വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ... പുതിയ ക്രെറ്റ വാങ്ങാൻ ഇത്രയും സ്വർണം മതി!
പുതിയൊരു കാർ വാങ്ങുക എന്ന സ്വപ്‌നവുമായി നടക്കുന്നവർ അനേകമാണ്. നിലവിൽ ഉപയോഗിക്കുന്ന പഴയ കാർ മാറ്റി പുത്തനൊരു എസ്‌യുവി വാങ്ങാൻ കൊതിക്കുന്നവരും ഏറെ. എന്നാൽ ഇതിനായി പണം കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളി. ലാലേട്ടൻ പ്രത്യക്ഷപ്പെട്ട ഒരു പരസ്യ ചിത്രമാണ് ഈയവസരത്തിൽ മനസിലേക്ക് ഓടിയെത്തുന്നത്. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്, നാട്ടിൽ തേടി നടപ്പൂ എന്ന ഹിറ്റ് പരസ്യത്തിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. കൈയിൽ സ്വർണമുണ്ടേൽ വാഹനം വാങ്ങുക എന്നത് നിസാരമായി മാറിയിരിക്കുകയാണ്. സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ഇങ്ങനയൊരു സാധ്യത പലരും മനസിൽ ഓർത്തിട്ടുകൂടിയുണ്ടാവില്ല.
സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ വർധനവാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1240 രൂപ കൂടി 1,04,240 രൂപയിലെത്തി. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. കൂടുതലായി വിശദീകരിച്ചാൽ 18 കാരറ്റിന് ഒരു ഗ്രാമിന് 10,661 രൂപയും പവന് 85,288 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 287 രൂപയും കിലോഗ്രാമിന് 2,87,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അങ്ങനെ നോക്കുമ്പോൾ കൈയിലുള്ള സ്വർണം പണയം വെക്കുകയോ വിൽക്കുകയോ ചെയ്‌താൽ പുതിയ വണ്ടി വാങ്ങുന്ന കാര്യം എളുപ്പമാവും. പണ്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങിയതിനാൽ ഇന്ന് ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റാലും വലിയ നഷ്‌ടം സംഭവിച്ചെന്ന് തോന്നുകയുമില്ല, മുറ്റത്തൊരു പുത്തൻ കാർ എത്തുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും പലരുടേയും ഡ്രീം എസ്‌യുവിയുമായ ക്രെറ്റ വാങ്ങാൻ എത്രത്തോളം സ്വർണം ആവശ്യമായി വരുമെന്ന കാര്യം ഒന്ന് നോക്കിയാലോ?
സ്വർണത്തിൻ്റെ ഇന്നത്തെ വില എങ്ങനെയാണെന്ന കാര്യം മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഹ്യുണ്ടായി ക്രെറ്റയുടെ ഇന്നത്തെ എക്സ്ഷോറൂം വില കൂടി നോക്കി നമുക്ക് കാര്യത്തിലേക്ക് കടക്കാം. എസ്‌യുവിക്ക് 10.79 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. നികുതി, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ നഗരത്തെയും വേരിയൻ്റിനെയും ആശ്രയിച്ച് ഏകദേശം 12 ലക്ഷം മുതൽ 24 ലക്ഷം വരെ ക്രെറ്റയ്ക്ക് മുടക്കേണ്ടതായി വരും.

ഇന്നത്തെ നിരക്കിൽ ഹ്യുണ്ടായി ക്രെറ്റ വാങ്ങാൻ എത്ര സ്വർണം ആവശ്യമാണെന്ന് കണ്ടെത്താൻ കാറിൻ്റെ വിലയെ ഗ്രാമിൻ്റെ വില കൊണ്ട് ഹരിക്കുകയാണ് വേണ്ടത്. 22 കാരറ്റ് സ്വർണമാണെങ്കിൽ 10.79 ലക്ഷം രൂപ വിലയുള്ള ക്രെറ്റ വാങ്ങാൻ 84 ഗ്രാം സ്വർണമാണ് വേണ്ടിവരിക. 20.19 ലക്ഷം വില വരുന്ന മോഡലാണെങ്കിൽ 157 ഗ്രാം സ്വർണവും ആവശ്യമായി വരുന്നതാണ്.
24 കാരറ്റ് സ്വർണമാണെങ്കിൽ ഇന്നത്തെ വില ഗ്രാമിന് 14,045 രൂപയാണ്. അങ്ങനെയെങ്കിൽ 10.79 ലക്ഷം വില വരുന്ന ബേസ് മോഡൽ ക്രെറ്റ വാങ്ങാൻ 77 ഗ്രാം സ്വർണം ആവശ്യമായി വരും. 20.19 ലക്ഷത്തിൻ്റെ ടോപ്പ് വേരിയൻ്റാണ് വാങ്ങുന്നതെങ്കിൽ 144 ഗ്രാം സ്വർണവും ആവശ്യമായി വരും. ഈ കണക്കുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവാം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏകദേശ ചെലവ് മാത്രമാണ് ഇവിടെ വിവരിക്കുന്നത്.

കാരണം, സ്വർണ്ണാഭരണങ്ങൾ വിൽക്കുകയാണെങ്കിൽ, കിഴിവുകളും നികുതികളും കാരണം നിങ്ങൾക്ക് കൈയിൽ കിട്ടുന്ന തുക ഇന്നത്തെ സ്വർണ വിലയേക്കാൾ കുറവായിരിക്കാം. ഡിസംബർ 23-നാണ് സ്വർണം ചരിത്രത്തിൽ ആദ്യമായി 1 ലക്ഷം രൂപ പിന്നിടുന്നത്. പിന്നീട് 98,000 രൂപ വരെ കുറഞ്ഞെങ്കിലും വീണ്ടും അടിയ്ക്കടി വില ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വർണ വില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് ദുഷ്ക്കരമായി മാറിയിട്ടുണ്ട്. മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.11 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. എന്തായാലും പുത്തനൊരു കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് പണം കണ്ടെത്താൻ ഏറ്റവും എളുപ്പവഴിയായിരിക്കുകയാണ് വീട്ടിലിരിക്കുന്ന സ്വർണം.


Click it and Unblock the Notifications








