ക്രെറ്റയും വെന്യുവുമല്ല! 2026 സാമ്പത്തിക വർഷം ഹ്യുണ്ടായിക്ക് ഏറ്റവും ലാഭം നേടിക്കൊടുത്തത് 6 ലക്ഷത്തിന്റെ കാർ
പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നതോടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് വാഹന നിർമാതാക്കളെല്ലാം. കഴിഞ്ഞ വർഷം ഉണ്ടായ നഷ്‌ടങ്ങളെല്ലാം ഇതിലൂടെ മറികടക്കാനാവുമെന്നാണ് കമ്പനികൾ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും വരുന്ന മെയ് മാസം മുതൽ കാറുകൾക്ക് വില ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 2025-26 സാമ്പത്തിക വർഷത്തിൽ ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റ എസ്‌യുവിയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ കൂടുതൽ വളർച്ചയുണ്ടായത് ക്രെറ്റയ്ക്ക് അല്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല.
എന്നാൽ വെന്യുവായിരിക്കുമെന്ന് കരുതിയാലും ഉത്തരം തെറ്റും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയെടുത്ത് ഹ്യുണ്ടായിയുടെ കോംപാക്‌ട് സെഡാനായ ഓറയാണ്. എസ്‌യുവികളെയെല്ലാം ഏറെ പിന്നിലാക്കിയാണ് ത്രീ ബോക്‌സ് ടൈപ്പ് വാഹനം ഈയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ കാറിന്റെ 68,066 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

2025 സാമ്പത്തിക വർഷത്തിൽ നിരത്തിലെത്തിച്ച 54,945 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ വാർഷിക വിൽപ്പനയിൽ ഹ്യുണ്ടായി ഓറയ്ക്ക് 24 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിക്കാനായിരിക്കുന്നത്. ക്രെറ്റയ്ക്ക് നാല് ശതമാനം മാത്രമാണ് അധികം വിൽക്കാനായത്. അതേസമയം കോംപാക്‌ട് എസ്‌യുവിയായ വെന്യുവിന്റെ വിൽപ്പനയിൽ 1 ശതമാനത്തിന്റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓറയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് വണ്ടറടിച്ചിരിക്കുകയാണ് സാക്ഷാൽ ഹ്യുണ്ടായിയും. നല്ല കാറായിരുന്നിട്ടും തുടക്കകാലത്ത് അധികമാരും മൈൻഡ് ചെയ്‌തിരുന്നില്ലെന്ന സങ്കടം ഇതോടെ കമ്പനിക്ക് മാറിയിട്ടുണ്ടാവാം. സിഎൻജി, പെട്രോൾ രൂപങ്ങളിൽ ലഭിക്കുന്ന ഹ്യുണ്ടായി ഓറ രാജ്യത്തെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ മാരുതി ഡിസയറിന് കനത്ത വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് കരുതാം.

സുഖം, സൗകര്യം, സുരക്ഷ എന്നിവയെല്ലാം ഒത്തിണങ്ങിയ ഓറയ്ക്ക് നിലവിൽ 6 ലക്ഷം മുതൽ 8.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൻ ഫീച്ചറുകളോടെ വരുന്നതിനാൽ കൊടുക്കുന്ന പൈസ വസൂലാണിവിടെ.
എസ്‌യുവികളേക്കാൾ മികച്ച യാത്രാസുഖവും ലഗേജ് സ്പേസും കൂടിയാവുമ്പോൾ ഏതുതരം ഫാമിലിക്കും കണ്ണുംപൂട്ടി ഇവനെ വാങ്ങിക്കാം. 1.2 ലിറ്റർ കപ്പ സീരീസ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന് തുടിപ്പേകാനായി എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി വരുന്ന എഞ്ചിന് 82 bhp പവറിൽ പരമാവധി 114 Nm ടോർക്ക് വരെ നൽകാനാവും. പെട്രോളിനൊപ്പം സിഎൻജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സാധാരണ പോലെ പെർഫോമൻസിൽ കുറച്ച് ലാഗുണ്ടാവുമെന്ന് മാത്രം. സിഎൻജിയിൽ ഓടുമ്പോൾ ഓറയ്ക്ക് 68 bhp കരുത്തിൽ 95 Nm ടോർക്ക് മാത്രമാണ് വികസിപ്പിക്കാനാവുക. മാനുവൽ ട്രാൻസ്മിഷൻ മാത്രം ലഭിക്കുന്ന ഈ വേരിയൻ്റിന് 28 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും ലഭിക്കും. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്.
സേഫ്റ്റിയുടെ കാര്യത്തിലും വാഹനം മോശക്കാരനൊന്നുമല്ലെന്നതും വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളെല്ലാം ഹ്യുണ്ടായി ഓറയിൽ കുത്തിനിറച്ചിട്ടുണ്ട്.


Click it and Unblock the Notifications








