27.1 KM മൈലേജുള്ള ഹൈബ്രിഡ് കാർ 1.97 ലക്ഷം രൂപ വിലക്കുറവിൽ വിറ്റഴിച്ച് ഹോണ്ട, മറ്റ് മോഡലുകളും ആദായവിലയിൽ
ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്‌ടമുള്ള വാഹന നിർമാതാക്കളാണ് ഹോണ്ട. നല്ല എഞ്ചിനും ബിൽഡ് ക്വാളിറ്റിയുമെല്ലാം ഉള്ള മോഡലുകൾ പണ്ട് നല്ല രീതിയിലാണ് വിറ്റഴിഞ്ഞിരുന്നത്. എന്നാൽ നിലവിൽ അൽപം ക്ഷീണത്തിലാണ് ജാപ്പനീസ് ബ്രാൻഡ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിനിടയിലും സെഡാനുകളെ മാത്രം ആശ്രയിച്ച് നിന്നിരുന്ന കമ്പനി പലരുടേയും നിർബന്ധത്തിന് വഴങ്ങി എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിക്ക് രൂപം കൊടുത്തുവെങ്കിലും കാര്യമായ രീതിയിൽ പിടിച്ചുനിൽക്കാനായില്ലെന്ന് വേണം പറയാൻ. എങ്കിലും വിൽപ്പന കൂട്ടുവാനായുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എല്ലാമാസവും ഓഫറുകൾ വാരിക്കോരിയിട്ട് ആളുകളെ ചാക്കിലാക്കുവാനാണ് ഹോണ്ട ഇപ്പോൾ ശ്രമിക്കുന്നത്.
ഹോണ്ട ഇന്ത്യ ഈ മാസം തങ്ങളുടെ മുഴുവൻ മോഡൽ നിരയിലും വലിയ ഡിസ്കൌണ്ട് ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. തായത് സിറ്റി, എലിവേറ്റ്, അമേസ് എന്നിവയിൽ ശ്രദ്ധേയമായ ആനുകൂല്യങ്ങൾ 2026 മാർച്ച് മാസത്തിൽ സ്വന്തമാക്കാനാവുമെന്ന് സാരം. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബേണസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഓരോ കാറിലും ലഭിക്കുന്ന ഓഫർ എങ്ങനെയാണെന്ന് നോക്കിയാലോ?

ഹോണ്ടയുടെ എൻട്രി ലെവൽ മോഡലായ അമേസിന് 2026 മാർച്ചിൽ 68,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുക. രണ്ടാം തലമുറ, മൂന്നാം തലമുറ പതിപ്പുകൾ ഒരേസമയം വിൽക്കുന്നതിനാൽ രണ്ട് കോംപാക്‌ട് സെഡാനുകളും ഈ മാസം ഓഫറുകളോടെ വാങ്ങാമെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പഴയ മോഡലിന് 68,000 രൂപ വരെയുള്ള ഓഫറുകളാണ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്.
അതേസമയം നിലവിലെ ന്യൂജെൻ അമേസിന് മാർച്ചിൽ 57,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറാണ് ഒരുക്കിവെച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് രണ്ട് ജെനറേഷനുകളിലും നൽകുന്നത്. നിലവിലെ അമേസിന് 7.47 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വില. അതേസമയം പഴയ അമേസിന് 6.98 ലക്ഷം മുതൽ 7.8 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരുന്നതാണ്.

ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റ് മാർച്ച് മാസത്തിൽ മൊത്തം 1.81 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടെ വരുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ തന്നെ തെരഞ്ഞെടുക്കാനാവുന്നതാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ് പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടുന്ന എലിവേറ്റിന് നിലവിൽ 11.6 ലക്ഷം മുതൽ 16.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ഈ മാസം ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് സിറ്റി e:HEV എന്ന ഹൈബ്രിഡ് കാറിനാണ്. ഈ വാഹനം വാങ്ങാൻ മുമ്പോട്ട് വരുന്നവർക്ക് 2026 മാർച്ച് മാസത്തിൽ മൊത്തം 1.97 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും. 126 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിൻ്റെ ഹൃദയം. e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപ മുതലാണ് മോഡലിന് വരുന്ന വില.

സ്റ്റാൻഡേർഡ് പെട്രോൾ സിറ്റി മോഡലുകളാണെങ്കിലും നിരാശപ്പെടേണ്ടി വരില്ലെന്ന് ഹോണ്ട ഉറപ്പാക്കിയിട്ടുണ്ട്. മാർച്ചിൽ കമ്പനി പ്രീമിയം സെഡാനിൽ 1.56 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 121 bhp പവറോളം നിർമിക്കാൻ കഴിവുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സെഡാൻ വാങ്ങാനാവും.
11.95 ലക്ഷം രൂപ മുതൽ 16.15 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വില വരുന്നത്. ഹോണ്ട മാർച്ച് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ നഗരത്തിനും വകഭേദത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്നത് പ്രത്യേകം ഓർമിക്കണേ. അതോടൊപ്പം തന്നെ ഓരോ കാറിൻ്റേയും സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചായിരിക്കും ഡിസ്കൌണ്ടുകളും ലഭിക്കുക. കൃത്യമായ കണക്കുകൾ അറിയുന്നതിനായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പിക്കുന്നതായിരിക്കും നല്ലത്.


Click it and Unblock the Notifications








