5-സീറ്ററിൽ മാരക കച്ചോടം, എല്ലാ സൗകര്യവുമുണ്ടായിട്ടും 7-സീറ്റർ ക്രെറ്റ നഷ്‌ടത്തിൽ! മാർച്ചിലും രക്ഷയില്ല
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5-സീറ്റർ എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന മോഡൽ രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ എന്നും മുൻനിരയിൽ തന്നെയുള്ള ഈ മിടുക്കനെ അടിസ്ഥാനമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു 7 സീറ്റർ മോഡലിനും രൂപം കൊടുക്കുകയുണ്ടായി. അൽകസാർ (Hyundai Alcazar SUV) എന്ന കിടിലൻ പേരും നൽകിയെങ്കിലും ക്രെറ്റയ്ക്ക് നേടിയെടുക്കാനായ വമ്പൻ വിജയം മൂന്നുവരി മോഡലിന് ആവർത്തിക്കാനായില്ല.
ടൊയോട്ട ഇന്നോവയുടെ യാത്രാസുഖവും അതിലേറെ ഫീച്ചറുകളും തരുന്നൊരു തട്ടുപൊളിപ്പൻ വാഹനമായിരുന്നിട്ട് പോലും അധികമാരും ഇവനെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. 2026 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും അൽകസാറിൻ്റെ വിൽപ്പന നഷ്‌ടത്തോടെയാണ് ഹ്യുണ്ടായി അവസാനിപ്പിച്ചത്. അതായത് കഴിഞ്ഞ മാസത്തെ 31 ദിവസത്തിൽ ഈ 7-സീറ്റർ വാഹനം വാങ്ങാനെത്തിയത് ആകെ 893 പേർ മാത്രമാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ നിരത്തിലെത്തിയ 1,431 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി അൽകസാറിന്റെ വിൽപ്പനയിൽ 38 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവിയുടെ വിൽപ്പനയിൽ വലിയ കുറവ് സംഭവിക്കുന്ന ട്രെൻഡാണ് കാണാനാവുന്നത്. 6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് വേണ്ട പരിഗണന ഇന്ത്യക്കാർ ഇപ്പോഴും നൽകുന്നില്ലെന്നത് ശരിക്കും നിരാശയുളവാക്കുന്ന കാര്യമാണ്.
നല്ല ബിൽഡ് ക്വാളിറ്റിയും മോഡേൺ ഫീച്ചറുകളും മിടുക്കൻ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാം അൽകസാറിൽ മാത്രം ലഭിക്കുന്ന കാര്യങ്ങളാണ്. ഒന്നാം തലമുറയെ അപേക്ഷിച്ച് കൂടുതൽ മിടുക്കനായെങ്കിലും ആളുകൾ എന്തുകൊണ്ടോ അൽകസാറിലേക്ക് അടുക്കുന്നില്ല. മഹീന്ദ്ര സ്കോർപിയോ N പോലുള്ള വമ്പൻമാരോട് പിടിച്ചുനിൽക്കാൻ സാധിക്കുന്ന എല്ലാ സംഭവങ്ങളും ഉൾപ്പെട്ടിട്ടും അൽകസാറിന് ശോഭിക്കാനാവുന്നില്ല.

എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ 4 വേരിയൻ്റുകളിൽ വിപണയിലെത്തുന്ന ഹ്യുണ്ടായി അൽകസാറിന് 14.50 ലക്ഷം രൂപ മുതൽ 21.21 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ സെഗ്മെൻ്റിൽ ലഭിക്കുന്ന ഏറ്റവും ഫീച്ചർ റിച്ചായ മോഡലാണ് അൽകസാർ. സ്കോർപിയോ N പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണെങ്കിലും നല്ല എഞ്ചിനും ഗിയർബോക്‌സ് കോമ്പിനേഷനും അൽകസാറിലുണ്ട്.
1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവി വിപണനത്തിന് എത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ അൽകസാറിലെ പെട്രോൾ എഞ്ചിന് 158 bhp കരുത്തും 253 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഡീസൽ എഞ്ചിൻ 114 bhp പവറിൽ 250 Nm ടോർക്ക് വരെയും നൽകാൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ കോമ്പിനേഷനുകൾ.

ഹ്യുണ്ടായി അൽകസാറിന്റെ ടർബോ പെട്രോൾ എഞ്ചിൻ 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്ററും മാനുവൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമാണ് വണ്ടിക്കുള്ളത്. അതിനാൽ മൂന്ന് വരികളിലും മാന്യമായ സ്പേസ് അൽകസാറിന് നൽകാനാവുന്നുണ്ട്.
വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നീ മോഡൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








