5,700 രൂപ കൂട്ടിയിട്ടും 6 ലക്ഷത്തിന് വാങ്ങിക്കാവുന്ന ഒന്നാന്തരം ഫാമിലി കാർ, ഹ്യുണ്ടായി സെഡാന്റെ പുതിയ വില
കാറുകൾക്ക് വില കൂട്ടുന്ന തിരക്കിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. വാഹന നിർമാണത്തിനായുള്ള ഇൻപുട്ട് ചെലവുകൾ ഹ്യുണ്ടായിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന സാഹചര്യത്തിലാണ് വില പരിഷ്ക്കാരം നടപ്പിലാക്കുന്നതെന്ന് നേരത്തെ ബ്രാൻഡ് അറിയിച്ചിരുന്നു. ആഘാതത്തിന്റെ ഒരു ഭാഗം മാത്രമേ ഉപഭോക്താക്കൾക്ക് കൈമാറുന്നുള്ളൂവെന്ന് കമ്പനി പ്രത്യേകം പറയുന്നുണ്ട്. ഇതോടെ 2026 ജൂൺ 1 മുതൽ കാറുകൾക്ക് പുതിയ വിലകൾ കൊടുക്കേണ്ടി വരുന്നുണ്ട്. ഹ്യുണ്ടായിയുടെ ഫാമിലി കോംപാക്‌ട് സെഡാനായ ഓറയ്ക്ക് ഇനി മുതൽ എത്ര അധികം മുടക്കേണ്ടി വരുമെന്ന് വിശദമായി നോക്കിയാലോ?
ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസയർ, ടാറ്റ ടിഗോർ പോലുള്ള കോംപാക്‌ട് സെഡാനുകൾ അരങ്ങുവാഴുന്ന സെഗ്മെന്റിൽ എത്തുന്ന ഓറ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിൽ മികച്ചുനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് കാറിന്റെ വില വർധിപ്പിക്കുന്നത്. എങ്കിലും നാല് മീറ്ററിൽ താഴെയുള്ള സെഡാന്റെ വിലയിൽ 5,700 രൂപയുടെ പരിഷ്ക്കാരമാണ് നടപ്പിലാക്കിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ്.

ഹ്യുണ്ടായി ഓറ S പെട്രോൾ മാനുവൽ, SX പെട്രോൾ മാനുവൽ, S സിഎൻജി മാനുവൽ, കോർപ്പറേറ്റ് സിഎൻജി മാനുവൽ, SX (O) പെട്രോൾ മാനുവൽ, SX+ പെട്രോൾ എഎംടി, SX സിഎൻജി മാനുവൽ വേരിയന്റുകൾക്കാണ് 5,700 രൂപ ഇനി അധികം മുടക്കേണ്ടി വരിക. അതേസമയം കാറിന്റെ മറ്റെല്ലാ വകഭേദങ്ങളുടെയും വിലകൾ അതായത് E പെട്രോൾ മാനുവൽ, കോർപ്പറേറ്റ് പെട്രോൾ മാനുവൽ, E സിഎൻജി മാനുവൽ, S പെട്രോൾ എഎംടി എന്നിവ മാറ്റമില്ലാതെ തുടരുന്നു.
ഈ പരിഷ്ക്കരണത്തോടെ മാരുതി ഡിസയറിന്റെ എതിരാളിക്ക് 6 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായി ഓറയിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശരിക്കും പറഞ്ഞാൽ വില കൂട്ടിയെങ്കിലും 10 ലക്ഷം രൂപയിൽ താഴെ ലഭ്യമാവുന്ന മികച്ച ഫാമിലി സെഡാനുകളിൽ ഒന്നാണിത്. അതും നല്ല ഫീച്ചറുകളെല്ലാം കുത്തിനിറച്ച് കിട്ടുമ്പോൾ കണ്ണുംപൂട്ടി വാങ്ങിക്കാനാവും.

സുഖം, സൗകര്യം, സുരക്ഷ എന്നിവയെല്ലാം ഒത്തിണങ്ങിയ ഓറ വാങ്ങിയവരാരും ഇതുവരെ നിരാശപ്പെട്ടിട്ടില്ലെന്നതും വാങ്ങാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. 1.2 ലിറ്റർ കപ്പ സീരീസ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 82 bhp പവറിൽ പരമാവധി 114 Nm ടോർക്ക് വരെ നൽകാനും ശേഷിയുണ്ട്.
പെട്രോളിനൊപ്പം സിഎൻജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയാറുള്ളവർക്കും മൈലേജ് വലിയൊരു തലവേദയായി കണക്കാക്കുന്നവർക്കും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വലിയ ആശ്വാസമാണ് നൽകുക. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഓറയ്ക്ക് 68 bhp കരുത്തിൽ 95 Nm ടോർക്ക് മാത്രമാണ് ഉത്പാദിപ്പിക്കാനാവുന്നത്. മാനുവൽ ട്രാൻസ്മിഷൻ മാത്രം ലഭിക്കുന്ന ഈ വേരിയൻ്റിന് 28 കി.മീ. മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളും ഓറയുടെ ഭാഗമാണെന്ന കേട്ടാൽ ആരായാലും അത്രവേഗം വിശ്വസിച്ചെന്ന് വരില്ല.
ഡിസൈനിന്റെ കാര്യത്തിലാണ് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടാവുന്നത്. പരമ്പരാഗത സ്റ്റൈൽ പൊളിച്ചെഴുതിയിരിക്കുന്ന പിൻസ്റ്റൈലിംഗ് ആളുകൾക്ക് അത്രവേഗം ദഹിക്കാനിയിട്ടില്ല. എങ്കിലും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൻ ഫീച്ചറുകളും ഹ്യുണ്ടായി ഓറയിൽ ലഭ്യമാണ്.


Click it and Unblock the Notifications