10 വർഷം വാറണ്ടിയും 20 KM മൈലേജുമുള്ള ഹോണ്ടയുടെ കാറിന് ഇനി കാശ് കൂടുതൽ കൊടുക്കണം
llകോംപാക്‌ട് സെഡാൻ സെഗ്മെൻ്റിലെ രാജാവായ മാരുതി സുസുക്കി ഡിസയറിൻ്റെ ഏറ്റവും വലിയ എതിരാളി ആരെന്ന് ചോദിച്ചാൽ അതിന് ഹോണ്ട അമേസ് എന്ന ഒറ്റ ഉത്തരമേയുള്ളൂ. പെട്രോളിലും ഡീസലിലും ലഭ്യമായിരുന്നപ്പോൾ ഇന്ത്യക്കാരെ കൈയിലെടുത്തിരുന്ന മിടുക്കൻ ഹോണ്ട സിറ്റിയുടെ ജൂനിയർ പതിപ്പാണ്. അന്തസും ആഡംബരവും ഒന്നിച്ച് ഇത്രയും ചെറിയ വിലയിൽ കിട്ടുന്നത് വലിയ കാര്യം തന്നെയാണല്ലോ. ഇപ്പോൾ പഴയ പ്രതാപമില്ലെങ്കിലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ADAS ഫീച്ചറുള്ള കാറാണ് അമേസ്. അതിനാൽ തന്നെ പലരും ഇന്നും ഈ പെട്രോൾ സെഡാനെ വളരെയധികം സ്നേഹിക്കുന്നുണ്ട്.
എന്നാൽ ഈ സ്നേഹം കണ്ടില്ലെന്ന് നടിച്ച് കഠിനമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. മറ്റൊന്നുമല്ല, അമേസിൻ്റെ വിലയിൽ വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ഡിസംബറിൽ അറിയിച്ചത് പോലെ മോഡൽ നിരയിൽ വലിയ വില വർധനവ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് കോംപാക്‌ട് സെഡാൻ്റെ വിലയിലും നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കൂടുതൽ വാല്യു ഫോർ മണി മോഡലുകളിൽ ഒന്നായ ഹോണ്ട അമേസിന് ഇപ്പോൾ 6,990 രൂപയുടെ ഏകീകൃത വില വർധനവാണ് ലഭിച്ചിരിക്കുന്നത്. അതേതുടർന്ന് V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് നിലവിൽ 7,47,790 രൂപ മുതൽ 9,99,900 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില കൂടിയെങ്കിലും കാറിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല കേട്ടോ.
ഏറെക്കാലം മുമ്പേ ഇന്ത്യക്കാർക്ക് സുപരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായോ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 90 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിൻ്റെ കാര്യത്തിലായാലും അമേസ് ആരേയും നിരാശപ്പെടുത്തില്ല.

സെഡാൻ്റെ പെട്രോൾ മാനുവൽ വേരിയൻ്റുകൾക്ക് 18.65 കിലോമീറ്റർ മൈലേജ് വരെയാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം സിവിടി ഓട്ടോമാറ്റിക്കിന് 19.46 കിലോമീറ്റർ ഇന്ധനക്ഷമതയും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. അമേസിനൊപ്പം 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജ് തെരഞ്ഞെടുക്കുന്നവർക്ക് 7 വർഷത്തേക്കും അൺലിമിറ്റഡ് കിലോമീറ്ററുകളിലേക്കും വാറണ്ടി ലഭ്യമാണ്.
ഇതുകൂടാതെ പുത്തൻ മോഡൽ സ്വന്തമാക്കുന്നവർക്കായി 10 വർഷം വരെ എപ്പോൾ വേണമെങ്കിലും വാറണ്ടിയും റോഡ്സൈഡ് അസിസ്റ്റൻസും ജാപ്പനീസ് ബ്രാൻഡ് നൽകുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇൻ്റീരിയറാണ് ഹോണ്ട അമേസിനെ നല്ലൊരു ഫാമിലി കാറാക്കി മാറ്റുന്നത്. ന്യൂജെൻ പതിപ്പിൽ ആവശ്യത്തിലധികം ഫീച്ചറുകൾ ചേർത്തുകൊണ്ട് കമ്പനി ഏവരേയും സന്തോഷിപ്പിക്കുന്നതിനാൽ പരാതിയൊന്നും പറയാനില്ല.

വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, ലെവൽ 2 ADAS എന്നീ ഫീച്ചറുകളോടെയാണ് ഇപ്പോൾ ന്യൂജെൻ ഹോണ്ട അമേസ് വാങ്ങാനാവുക. കാറിന് 416 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ഒരുക്കിയിരിക്കുന്നതിനാൽ ഏത് വലിയ ട്രിപ്പിനും ഒരു ഫുൾ ഫാമിലിക്കുള്ള സാധനങ്ങൾ കയറ്റാം.
ഡിസൈനിലേക്ക് നോക്കിയാൽ ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിലൂടെ പരിചിതമായൊരു മുൻവശമാണ് ഇപ്പോൾ അമേസ് വഹിക്കുന്നത്. മുൻവശത്ത് വലിയ ഗ്രില്ലും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് ആകർഷണം നൽകുന്നത്. വശക്കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമായ രൂപഘടന തന്നെയാണുള്ളതെങ്കിലും 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എത്തിയതോടെ ഫ്രഷ്നെസ് നൽകാനായിട്ടുണ്ട്.
പിന്നിലെ വിംഗ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ മൊത്തത്തിൽ ഒരു പ്രീമിയം കാർ ഫീൽ നൽകാൻ അമേസിന്റെ എക്സ്റ്റീരിയറിന് സാധിക്കുന്നുണ്ട്. ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ എന്നീ കളർ ഓപ്ഷനുകളിൽ ഹോണ്ട അമേസ് വാങ്ങാനുമാവും.


Click it and Unblock the Notifications








