ആഞ്ഞുപിടിച്ചിട്ടും സിയറയ്ക്കും വിക്‌ടോറിസിനും പറ്റിയില്ല! സെഗ്മെൻ്റിലെ രാജാവായി വീണ്ടും ഹ്യുണ്ടായി ക്രെറ്റ
രാജ്യത്ത് ഏറ്റവും മത്സരം നടക്കുന്ന സെഗ്മെൻ്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കിയും ഹ്യുണ്ടായിയും കിയയും ടൊയോട്ടയും ഹോണ്ടയും സിട്രണും ഫോക്‌സ്‌വാഗണും സ്കോഡയും ടാറ്റ മോട്ടോർസുമെല്ലാം മത്സരിക്കുന്ന വിഭാഗത്തിലെ മത്സരം കാണാൻ തന്നെയൊരു ചേലാണ്. ഏറെക്കാലമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നിരയിലെ ക്രെറ്റ എസ്‌യുവിയാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. വമ്പൻമാരെല്ലാം ഒത്തുപിടിച്ചിട്ടും ക്രെറ്റയെ ഭയപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഒടുവിൽ മാരുതി വിക്ടോറിസും ടാറ്റ സിയറയും വരെ കളത്തിലിറങ്ങിയിട്ടും ക്രെറ്റയെ പൂട്ടാനായില്ല. 2026 ജനുവരിയിലെ വിൽപ്പനയിൽ ഒന്നാം കരസ്ഥമാക്കി ശക്തി തെളിയിക്കാൻ ഹ്യുണ്ടായിക്ക് വീണ്ടും സാധിച്ചു.
17,921 യൂണിറ്റുകളുടെ വിൽപ്പനയോടെ ടാറ്റ സിയറ, മാരുതി വിക്ടോറിസ്, ന്യൂജെൻ കിയ സെൽറ്റോസ് തുടങ്ങിയ പുതിയ എതിരാളികളേക്കാൾ ക്രെറ്റ മുന്നിലെത്തി. വിക്ടോറിസിൻ്റെ 15,240 യൂണിറ്റുകളും സിയറയുടെ 7,003 യൂണിറ്റുകളും ഇന്ത്യൻ നിരത്തിലെത്തിയപ്പോൾ സെൽറ്റോസിൻ്റെ 10,918 യൂണിറ്റുകളാണ് കിയ വിപണനം ചെയ്‌തത്. കൃത്യമായ ഇടവേളകളിൽ എസ്‌യുവിയിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതാണ് ക്രെറ്റയുടെ വിജയത്തിൻ്റെ പ്രധാന കാരണം.

2025 കലണ്ടർ വർഷത്തിൽ 2 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒരു കലണ്ടർ വർഷത്തിൽ ഹ്യുണ്ടായിയുടെ എസ്‌യുവി നേടുന്ന എക്കാലത്തെയും മികച്ച വിൽപ്പന കണക്കുകൾ കൂടിയാണിത്. ആഭ്യന്തര വിപണിയിൽ ഓരോ ദിവസവും 550 ക്രെറ്റകൾ വിൽക്കുന്നുവെന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ക്രെറ്റ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി പേരെടുക്കുകയും ചെയ്‌തിട്ടുണ്ട്.
E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയൻ്റുകളിൽ വിപണിയിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിക്ക് നിലവിൽ 10.73 ലക്ഷം രൂപ മുതൽ 20.20 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഒപ്പം പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ തുടങ്ങിയ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളിലും ഹ്യുണ്ടായിയുടെ മിടുക്കനെ സ്വന്തമാക്കാനാവും.

ഹ്യുണ്ടായി ക്രെറ്റയിലെ ആദ്യത്തെ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മറുവശത്ത് 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ 116 bhp കരുത്തിൽ 250 Nm ടോർക്ക് വരെയും 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോളാണെങ്കിൽ 160 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെയും വികസിപ്പിക്കുമെന്ന് കമ്പനി പറയുന്നു.
ഇന്റേണൽ കമ്പഷൻ എഞ്ചിനുകൾക്ക് പുറമെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും ഇപ്പോൾ വിപണിയിലുണ്ട്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ ക്രെറ്റ ഇവി യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ഇവി മോഡൽ കാര്യമായ രീതിയിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും വൈദ്യുത വാഹന രംഗത്ത് ഹ്യുണ്ടായിയുടെ പേര് വളർത്താൻ സഹായിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ വലിയ അകമ്പടിയും ക്രെറ്റയെ ആളുകളിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ 2 ADAS പോലുള്ള സവിശേഷതകളെല്ലാം ഇതിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.
സുരക്ഷക്കായി ലെവൽ 2 ADAS ടെക്കിനൊപ്പം 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി ക്രെറ്റയുടെ ടോപ്പ് വേരിയൻ്റുകളിൽ ഒരുക്കിയിട്ടുണ്ട്. എന്തായാലും സെഗ്മെൻ്റിൽ ലീഡ് നിലനിർത്താനായത് ക്രെറ്റക്ക് ആശ്വാസകരമാണ്.


Click it and Unblock the Notifications








