കുത്തിയിട്ട് സമയം പോവില്ല! 39 മിനിറ്റിൽ 80 ശതമാനം ചാർജാവും, ഇവിയിലേക്ക് യമണ്ടൻ മാറ്റവുമായി ഹ്യുണ്ടായി
പുതിയൊരു ഇവി വാങ്ങാൻ പോവുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാവും ചാർജിംഗുമായി ബന്ധപ്പെട്ടത്. പബ്ലിക് ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും പരിമിതമായ ഇന്ത്യ പോലൊരു രാജ്യത്ത് പക്ഷേ വൈദ്യുത വാഹനങ്ങൾക്ക് പ്രചാരമേറിവരികയാണ്. ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്കെല്ലാം പൊതുനിരത്തിൽ സമയം പോവുന്ന കാര്യമാണ് ഇവി ചാർജ് ചെയ്യുന്നത്. ഇതോർക്കുമ്പോൾ തന്നെ ആളുകൾ വൈദ്യുത വാഹനങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ടോപ്പ് സെല്ലിംഗ് മോഡലായ ക്രെറ്റയെ വരെ വൈദ്യുതീകരിച്ച് വിപണിയിലെത്തിച്ചത് കഴിഞ്ഞ വർഷമായിരുന്നു.
വേണ്ടവിധത്തിൽ ഹിറ്റായില്ലെങ്കിലും മോഡൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട്. ചാർജിംഗിൻ്റെ കാര്യത്തിൽ ആശങ്കയുള്ളവരെ ക്രെറ്റ ഇവിയിലേക്ക് ആകർഷിക്കുവാനായി കിടിലനൊരു അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇലക്ട്രിക് എസ്‌യുവി വേഗത്തിൽ ചാർജ് ചെയ്യാനുള്ള ട്രിക്കുമായിട്ടാണ് കമ്പനി അവതരിച്ചിരിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഇപ്പോൾ 100 kW വരെ വേഗമുള്ള ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇത് പബ്ലിക് ഫാസ്റ്റ് ചാർജറുകളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ ഉടമകളെ സഹായിക്കുന്ന കാര്യമാണ്. ഇതുവരെ 50 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണച്ചിരുന്ന ഈ ഇലക്ട്രിക് വാഹനം ഏകദേശം 58 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ മാത്രമാണ് സാധിച്ചിരുന്നത്. എന്നാൽ 100 kW ഡിസി ഫാസ്റ്റ് ചാർജിംഗ് വഴി ഇപ്പോൾ വെറും 39 മിനിറ്റിൽ ഇവി 10-80 ശതമാനം ചാർജ് ചെയ്യാം.
ഇലക്ട്രിക് എസ്‌യുവിക്കായുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ വേഗത്തിലുള്ള ചാർജിംഗ് ശേഷി ക്രെറ്റയിലേക്ക് വന്നെത്തിയിരിക്കുന്നത്. ഇത് നിലവിലുള്ള ക്രെറ്റ ഇലക്ട്രിക് ഉടമകൾക്ക് ഘട്ടം ഘട്ടമായി OTA അപ്‌ഡേറ്റ് വഴി ലഭ്യമാക്കുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയച്ചിരിക്കുന്നത്. ആയതിനാൽ ഹാർഡ്‌വെയർ മാറ്റങ്ങളൊന്നും ആവശ്യമായി വരികയില്ല. 20-30 ലക്ഷം രൂപ വിലയിൽ നിരവധി ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങുന്നതിനാൽ ഈ സെഗ്‌മെന്റ് വൻ മത്സരമാണ് നേരിടുന്നത്.

പുതിയ പരിഷ്ക്കാരത്തോടെ എതിരാളികളേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാൻ ക്രെറ്റ ഇവി സാധിക്കും. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ 4 വേരിയൻ്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 18.02 ലക്ഷം രൂപ മുതൽ 23.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളിലും മിടുക്കനായ ഇലക്ട്രിക് എസ്‌യുവി വാങ്ങിക്കാം.
ഇവിയിലെ ചെറിയ ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം ക്രെറ്റ ഇലക്ട്രിക്കിലെ 51.4 kWh ബാറ്ററി വേരിയൻ്റുകൾക്ക് ഫുൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെ സഞ്ചരിക്കാനുമാവും. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ലോംഗ് റേഞ്ച് വേരിയൻ്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും. അവിടെയാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഇപ്പോൾ 100 kW വരെ വേഗമുള്ള ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നത്. ഇതുവഴി 39 മിനിറ്റിൽ ഇവി 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നത് വളരെ ആശ്വാസകരമാണ്.
ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ സ്‌ക്രീനുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ സെൻ്റർ കൺസോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡിനുള്ള റോട്ടറി നോബ്, പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ്, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ, ADAS സ്യൂട്ട് തുടങ്ങിയ മോഡേൺ ഫീച്ചറുകളും കൂടിയാവമ്പോൾ ക്രെറ്റ ഇവി സെഗ്മെൻ്റിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.


Click it and Unblock the Notifications








