21 കിലോമീറ്റർ മൈലേജുള്ള 7-സീറ്റർ ഡീസൽ എസ്‌യുവി, ഇന്നോവയേക്കാൾ സൗകര്യമുണ്ടായിട്ടും കച്ചോടം നഷ്‌ടത്തിൽ
സെവൻ സീറ്ററുകളിലെ രാജാവ് ആരെന്ന് ചോദിച്ചാൽ പലരും പറയുന്ന പേരുകളാവും മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയും. വില തമ്മിൽ സാമ്യതകളൊന്നുമില്ലെങ്കിലും വലിയ കുടുംബങ്ങൾക്കെല്ലാം ഏറ്റവും ഇഷ്‌ടമുള്ള രണ്ട് എംപിവികളാണ് ഇരുവരും. പക്ഷേ നല്ല യാത്രാസുഖം വേണമെങ്കിൽ ഇന്നോവ തന്നെ വാങ്ങണമെന്ന പക്ഷക്കാരേയും കാണാനാവും. വില കേട്ടാൽ പലരും ഞെട്ടുമെന്നതിനാൽ 7-സീറ്റർ വാങ്ങുന്നവരിൽ പലരും ചെറിയ ബജറ്റിൽ നല്ലൊരു വാഹനം തേടുന്നവരാകും. അത്തരക്കാർക്ക് ധാരാളം സെവൻ സീറ്റർ എസ്‌യുവികൾ വിപണിയിൽ കണ്ടെത്താനാവും. ഇന്നോവയുടെ യാത്രാസുഖവും അതിലേറെ ഫീച്ചറുകളും തരുന്നൊരു മോഡലാണ് ഹ്യുണ്ടായി അൽകസാർ.
ടോപ്പ് സെല്ലിംഗ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഈ മൂന്നുവരി വാഹനത്തെ പലരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. 6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് വേണ്ട പരിഗണന ഇന്ത്യക്കാർ ഇപ്പോഴും നൽകുന്നില്ലെന്ന് മാത്രം. നല്ല ബിൽഡ് ക്വാളിറ്റിയും മോഡേൺ ഫീച്ചറുകളും മിടുക്കൻ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാം അൽകസാറിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്.

ശരിക്കും പറഞ്ഞാൽ ഇന്നോവയേക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ 7-സീറ്ററാണിത് എന്നതിൽ സംശയമൊന്നും വേണ്ട. 2026 ഫെബ്രുവരി മാസത്തെ ഹ്യുണ്ടായിയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും അൽകസാറിൻ്റെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ മാസം എസ്‌യുവിയുടെ 907 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 2025 ഫെബ്രുവരി മാസത്തെ 1,264 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ അൽകസാറിന് 28 ശതമാനത്തിൻ്റെ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
നല്ലൊരു മോഡലായിട്ട് കൂടി ആളുകൾ തിരിച്ചറിയാതെ പോവുന്നതിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് നല്ല നിരാശയുണ്ടാവുമെന്നതിൽ സംശയമൊന്നും വേണ്ട. എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ 4 വേരിയൻ്റുകളിൽ വിപണയിലെത്തുന്ന ഹ്യുണ്ടായി അൽകസാറിന് 14.50 ലക്ഷം രൂപ മുതൽ 21.21 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ സെഗ്മെൻ്റിൽ ലഭിക്കുന്ന ഏറ്റവും ഫീച്ചർ റിച്ചായ മോഡലാണ് അൽകസാർ.

മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമാണ് വണ്ടിക്കുള്ളത്. അതിനാൽ മൂന്ന് വരികളിലും മാന്യമായ സ്പേസ് അൽകസാറിന് നൽകാനാവുന്നുണ്ട്. ഏഴ് പേർക്ക് സുഖമായി യാത്ര ചെയ്യാൻ പാകത്തിനുള്ള ഫീച്ചറുകൾ കുത്തിനിറച്ചിട്ടുണ്ടെന്നത് ആദ്യമേ പറഞ്ഞുവല്ലോ. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഇതിൻ്റെ ഇൻ്റീരിയറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്.
കൂടാതെ 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നീ മോഡൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഹ്യുണ്ടായി അൽകസാർ എസ്‌യുവി വിപണനത്തിന് എത്തിക്കുന്നത്. ഡിസൈനിലും ആരേയും കൊതിപ്പിക്കുന്ന തരത്തിലാണ് ഹ്യുണ്ടായിയുടെ സെവൻ സീറ്റർ എസ്‌യുവി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിൻ്റെ പുറംമോടിയെ ആകർഷകമാക്കുന്ന കാര്യങ്ങൾ. ഇനി ഒന്ന് കയറി ഓടിച്ചുനോക്കിയാലും ആരും നിരാശരാവില്ലെന്ന ഉറപ്പും ഹ്യുണ്ടായിക്ക് നൽകാനാവും.
1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്. അൽകസാറിലെ പെട്രോൾ എഞ്ചിന് 158 bhp പവറിൽ പരമാവധി 253 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 114 bhp കരുത്തിൽ 250 Nm ടോർക്ക് വരെ നൽകും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും വാഹനത്തിലുണ്ട്.
ടർബോ പെട്രോൾ എഞ്ചിൻ 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്ററും മാനുവൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. കിയ കാരെൻസ്, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി പോലുള്ള 7 സീറ്റർ എസ്‌യുവികളുമായാണ് ഹ്യുണ്ടായി മത്സരിക്കാനിറങ്ങുന്നത്. ഒപ്പം ഇന്നോവയെ വെല്ലാനുള്ള കാര്യങ്ങളും ഇതിൽ ലഭ്യമാണ് കേട്ടോ.


Click it and Unblock the Notifications








