ചോടം വർധിക്കാൻ കാരണമായിരിക്കുന്നത്. ഈ വർഷം രണ്ടാം പകുതിയിൽ ആദ്യ BEV ലോഞ്ച് ചെയ്യുന്നതോടെ ബ്രാൻഡിന്റെ വിൽപ്പന വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലിലാണ്.


Click it and Unblock the Notifications








