ക്രെറ്റയെ ഒതുക്കാൻ വന്നതാ... കരിഞ്ഞുണങ്ങി ഹോണ്ട എസ്‌യുവിയുടെ വിൽപ്പന! കഴിഞ്ഞ മാസം വിറ്റത് 1,036 എണ്ണം
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ശനിദശ അവസാനിപ്പിക്കുമെന്ന് ഏവരും കരുതിയിരുന്ന മോഡലായിരുന്നു എലിവേറ്റ്. ഏറെക്കാലത്തിന് ശേഷം കമ്പനി എസ്‌യുവി വിപണിയിലേക്ക് മടങ്ങിയെത്തുന്നു എന്നതായിരുന്നു ഇത്തരത്തിൽ ആളുകളെക്കൊണ്ട് ചിന്തിപ്പിക്കാൻ കാരണമായത്. തുടക്കത്തിൽ അടിപൊളിയായി വിറ്റഴിച്ചുവെങ്കിലും സെഗ്മെന്റിലെ മോഡേൺ എതിരാളികൾക്കിടയിൽ അധികകാലം പിടിച്ചുനിൽക്കാൻ എലിവേറ്റിനായില്ല. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവരായിരുന്നു പ്രധാന എതിരാളികളെങ്കിലും ഗിമ്മിക്ക് കാട്ടി ആളുകളെ പറ്റിക്കാനൊന്നും എലിവേറ്റ് റെഡിയല്ലായിരുന്നു എന്നതാണ് ഇതിന് പിന്നിലുണ്ടായ കാരണം. പരിചിതമായ പെട്രോൾ എഞ്ചിനും ആവശ്യത്തിന് വേണ്ടുന്ന ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോഡൽ പക്ഷേ വാങ്ങിയാൽ കുറ്റമൊന്നും കണ്ടെത്താനാവില്ല.
അതിനാൽ വലിയ സംഖ്യകളൊന്നും വിൽപ്പനയിൽ നേടാൻ എലിവേറ്റിനായില്ല. 2026 ഏപ്രിൽ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോഴും സ്ഥിതി മറിച്ചൊന്നായിരുന്നില്ല. കഴിഞ്ഞ 30 ദിവസത്തിൽ വാഹനത്തിന്റെ 1,036 യൂണിറ്റുകൾ മാത്രമാണ് ജാപ്പീസ് വാഹന നിർമാതാക്കൾക്ക് നിരത്തിലെത്തിക്കാനയത്. അതായത് കൃത്യം ഒരു വർഷം മുമ്പ് ഇതേമാസത്തിൽ വിറ്റഴിച്ച 935 യൂണിറ്റുകളേക്കാൾ കൂടുതൽ എണ്ണം നിരത്തിലെത്തിക്കാനായിട്ടുണ്ട്.

അങ്ങനെ എലിവേറ്റിന്റെ വാർഷിക വിൽപ്പനയിൽ 11 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചു. എന്നാൽ 2026 മാർച്ചിലെ 2,467 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കച്ചോടം 58 ശതമാനത്തിന്റെ ഇടിവാണ് പ്രതിമാസ കണക്കുകളിൽ നേരിട്ടിരിക്കുന്നത്. അത് ഹോണ്ടയെ അൽപം ആശങ്കയിലാഴ്ത്തുന്ന കാര്യമാണെന്നതിൽ സംശയമൊന്നും വേണ്ട. എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ മുഖംമിനുക്കി വിപണിയിൽ പുനരവതരിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിൽപ്പന വർധിപ്പിക്കാനും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുവാനുമായി 2026 മെയ് മാസത്തേക്കായി കിടിലൻ ഓഫറുകൾ ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവി 2.12 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ഈ മാസം വിറ്റഴിക്കുന്നത്. ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം, കോർപ്പറേറ്റ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയാണ് ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

ഡിസ്‌കൗണ്ട് വിലയിൽ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും എസ്‌യുവിയുടെ ശേഷിക്കുന്ന 2025 സ്റ്റോക്കിന് അധിക ഓഫറുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്. നിലവിൽ 11.60 ലക്ഷം മുതൽ 16.57 ലക്ഷം രൂപ വരെയാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്.
1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിലുണ്ട്. പവർഔട്ട്പുട്ട് കണക്കുകളിലേക്ക് നോക്കിയാൽ എലിവേറ്റിലെ എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp കരുത്തും 4,300 ആർപിഎമ്മിൽ പരമാവധി 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്.

അതേസമയം എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാനാവുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍, പവര്‍ അഡ്ജസ്റ്റ്‌മെന്റുള്ള ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, ഫ്രണ്ട് ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം എസ്‌യുവിയുടെ ഭാഗമാണ്.
ടോപ്പ്-എന്‍ഡ് വേരിയന്റില്‍ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഹോണ്ട സെന്‍സിംഗ് ടെക്‌നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകളിൽ കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications