5 പേർക്ക് നിവർന്നിരുന്ന് പോണേൽ കാശ് കൂടുതൽ വേണം, ഇനി പഴയ വിലയ്ക്ക് ഹോണ്ട എസ്‌യുവി വാങ്ങാൻ കിട്ടില്ല
മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ വമ്പൻമാരെയെല്ലാം വിറപ്പിക്കാനായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുറത്തിറക്കിയ മോഡലായിരുന്നു എലിവേറ്റ് (Honda Elevate). ഹോണ്ടയുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ തന്നെ തുടക്കത്തിൽ വലിയ സ്വീകാര്യത നേടിയെടുക്കാനും മിടുക്കനായിരുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവരായിരുന്നു പ്രധാന എതിരാളികളെങ്കിലും ഗിമ്മിക്ക് കാട്ടി ആളുകളെ പറ്റിക്കാനൊന്നും എലിവേറ്റ് റെഡിയല്ലായിരുന്നു. സിറ്റി സെഡാനിലൂടെ ഏവർക്കും പരിചിതമായ പെട്രോൾ എഞ്ചിനും ആവശ്യത്തിന് വേണ്ടുന്ന ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോഡൽ തൻ്റേതായ സ്ഥാനം വിഭാഗത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് കമ്പനിയുടേതായി നിലവിലുള്ളതെങ്കിലും ഈ വർഷം മുതൽ അങ്ങോട്ട് പത്തോളം പുതുകാറുകളെ ഇന്ത്യയ്ക്ക് സമ്മാനിക്കാനുള്ള പദ്ധതിയും ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് ഹോണ്ട. ഇതിനിടയിൽ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ച് കമ്പനി പലരേയും നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ എലിവേറ്റിൻ്റെ പുതിയ വിലകളും പുറത്തുവിട്ടിരിക്കുകയാണ് ബ്രാൻഡ്.

ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയുടെ വിലയിൽ 9,990 രൂപ മുതൽ 60,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ചാണ് വിലയിൽ മാറ്റമുണ്ടാവുക. ബേസ് SV മോഡലിനാണ് ഏറ്റവും കൂടുതൽ വില വർധനവുണ്ടായിരിക്കുന്നത്. 11 ലക്ഷമായിരുന്ന ഇതിൻ്റെ എക്സ്ഷോറൂം വില 59,990 രൂപ കൂടി 11.60 ലക്ഷമായി പുതുക്കിയ വില.
രണ്ടാമത്തെ V മാനുവലിന് 11.96 ലക്ഷത്തിൽ നിന്നും 9,990 രൂപ വർധിച്ച് 12.06 ലക്ഷമായി പുതിയ എക്സ്ഷോറൂം വില. ഹോണ്ട എലിവേറ്റ് VX മാനുവലിലേക്ക് വന്നാൽ 13.61 ലക്ഷമായിരുന്ന വില 13,590 രൂപ ഉയർന്ന് 13.75 ലക്ഷമായപ്പോൾ ZX മാനുവലിൻ്റെ 14.88 ലക്ഷം രൂപ 9,990 രൂപ കൂടി 14.98 ലക്ഷമായി മാറി.

മിഡ്-സൈസ് എസ്‌യുവിയുടെ ZX ബ്ലാക്ക് മാനുവൽ വേരിയൻ്റിന് 14.98 ലക്ഷത്തിൽ നിന്നും 9,990 രൂപ വർധിച്ച് 15.07 ലക്ഷം വരെയായി പുതിയ വില. ഇനി എലിവേറ്റിൻ്റെ ഓട്ടോമാറ്റിക് മോഡലുകളുടെ വില വർധനവിലേക്ക് വന്നാൽ V സിവിടിക്ക് 13.12 ലക്ഷത്തിൽ നിന്നും എക്സ്ഷോറൂം വില 9,990 രൂപ ഉയർന്ന് 13.22 ലക്ഷമായപ്പോൾ VX സിവിടിക്ക് 14.77 ലക്ഷത്തിൽ നിന്നും 13,590 രൂപ കൂടി 14.91 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില.
അതേസമയം ഹോണ്ട എലിവേറ്റ് ZX സിവിടി ഓട്ടോമാറ്റിക്കിന് 16.06 ലക്ഷത്തിൽ നിന്നും 9,990 രൂപ ഉയർന്ന് 16.16 ലക്ഷമായി പുതിയ വില. ZX ബ്ലാക്ക് സിവിടിക്ക് 16.15 ലക്ഷത്തിൽ നിന്നും 9,990 രൂപ വർധിച്ച് 16.25 ലക്ഷമായി പുതുക്കിയ എക്സ്ഷോറൂം വില. വില പരിഷ്ക്കാരത്തിന് പുറമെ എലിവേറ്റിന് മറ്റ് മാറ്റങ്ങളൊന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടില്ല. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. എലിവേറ്റിൻ്റെ മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജാണ് നൽകാനാവുകയെന്ന് കമ്പനി പറയുന്നു. അതേസമയം എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹോണ്ട അവകാശപ്പെടുന്നത്.
സേഫ്റ്റി വർധിപ്പിക്കുന്നതിനായി ADAS ഫീച്ചറുകളുടെ പിന്തുണയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ കച്ചോടം വർധിപ്പിക്കാനായി വാഹനത്തിലേക്ക് ചെറിയ ചില മാറ്റങ്ങളും കമ്പനി അവതരിപ്പിച്ചിരുന്നു.
പുതിയ ഇന്റീരിയർ തീമുകൾ, എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഘടകങ്ങൾ, ഷോറൂമുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ എഡിഷൻ എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. എന്തായാലും മൊത്തത്തിൽ തരക്കേടില്ലാത്ത രീതിയിൽ വിൽപ്പന പിടിക്കാൻ എലിവേറ്റിനാവുന്നുണ്ട്. ഇപ്പോൾ വില കൂടിയെങ്കിലും ഇത് വിൽപ്പനയെ ബാധിക്കാൻ ഇടയില്ലെന്നാണ് അനുമാനം.


Click it and Unblock the Notifications








