10 വർഷം വാറണ്ടി, പെട്രോളിൽ 20 KM മൈലേജ്, 7.47 ലക്ഷത്തിന്റെ ഹോണ്ട കാർ വാങ്ങാൻ ഇരച്ചെത്തി ജനം
എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ ഇന്ത്യയിൽ സെഡാനുകളുടെ കാലം അവസാനിച്ചുവെന്ന് വിധിയെഴുതിയവരാണ് പലരും. എന്നാൽ ഇത്തരക്കാരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പലമാസങ്ങളിലും രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് കാറാവുന്നത് ഒരു സെഡാനാണ്. ഇതോടൊപ്പം മറ്റ് ചില ത്രീ ബോക്‌സ് ടൈപ്പ് മോഡലുകളും വിൽപ്പനയിൽ നേട്ടമുണ്ടാക്കുന്നുണ്ടെന്നതാണ് രസകരമായ കാര്യം. യാത്രാസുഖത്തിൽ സെഡാനുകൾ നൽകുന്ന ഗ്യാരണ്ടി എസ്‌യുവിക്ക് ഒന്നും അത്രവേഗം കിട്ടുന്നതല്ല. മാരുതി സുസുക്കി ഡിസയറിൻ്റെ ഏറ്റവും വലിയ എതിരാളി ആരെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം പലർക്കും ഹോണ്ട അമേസ് എന്നായിരിക്കും.
ഒരു പ്രീമിയം കാർ ഫീൽ നൽകുന്ന ഹോണ്ടയുടെ സെഡാനുകൾ എന്നും ഇന്ത്യക്കാർക്ക് അത്രമേൽ പ്രിയമാണ്. പണ്ടത്തെ പ്രതാപമില്ലെങ്കിലും അടുത്തിടെ ന്യൂജെൻ ആയി വിപണിയിലെത്തിയ കാറിനെ ആളുകൾ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് 2026 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ. പോയമാസം കോംപാക്‌ട് സെഡാന്റെ 4,313 യൂണിറ്റുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ വിറ്റഴിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ വിറ്റഴിച്ച 3,583 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 20.37 ശതമാനത്തിന്റെ വർധനവാണ് ഹോണ്ട അമേസ് നേടിയെടുത്തിരിക്കുന്നത്. സിറ്റി പോലുള്ള ഇതിഹാസ മോഡലുകളുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ ഹോണ്ടയുടെ ആശ്വാസമാണ് അമേസ്. ADAS ഫീച്ചറുള്ള രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാർ കൂടിയാണിത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.
രണ്ടാംതലമുറയും മൂന്നാംതലമുറയും ഒന്നിച്ച് വിൽക്കുന്നതും അമേസിന് നേട്ടമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയാം. V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന ന്യൂജെൻ അമേസിന് 7,47,790 രൂപ മുതൽ 9,99,900 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പഴയ മോഡൽ നോക്കുന്നവർക്ക് 6.98 ലക്ഷത്തിന് സിംഗിൾ വേരിയന്റിൽ സെഡാൻ വീട്ടുമുറ്റത്തെത്തിക്കാൻ കഴിയും.

എങ്കിലും പുതുതലമുറയാണ് ഇപ്പോൾ കൂടുതൽ ആളുകളും വാങ്ങാൻ ഇഷ്‌ട്ടപ്പെടുന്നതെന്നാണ് ഹോണ്ട പറയുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിലൂടെ പരിചിതമായൊരു മുൻവശമാണ് ഇപ്പോൾ അമേസിനുള്ളത്. വലിയ ഗ്രില്ലും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും പിന്നിലെ വിംഗ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും എല്ലാം ഡിസൈൻ അതിമനോഹരമാക്കുന്നുണ്ട്.
ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിറങ്ങളിലും ഹോണ്ട അമേസ് തെരഞ്ഞെടുക്കാം. എക്സ്റ്റീരിയർ പോലെ തന്നെ കോംപാക്‌ട് സെഡാന്റെ ഇന്റീരിയറും പ്രീമിയം ഫീൽ നൽകുന്ന തരത്തിലാണ് ഹോണ്ട ഒരുക്കിയെടുത്തിരിക്കുന്നത്.

വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS തുടങ്ങിയ മോഡേൺ ഫീച്ചറുകളാണ് അമേസിൽ കുത്തിനിറച്ചിരിക്കുന്നത്. 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സെഡാന്റെ ഹൃദയം.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായോ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 90 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ മാനുവൽ വേരിയൻ്റുകൾക്ക് 18.65 കിലോമീറ്റർ മൈലേജ് വരെയാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം സിവിടി ഓട്ടോമാറ്റിക്കിന് 19.46 കിലോമീറ്റർ ഇന്ധനക്ഷമതയും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 10 വർഷം വാറണ്ടിയും കാറിൽ കിട്ടുന്നതിനാൽ ആശങ്കകളൊന്നുമില്ലാതെ വാങ്ങിക്കാനാവും.


Click it and Unblock the Notifications